കാബൂളില്‍ സ്‌ഫോടനം; ഏഴ് മരണം, നിരവധി പേര്‍ക്ക് പരിക്ക്
World
കാബൂളില്‍ സ്‌ഫോടനം; ഏഴ് മരണം, നിരവധി പേര്‍ക്ക് പരിക്ക്
രാഗേന്ദു. പി.ആര്‍
Monday, 19th January 2026, 10:14 pm

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടനം. എംബസികള്‍ അടക്കം സ്ഥിതി ചെയ്യുന്ന ഷെഹര്‍-ഇ-നൗ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്.

ഇന്ന് (തിങ്കള്‍) ഉച്ചയോടെ കാബൂളിലെ ഗോള്‍ഫ്രോഷി സ്ട്രീറ്റിലാണ് സംഭവം. ഷെഹര്‍-ഇ-നൗവിലെ ഒരു ചൈനീസ് ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് സ്‌ഫോടനം നടന്നത്. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ മേഖല കൂടിയാണിത്.

സ്‌ഫോടനത്തെ തുടര്‍ന്ന് ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. മരിച്ചവരില്‍ ചൈനീസ് പൗരനായ മുഹമ്മദ് അയൂബ് എന്നയാളും ഉള്‍പ്പെടുന്നു. 13 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്‌ഫോടനത്തിന് പിന്നാലെ തങ്ങളുടെ മേല്‍നോട്ടത്തിലുള്ള മെഡിക്കല്‍ കേന്ദ്രത്തില്‍ അപകടത്തിൽപെട്ട 20 പേരെ പ്രവേശിപ്പിച്ചതായി ഇറ്റാലിയന്‍ എന്‍.ജി.ഒ എമര്‍ജന്‍സി അറിയിച്ചു.


ഇവരില്‍ ഏഴ് പേര്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരില്‍ നാല് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍.ജി.ഒയുടെ അഫ്ഗാന്‍ ഡയറക്ടര്‍ ഡെജാന്‍ പാനിക് പറഞ്ഞു.

അപകടത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തില്‍ അന്വേഷണം ആരംഭിച്ചതായി താലിബാന്‍ ഭരണകൂടം അറിയിച്ചു.

Content Highlight: Explosion in Kabul; Seven dead, many injured

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.