കാലവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ ഡേറ്റ് മാറ്റി വില്‍പ്പന; റെയ്ഡില്‍ പിടിച്ചെടുത്തത് 75 ലക്ഷത്തിന്റെ ഭക്ഷ്യ വസ്തുക്കള്‍
India
കാലവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ ഡേറ്റ് മാറ്റി വില്‍പ്പന; റെയ്ഡില്‍ പിടിച്ചെടുത്തത് 75 ലക്ഷത്തിന്റെ ഭക്ഷ്യ വസ്തുക്കള്‍
നിഷാന. വി.വി
Tuesday, 1st September 2026, 2:14 pm

ന്യൂദല്‍ഹി: പ്രമുഖ ബ്രാന്‍ഡുകളുടെ കാലാവധി കഴിഞ്ഞതും വ്യാജവുമായ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് വന്‍ തട്ടിപ്പ്. പാക്കറ്റുകളിലെ നിര്‍മാണ തിയതിയും കാലാവധി തീരുന്ന തിയതും മാറ്റി അനധികൃതമായി ഭക്ഷ്യവസ്തുക്കള്‍ വിറ്റഴിക്കുന്ന സംഘത്തെ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തായിരിക്കുന്നത്.

മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്‌സും പൊലീസും നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായിരിക്കുന്നത്. നവി മുംബൈയിലെയും ദല്‍ഹിയിലെ നോയിഡയിലെയും 10 പ്രമുഖ കമ്പനികളിലാണ് എഫ്.ഡി.എ റെയ്ഡ് നടത്തിയത്.

ഓഗസ്റ്റ് 24 മുതല്‍ 29 വരെ താനെ, നവി മുംബൈ പൊലീസുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് 75 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന വ്യാജ ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. കാലാവധി കഴിഞ്ഞ ഉത്പ്പന്നങ്ങള്‍ ശേഖരിച്ച് പുതിയ നിര്‍മ്മാണ തീയതിയും എക്‌സ്‌പെയറി തീയതിയും നല്‍കി വീണ്ടും പാക്ക് ചെയ്യുകയായിരുന്നു ഇവരുടെ രീതി.

പാക്കറ്റിലെ പോഷക വിവരങ്ങള്‍ മാറ്റിമറിക്കാന്‍ പുതിയ സ്റ്റിക്കറുകളും ഇവര്‍ പതിപ്പിച്ചിരുന്നു.ലൈസ്, കുര്‍ക്കുറേ, തംസ് അപ്പ്, മാഗി, തുടങ്ങിയ റെഡി ടു ഈറ്റ് വസ്തുക്കളാണ് പിടിച്ചെടുത്തത്.

മുംബൈ ആസ്ഥാനമായുള്ള ഏഴ് സ്ഥാപനങ്ങളിലും നോയിഡയിലെ മൂന്ന് സ്ഥാപനങ്ങളിലുമാണ് പ്രധാനമായും തട്ടിപ്പ് കണ്ടെത്തിയത്. ഇതിന് പുറമെ തുര്‍ഭെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സാധന എന്റര്‍പ്രൈസസിന്റെ ലൈസന്‍സ് എഫ്.ഡി.എ സസ്‌പെന്‍ഡ് ചെയ്തു.

റെയ്ഡില്‍ ആകെ 4,942 കാര്‍ട്ടണ്‍ വ്യാജ ഉത്പ്പന്നങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. സാധാരണക്കാര്‍ വാങ്ങുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ മറവിലാണ് ഇത്തരത്തില്‍ ജീവന് തന്നെ ഭീഷണിയാകുന്ന ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാവുന്ന തട്ടിപ്പ് നടന്നത്.

വിപണിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ പാക്കറ്റിന്റെ ഗുണനിലവാരവും തീയതികളും കൃത്യമായി പരിശോധിച്ച് മാത്രം വാങ്ങണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.

 

Content Highlight: Expired products sold with altered dates; food items worth ₹75 lakh seized in raid.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.