അതി അതിദാരിദ്ര്യ നിമാര്‍ജനം പച്ചകള്ളം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശന്‍
Kerala
അതി അതിദാരിദ്ര്യ നിമാര്‍ജനം പച്ചകള്ളം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശന്‍
നിഷാന. വി.വി
Tuesday, 20th January 2026, 12:25 pm

തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ നിര്‍മാര്‍ജന സംസ്ഥാനമായി പച്ചകള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

പതിനഞ്ചാം നിയമസഭാ സമ്മേളനത്തിലെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

തെറ്റായ ഡോക്യുമെന്റാണ് ഗവണ്‍മെന്റിന്റെ നയപ്രഖ്യാപന പ്രസംഗം. ഒരു ഗവണ്‍മെന്റിന്റെ പരാജയം വരികള്‍ക്ക് ഇടയില്‍ മുഴച്ച് നില്‍ക്കുകയാണ്. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്ന് സമ്മതിക്കുന്നതാണ് നയപ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ നിന്ന് അന്‍പത്തി മൂവായിരം കോടി ലഭിക്കാനുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞ് നടന്നിരുന്നു ആ പറഞ്ഞിരുന്ന കാര്യങ്ങളൊന്നും നയരേഖയില്‍ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പറഞ്ഞ കാര്യങ്ങളൊന്നുമല്ല ഇപ്പോള്‍ പറയുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത തരത്തില്‍ ഏറ്റവും വലിയ വര്‍ഗീയ വാദം ഉയര്‍ത്തിയ മന്ത്രി സജി ചെറിയാനെ മന്ത്രി സഭയില്‍ ഇരുത്തി കൊണ്ടാണ് ഈ ഗവണ്‍മെന്റ് മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്നുള്ള അവകാശവാദം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം എന്ന പച്ചക്കള്ളം വീണ്ടും കൊട്ടിഘോഷിക്കുന്നത് കേരളത്തിലെ പാവങ്ങളോടുള്ള അനീതിയാണ്. ആ പ്രഖ്യാപനത്തിന് ശേഷം വീടും ഭക്ഷണവുമില്ലാത്ത നിരവധിയാളുകളുടെ കദന കഥകളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്,’ പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തില്‍ ആറ് ലക്ഷത്തോളം കുടുംബങ്ങള്‍ അതീവ ദരിദ്രരുടെ പട്ടികയില്‍ ഉള്ളപ്പോഴാണ് വളരെ കുറച്ച് ആളുകള്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുത്തുകൊണ്ട് അതിദാരിദ്രമുക്ത സംസ്ഥാനം എന്ന പേര് പറയുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ രംഗം മികച്ചതാണെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിലാണ്. 2026 ല്‍ മാത്രം ഒരു ലക്ഷത്തി ഇരുപതിനായിരം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.

അമീബിക്ക് മസ്തിഷ്‌ക ജ്വരം, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് അടക്കം ലോകത്തുള്ള എല്ലാ പകര്‍ച്ച വ്യാധികളുമുള്ള സംസ്ഥാനമായി കേരളം മാറിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൊണ്ട് വന്ന കാരുണ്യ പദ്ധതി ഇപ്പോഴും 1200 കോടി രൂപ കുടിശ്ശികയിലാണ്.

ഉന്നത് വിദ്യാഭ്യാസ രംഗം മികച്ച് നില്‍ക്കുന്നുവെന്നാണ് അവകാശവാദം. തകര്‍ന്ന് തരിപ്പണമായ നാല് വര്‍ഷ കോഴ്‌സുകളും ഉന്നത വിദ്യാഭ്യാസ രംഗവുമാണ് കേരളത്തിലുള്ളത്. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരില്ല, കോളേജുകളില്‍ പ്രിന്‍സിപ്പിള്‍മാരില്ല, കുട്ടികളെല്ലാം വിട്ട് പോവുകയാണ് അപ്പോഴാണ് ഉന്നതവിദ്യാഭ്യാസം മികച്ച് നില്‍ക്കുന്നുവെന്നുള്ള അവകാശവാദം ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും കുത്തിനിറച്ചതായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

‘കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മന്ത്രിയോ ഒരു രാഷ്ട്രീയ നേതാവോ നടത്താത്ത ഞെട്ടിക്കുന്ന പരാമര്‍ശമാണ് സജി ചെറിയാന്‍ നടത്തിയത്. രണ്ട് ജില്ലകളില്‍ ജയിച്ച് വന്നവരുടെ ജാതി നോക്കാനാണ് പറഞ്ഞത്. ഭരണഘടനയുടെയും സത്യപ്രതിജ്ഞാ ലംഘനവുമാണ് സജി ചെറിയാന്റെ പരാമര്‍ശം. മന്ത്രി സ്ഥാനത്തിരിക്കാന്‍ അദ്ദേഹം യോഗ്യനല്ല. ഭരണഘടനാ വിരുദ്ധമായി സംസാരിച്ചതിന് ഒരിക്കല്‍ ഇറങ്ങി പോയതാണ്. പറയിപ്പിക്കാനായി വീണ്ടും കൊണ്ട് വന്നത് വെച്ചതാണ്,’ വീ.ഡി സതീഷന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അറിവോടുകൂടി സി.പി.ഐ.എം പ്ലാന്‍ ചെയ്ത് നടത്തുന്ന വര്‍ഗീയ വാദത്തിന്റെ തുടര്‍
ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്താവന തിരുത്തിക്കനോ അത് തെറ്റാണെന്ന് പറയാനോ പ്രസ്താവന കഴിഞ്ഞ് ഇത്രയും മണിക്കൂറായിട്ടും തയ്യാറായില്ല എന്ന് പറയുന്നത് ഏറ്റവും ഞെട്ടിക്കുന്ന ഒരു വിവരമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വളരെ ഷോക്കിങ്ങായ ജഡ്ജ്‌മെന്റാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ശബരിമല ക്ഷേത്രത്തില്‍ സ്വര്‍ണപ്പാളികള്‍ സ്ഥാപിച്ച ദ്വാരപാലക ശില്പവും കട്ടിളപ്പാളികളും അടക്കമുള്ള അമൂല്യ വസ്തുക്കള്‍ 2019 ല്‍ സി.പി.ഐ.എം നേതൃത്വം നല്‍കിയ ബോര്‍ഡിന്റെ ഒത്താശയോടെ മുഴുവനായി മാറ്റിയെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ശബരിമലയിലെ അമൂല്യ ദ്വാരപാലക ശില്പവും കട്ടിളപ്പാളിയും മാറ്റി വ്യാജന്‍ സ്ഥാപിച്ചുവെന്നും ഏതോ കോടീശ്വരന് വിറ്റുവെന്നുമുള്ള പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് കോടതി വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടന അനുസരിച്ച് കാബിനറ്റ് അംഗീകരിക്കുന്ന പ്രസംഗമാണ് ഗവര്‍ണര്‍ വായിക്കേണ്ടത് മനപൂര്‍വ്വമായി അത് തിരുത്തുകയോ വായിക്കാതിരിക്കുകയോ ചെയ്യുന്നത് തെറ്റാണെന്നും അതിന് ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Content Highlight: Extreme poverty eradication is a blatant lie: V.D. Satheesan lashes out at the government

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.