ഒട്ടാവ: യു.എസ് ഭരണകൂടം കാനഡയുടെ പരമാധികാരത്തെ മാനിക്കുമെന്ന് പ്രതീക്ഷിക്കുവെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.
ആൽബെർട്ട പ്രവിശ്യയുടെ സ്വാതന്ത്ര്യം അവകാശപ്പെട്ട് യു.എസ് ഉദ്യോഗസ്ഥർ വിഘടനവാദികളുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഊർജം ഉത്പാദിപ്പിക്കുന്ന പടിഞ്ഞാറൻ പ്രവിശ്യയായ ആൽബെർട്ടയെ കാനഡയിൽനിന്നും വേർപ്പെടുത്താൻ ആൽബെർട്ട പ്രോസ്പെരിറ്റി പ്രൊജക്ടുമായി യു.എസ് ഉദ്യോഗസ്ഥർ മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതായി ഫിനാൻഷ്യൻ ടൈംസ് പറഞ്ഞു.
അമേരിക്കൻ ഭരണകൂടം കാനഡയുടെ പരമാധികാരത്തെ ബഹുമാനിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ആശയവിനിമയങ്ങളെ സംബന്ധിച്ച് തനിക്ക് എപ്പോഴും വ്യക്തതയുണ്ടെന്നും മാർക്ക് കാർണി പറഞ്ഞു.
ആൽബെർട്ട വിഘടനവാദത്തെക്കുറിച്ച് ട്രംപ് ഒരിക്കലും തന്നോട് ചോദ്യമുന്നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അമേരിക്കൻ ഭരണകൂടം കാനഡയുടെ പരമാധികാരത്തെ ബഹുമാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ആശയവിനിമയങ്ങളെ സംബന്ധിച്ച് എനിക്ക് എപ്പോഴും വ്യക്തതയുണ്ട്. ആൽബെർട്ട വിഘടനവാദത്തെക്കുറിച്ച് ട്രംപ് ഒരിക്കലും തന്നോട് ചോദ്യമുന്നയിച്ചിട്ടില്ല,’ മാർക്ക് കാർണി പറഞ്ഞു.
യു.എസ് ഭരണകൂടവുമായി കൂടിക്കാഴ്‌ച നടത്തിയതിന് ആൽബെർട്ടയിലെ ഒരു കൂട്ടം സ്വതന്ത്ര പ്രവർത്തകരെ രാജ്യദ്രോഹം നടത്തിയെന്നാരോപിച്ച് ബ്രിട്ടീഷ് കൊളംബിയയുടെ പ്രധാനമന്ത്രി ഡേവിഡ് എബി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കാർണിയുടെ പരാമർശം.
അമേരിക്കയുമായുള്ള സംഘർഷങ്ങൾക്കിടയിൽ കനേഡിയന്മാർ ഒരുമിച്ച് നിൽക്കണമെന്നും ഒരുമിച്ച് നിൽക്കാത്തത് അനുചിതമാണെന്നും ഡേവിഡ് എബി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കാനഡയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് പൊതുവെ എണ്ണ സമ്പന്നമായ പ്രവിശ്യയാണ് ആൽബെർട്ട. ഇവിടെ സ്വാതന്ത്ര്യ പ്രസ്ഥാനം ശക്തമായി നിലനിൽക്കുന്നുണ്ട്. ആൽബെർട്ടൻ പ്രവിശ്യ അമിത നികുതി ചുമത്തുന്നവരാണെന്നും കാനഡയുടെ ഫെഡറേഷന്റെ ഭാഗമായി തുടരാൻ അവർക്ക് പ്രാതിനിധ്യം കുറവാണെന്നും അവിടത്തെ വിഘടനവാദികൾ വളരെക്കാലമായി വാദിക്കുന്നുതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ചൈനയുമായി കരാറിൽ ഏർപ്പെട്ടാൽ കാനഡയ്ക്ക് മേൽ 100% ശതമാനം താരിഫ് ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ചൈനയുമായി സ്വതന്ത്ര വ്യാപാര കരാർ നടത്താൻ കാനഡയ്ക്ക് ഉദ്ദേശമില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ചൈനയുമായി കാനഡയ്ക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള ചില പ്രശ്നങ്ങൾ പരിഹരിക്കാനാണ് കാർഷികോൽപ്പന്നങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും വ്യാപാരം സംബന്ധിച്ച് കരാറുകളിൽ എത്തിയതെന്നും മാർക്ക് കാർണി പറഞ്ഞു.
Content Highlight: Expects US administration to respect Canada’s sovereignty: Mark Carney