‘മലപ്പുറം ജില്ല ഒരു പ്രത്യേക രാജ്യമാണ്. തന്റെ സമുദായം പേടിച്ചാണ് ജീവിക്കുന്നത്. അവര്‍ക്ക് സ്വതന്ത്രവായു ശ്വസിക്കാന്‍ കഴിയുന്നില്ല, സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പേടിയാണ്. സ്വാതന്ത്ര്യം കിട്ടി ഇത്ര നാളായിട്ടും അതിന്റെ ഗുണഫലങ്ങളൊന്നും പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ല.’ മുസ്ലീം ഭൂരിപക്ഷ ജില്ലയായ മല പ്പുറത്തിന്റെ രൂപീകരണം മുതല്‍ സംഘപരിവാര്‍ ആരംഭിച്ച മുസ്ലീം വിരുദ്ധ വിദ്വേഷ പ്രചരണത്തിന്റെ അവസാന ഉദാഹരണമാണ് വെള്ളാപ്പള്ളി നടേശന്റെ ഈ പ്രസ്താവന.

വെള്ളാപ്പള്ളി നടേശന്‍
ഈഴവരില്‍ ഒരു വിഭാഗത്തെ പിടികൂടിയിട്ടുള്ള ഹൈന്ദവാഭിനിവേശമാണ് വെള്ളാപ്പള്ളിയുടെ ഇസ്ലാമോമോഫോബിയയ്ക്കു പിന്നിലുള്ളത്. കേരളത്തിലെ തദ്ദേശവാസികളായിരുന്ന ജനവിഭാഗങ്ങളില്‍ നായരെ ശൂദ്രരായി ഉയര്‍ത്തുകയും ഈഴവരും പുലയരുമുള്‍പ്പെട്ട മറ്റെല്ലാവരെയും അയിത്തജാതികളായി താഴ്ത്തുകയും ചെയ്തത് ബ്രാഹ്‌മണരാണ്.
19-ാം നൂറ്റാണ്ടില്‍, ബ്രിട്ടീഷ് ഭരണത്തിന്റെ ഫലമായി നിയമവാഴ്ച്ചയും പാര്‍ലമെന്ററി സമ്പ്രദായവും തിരഞ്ഞെടുപ്പും ഇന്ത്യയില്‍ പ്രചാരത്തില്‍ വന്നു. ബ്രിട്ടീഷുകാര്‍ക്കൊപ്പം ഇന്ത്യയിലെത്തിയ യൂറോപ്പ്യന്‍ അറിവൊളി (European Enlightenment)യുടെ ആശയങ്ങള്‍ സ്വാതന്ത്ര്യം, സമത്വം, മനുഷ്യാവകാശം – ഇന്ത്യയിലെ അയിത്ത ജാതികളില്‍ പുതിയൊരു ‘തന്നുണര്‍വ്’ (Self-consciounsess) സൃഷ്ടി ച്ചു.
നൂറ്റാണ്ടുകളായി അയിത്തത്തിന്റെ നുകം അനുസരണയോടെ പേറിയ മനുഷ്യരുടെ ‘തന്നില’ (self)-യില്‍ ബ്രിട്ടീഷ് ഭരണം വലിയൊരു പൊട്ടിത്തെറിയാണുണ്ടാക്കിയത്. പ്രകൃതിദത്തവും ദൈവീകവുമാണ് ജാതിയെന്ന് വിശ്വസിച്ചുപോന്ന മര്‍ദ്ദിതജാതി മഹാഭൂരിപക്ഷം അതിനെ വിമര്‍ശാത്മകമായി കാണാന്‍ തുടങ്ങി.
‘സ്വാഭാവികവും ദൈവീകവുമായ ജാതി’ എന്ന ആശയം സവര്‍ണ ന്യൂനപക്ഷം സൃഷ്ടിച്ച നുണയാണെന്നും ജാതിവ്യവസ്ഥയെ മാറ്റാന്‍ കഴിയുമെന്നും ചരിത്രത്തിലാദ്യമായി അവര്‍ തിരിച്ചറിഞ്ഞു. നൂറ്റാണ്ടുകളായി ജാതി-വംശീയത അടിച്ചേല്‍പ്പിച്ച അയിത്തച്ചങ്ങലകള്‍ പൊട്ടിച്ചെറിയാനുള്ള ശ്രമങ്ങള്‍ 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ഇന്ത്യയില്‍ മിക്ക നാടുകളിലുമുണ്ടായി.

നാരായണഗുരു, മഹാത്മ ഫൂലെ
അയിത്തത്തിനും ബ്രാഹ്‌മണിസത്തിനുമെതിരായ ഇന്ത്യന്‍ അറിവൊളിയുടെ കനല്‍ ആദ്യമായി ഊതിക്കത്തിച്ചത് മഹാരാഷ്ട്രയില്‍ മഹാത്മ ഫൂലെയായിരുന്നു. തുടര്‍ന്ന് ഹരിശ്ചന്ദ് താക്കൂര്‍, നാരായണഗുരു, അയ്യന്‍കാളി, പെരിയോര്‍, അയോത്തി ദാസ്. മംഗുറാം തുടങ്ങിയവര്‍ ബംഗാള്‍, കേരളം, തമിഴ്നാട്, പഞ്ചാബ് എന്നിവിടങ്ങളില്‍ ജാതിവിരുദ്ധ അറിവൊളി പോരാട്ടങ്ങള്‍ക്കു തുടക്കംകുറിച്ചു.

പെരിയോര്‍
ബ്രിട്ടീഷുകാര്‍ കൊണ്ടു വന്ന നിയമവാഴ്ചയുടെയും അയിത്തജാതികളുടെ പുതിയ തന്നുണര്‍വിന്റെയും പശ്ചാ ത്തലത്തില്‍ ബ്രാഹ്‌മണിസം വലിയ വെല്ലുവിളി നേരിട്ടു. രാഷ്ട്രീയാധികാരത്തിന്റെ മാനദണ്ഡം തെരഞ്ഞെടുപ്പ് വിജയമാണെന്നു വന്നതോടെ സംഖ്യാബലം സവര്‍ണര്‍ക്കു ഭീഷണിയായി.
‘സ്വാഭാവികവും ദൈവീകവുമായ ജാതി’ എന്ന ആശയം സവര്‍ണ ന്യൂനപക്ഷം സൃഷ്ടിച്ച നുണയാണെന്നും ജാതിവ്യവസ്ഥയെ മാറ്റാന്‍ കഴിയുമെന്നും ചരിത്രത്തിലാദ്യമായി അവര്‍ തിരിച്ചറിഞ്ഞു.
ആളെണ്ണത്തില്‍ നിസ്സാരന്യൂനപക്ഷമായ സവര്‍ണര്‍ ഇക്കാലമത്രയും അതിജീവിച്ചത് അയിത്ത ഭൂരിപക്ഷത്തെ അജ്ഞതയിലും കര്‍മധര്‍മപേടിയിലും ആഴ്ത്തിക്കൊണ്ടായിരുന്നു. പക്ഷെ, ബ്രിട്ടീഷ് ഭരണം സൃഷ്ടിച്ച പുതിയ സാഹചര്യം സവര്‍ണരുടെ പരമ്പരാഗതമായ അതിജീവനത്തെ അസാധ്യമാക്കി.
സ്വന്തം വോട്ടുകൊണ്ട് സവര്‍ണര്‍ക്ക് ഇന്ത്യയിലെ ഒരുപഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാനാവില്ല. ജയിക്കണമെങ്കില്‍ അയിത്ത ജാതികളുടെ വോട്ടുവേണം. തന്നുണര്‍വ് നേടിയ അയിത്ത ജാതികള്‍ സവര്‍ണര്‍ക്ക് വോട്ടു ചെയ്യാനിടയില്ല.
സവര്‍ണരുടെ ‘സവര്‍ണത’യേയും അവര്‍ണരുടെ ‘അവര്‍ണത’യേയും മറയ്ക്കാന്‍ കഴിയുന്ന ഒരു ‘മതമുദ്ര’ (religious identity)യെക്കുറിച്ചുള്ള സവര്‍ണന്യൂനപക്ഷത്തിന്റെ അന്വേഷണമാണ് ‘ഹിന്ദു’ എന്ന തട്ടിപ്പിന്റെ (Hindu hoax) ആവിര്‍ഭാവത്തിനു പിന്നിലുള്ളത്.
20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പിറന്ന ‘ഹിന്ദു’വിന് അയിത്ത ജാതികളില്‍ ഒരുവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനും കഴിഞ്ഞു. ‘സവര്‍ണരും അവര്‍ണരും അടങ്ങുന്ന ഹിന്ദു’ എന്ന മിഥ്യയുടെ നുകം തന്നുണര്‍വില്ലാത്ത അവര്‍ണര്‍ സ്വന്തം തോളിലേറ്റി.

ജോസഫ് കോണ്‍റാഡ് / ഹാര്‍ട്ട് ഓഫ് ഡാര്‍ക്‌നെസ്സ്
ഇത് നമ്മെ ഓര്‍മിപ്പിക്കുന്നത് ജോസഫ് കോണ്‍റാഡിന്റെ ‘ഹാര്‍ട്ട് ഓഫ് ഡാര്‍ക്ക്നെസ്’ (Heart of Darkness-1899) എന്ന നോവ ലിലെ മാര്‍ലോവിന്റെ മനോഗതിയെയാണ്. യൂറോപ്പ്യന്‍ കൊളോണിയലിസത്തിന്റെ കൊടിയ അടിച്ചമര്‍ത്തലിനിരയായിട്ടും മാര്‍ലോവിന് അതിനെ വെറുക്കാനും എതിര്‍ക്കാനും കഴിയുന്നില്ല. മാര്‍ലോവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും നിന്ദ്യമായ ഒരു പ്രതിഭാസമാണ് കൊളോണിയലിസം. എന്നാല്‍ നിന്ദ്യമായതിനോട് മാര്‍ലോവിന് തോന്നുന്ന വികാരം അഭിനിവേശമാണുതാനും! (Fascination of the Abomination)
ഇന്ത്യയിലെ എല്ലാ അയിത്തജാതികളുമെന്നപോലെ, കേരളത്തിലെ ഈഴവരും ഏറ്റവും നിന്ദ്യമായി കാണേണ്ട ഒന്നാണ് ‘ഹിന്ദു’ എന്നത്. തന്നുണര്‍വും തന്‍മതിപ്പുമുള്ള ഏതൊരു ഈഴവനും ‘ഹിന്ദു’ എന്ന തട്ടിപ്പുമുദ്രയെ അങ്ങേയറ്റം ജുഗുപ്സാവ ഹവും നിന്ദ്യവുമായി കാണേണ്ടതാണ്.

വെള്ളാപ്പള്ളി നടേശന്‍
എന്നാല്‍, തന്‍മതിപ്പി(self pride)ല്ലാത്ത ഒരു വിഭാഗം ഈഴവര്‍, ഹിന്ദു എന്ന നിന്ദ്യതയോട് കാണിക്കുന്ന അഭിനിവേശം ലജ്ജാവഹമാണ്. ഈ ഈഴവരുടെ പ്രതിനിധിയാണ് വെള്ളാപ്പള്ളി നടേശന്‍. അയിത്തജാതികളെ ‘ഹിന്ദു’വിന്റെ മായക്കാഴ്ചയില്‍ ഭ്രമിപ്പിക്കുന്നതിനു വേണ്ടി സവര്‍ണര്‍ ആവിഷ്‌കരിച്ച ക്രൂരമായ ഒരു തന്ത്രമാണ്, ഇസ്‌ലാം എന്ന പൊതുശത്രുവിന്റെ ചിത്രം.
തങ്ങളുടെ യഥാര്‍ത്ഥ ശത്രു സവര്‍ണരാണെന്ന് അവര്‍ണമഹാഭൂരിപക്ഷം തിരിച്ചറിയുന്ന നിമിഷം തകരുന്നതാണ് ഹിന്ദുയിസം. യഥാര്‍ത്ഥ ശത്രുവിനെക്കുറിച്ച് അവര്‍ണരില്‍ ഉണ്ടാകാവുന്ന തന്നുണര്‍വിനെ കെടുത്താന്‍ എന്താണ് വഴി? ഒരു പൊതു ശത്രു എന്ന പേടി സൃഷ്ടിക്കുക. അങ്ങനെ പേടിച്ചുഴലുന്ന അവര്‍ണരോട് ഇസ്‌ലാമിനെ ചുണ്ടി ഇതാ നിങ്ങളെ പേടിപ്പിക്കുന്ന പൊതു ശത്രു എന്ന് പ്രഖ്യാപിക്കുക. ഈ പേടി ക്രമേണ ക്രൂരമായ ഇസ്‌ലാം വിദ്വേഷമായിമാറുകയും ചെയ്യും.

തൊഴിലാളികളെ രക്ഷിക്കുന്നതിനിടയില്‍ മാന്‍ഹോളില്‍ വീണ് മരണപ്പെട്ട നൗഷാദിന്റെ ഓര്‍മക്കായി കോഴിക്കോട് പാവങ്ങാട് നിര്‍മിച്ച ബസ് സ്റ്റോപ്പ്
ഏതാനും കൊല്ലങ്ങള്‍ക്കുമുമ്പ് കോഴിക്കോട്ട്, അഴുക്കുചാലിലെ മാന്‍ഹോളില്‍ അപകടത്തില്‍പെട്ട രണ്ട് ആന്ധ്രപ്രദേശ് തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഓട്ടോതൊഴിലാളിയായ നൗഷാദ് മരണമടഞ്ഞു. ഫയര്‍ഫോഴ്സാണ് മൂന്നു പേരുയേടും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ജീവനുവേണ്ടിയുള്ള നിലവിളിക്കുമുമ്പില്‍, സ്വന്തം ജീവനെപ്പോലും കൂസാതെ മാന്‍ ഹോളിലിറങ്ങിയ നൗഷാദിന്റെ ധീരമായ അന്‍പിനോടുള്ള ആദരസൂചകമായി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു.
അന്ന് വെള്ളാപ്പള്ളിയിലെ ‘ഹിന്ദു’വിന്റെ ക്രൂരമായ മനസ് നാം കണ്ടതാണ്. ‘നൗഷാദിന് ധനസഹായം നല്‍കിയത് മുസ്‌ലിമായതുകൊണ്ട്, മരിക്കണമെങ്കില്‍ മുസ്‌ലിമായി മരിക്കണം’ ഇതായിരുന്നു വെള്ളാപ്പള്ളിയുടെ പൈശാചിക പ്രതികരണം.
ഇന്ത്യയിലെ എല്ലാ അയിത്തജാതികളുമെന്നപോലെ, കേരളത്തിലെ ഈഴവരും ഏറ്റവും നിന്ദ്യമായി കാണേണ്ട ഒന്നാണ് ‘ഹിന്ദു’ എന്നത്.
വെള്ളാപ്പള്ളി ഉള്‍പ്പടെ ഒരു വിഭാഗം ഈഴവര്‍ക്ക് ‘ഹിന്ദു’ എന്ന നിന്ദ്യതയോട് ഇത്ര അഭിനിവേശം തോന്നാനുള്ള കാരണം എന്താണ്? സ്വന്തം അയിത്ത ഭൂതകാലം ഇവരിലുണ്ടാക്കുന്നത് അപകര്‍ഷതയാണ്. അയിത്തജാതി എന്ന യാഥാര്‍ത്ഥ്യം അയിത്ത ജാതി മനുഷ്യരില്‍ വലിയ തന്‍മതിപ്പാണുണ്ടാക്കേണ്ടത്. കാരണം, അയിത്ത ജാതിക്കാര്‍ക്കു മാത്രമെ, ജാതിയുടെ നിര്‍മാര്‍ജകരായി മാറാന്‍ കഴിയുകയുള്ളു.
ഇന്ത്യയിലെ വിപ്ലവമെന്നാല്‍, ജാതിയുടെ നിര്‍മാര്‍ജനമാണ്. ഒരാള്‍ അടിമത്തജാതിക്കാരനായിരിക്കുക എന്നതിനര്‍ത്ഥം, വിപ്ലവകാരിയാവുക എന്നാണ്. ഇങ്ങനെയുള്ള തന്നുണര്‍വിനെ പേടിക്കുന്ന കെട്ട ഈഴവരാണ് തങ്ങള്‍ അയിത്ത ജാതിയല്ലെന്നും മധ്യജാതിയാണെന്നുമൊക്കെയുള്ള മിഥ്യാഭ്രമങ്ങള്‍ക്കടിപ്പെടുന്നത്. അയിത്തജാതി എന്ന സ്വന്തം വാസ്തവത്തെ മറച്ചുവെയ്ക്കുന്ന ഈഴവര്‍ ജാതിവ്യവസ്ഥയുടെ കൂലിപ്പട്ടാളക്കാരാവുകയാണ് ചെയ്യുന്നത്.
തങ്ങളുടെ യഥാര്‍ത്ഥ ശത്രു സവര്‍ണരാണെന്ന് അവര്‍ണമഹാഭൂരിപക്ഷം തിരിച്ചറിയുന്ന നിമിഷം തകരുന്നതാണ് ഹിന്ദുയിസം
കേരളത്തിലെ അയിത്തജാതികള്‍
ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്കു പുറത്തുള്ള ഒരു ‘അയിത്തജാതി’യാണ് ഈഴവരെന്ന് ലോകപ്രശസ്ത മനിതവിയലാളരും (anthropologist) ഈഴവനുമായ എ. അയ്യപ്പന്‍ രേഖപ്പെടുത്തുന്നു’. തിരുവിതാംകൂറിലെ തീണ്ടല്‍ ജാതികളുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. 30 തീണ്ടല്‍ ജാതികളെക്കുറിച്ച് പറയുന്നു. ആദിദ്രാവിഡര്‍, അരയര്‍, ചെക്കിലിയാന്‍, ഈഴവന്‍, പറയന്‍, പുലയന്‍, വേടന്‍ തുടങ്ങിയ ഈ 30 ജാതികള്‍ ദൃഷ്ട്ടിയില്‍ പെടാവുന്നവരാണ്. ദൃഷ്ടിയില്‍പെടാന്‍ പോലും പാടില്ലാത്ത ജാതികള്‍ വേറെയുമുണ്ടായിരുന്നു.
തീണ്ടല്‍ ദൂരം
തീണ്ടല്‍ ജാതിശരീരങ്ങള്‍ ‘അശുദ്ധവസ്തു’വായതിനാല്‍ അവര്‍ സവര്‍ണരില്‍ നിന്നും നിശ്ചിതമായ അകലം പാലിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. നായാടി 72 അടി, പുലയര്‍ 64 അടി, കണിശന്‍ (ജോത്സ്യന്‍) 36 അടി മുക്കുവര്‍ 24 അടി, ഈഴവന്‍ 36 അടി
കൊച്ചിരാജ്യത്തിലെ 1901-സെന്‍സസില്‍ തീണ്ടല്‍ ദൂരം രേഖപ്പെടുത്തിയിരുന്നു. കമ്മാളന്‍ 24 അടിയും ഈഴവന്‍, വാലന്‍, പാണന്‍, വേലന്‍, പറവന്‍ തുടങ്ങിയവര്‍ 36 അടിയും പുലയന്‍, പറയന്‍ തുടങ്ങിയവര്‍ 64 അടിയും തീണ്ടല്‍ ദൂരം പാലിക്കണം’

ടി. ശങ്കുണ്ണി മേനോന്‍
1911-ലെ സെന്‍സസ് ആകുമ്പോഴേക്ക് തീണ്ടല്‍ ദൂരത്തില്‍ ചില മാറ്റങ്ങള്‍ വരുന്നുണ്ട്. ഈഴവന്‍, കമ്മാളര്‍, പുള്ളുവര്‍ക്ക് 14 അടിയും മുക്കുവര്‍ക്ക് 32 അടിയും പുലയന് 64 അടിയും പറയന് 72 അടിയുമായിരുന്നു പുതിയ തീണ്ടല്‍ ദൂരം’, കൊച്ചി ദിവാനായിരുന്ന റ്റി. ശങ്കുണ്ണി മേനോന്‍ 21.01.1871-ന് തിരു-കൊച്ചി റസിഡന്റായ ജെ.എ. മിന്‍ചിനയച്ച കത്തില്‍ അയിത്ത ജാതികളുടെ അവശതകള്‍ വിവരിക്കുന്നതിങ്ങനെയാണ്;
1) മുന്നോക്കക്കാര്‍ ഉപയോഗിക്കുന്ന റോഡുകളില്‍ താണ ജാതിക്കാര്‍ കടക്കരുത്.
2) കോടതികളുടെയും പബ്ലിക് ഓഫീസുകളുടെയും ഒരു നിശ്ചിത പരിധിയ്ക്കുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല,
3) സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്നൊഴിവാക്കിയിരിക്കുന്നു,
4) പബ്ലിക്ക് സ്‌കൂളുകളില്‍ അവര്‍ക്ക് പ്രവേശനമില്ല.’






