പൊങ്കലിനെത്താന്‍ കഴിഞ്ഞില്ല വാലന്റൈന്‍സിന് വരാന്‍ പറ്റുമോ; ജന നായകന്‍ റിലീസിന് സാധ്യതയുള്ള ദിവസങ്ങള്‍
Indian Cinema
പൊങ്കലിനെത്താന്‍ കഴിഞ്ഞില്ല വാലന്റൈന്‍സിന് വരാന്‍ പറ്റുമോ; ജന നായകന്‍ റിലീസിന് സാധ്യതയുള്ള ദിവസങ്ങള്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 20th January 2026, 4:21 pm

റിലീസിന് മുമ്പ് തന്നെ പ്രേക്ഷകരെ ഇത്രയധികം നിരാശയിലാഴ്ത്തിയ മറ്റൊരു ചിത്രം സമീപകാല ഇന്ത്യന്‍ സിനിമയിലുണ്ടാകില്ല. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ജനുവരി ഒമ്പതിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം അനിശ്ചിതത്വത്തിലാണ്. സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള കാലതാമസം ചോദ്യം ചെയ്ത് ജന നായകന്റെ അണിയറപ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ കോടതിയെ സമീപിച്ചിരുന്നു.

ജന നായകന്‍. Photo: Book My show

കേസില്‍ ഇന്ന്(ചൊവ്വ) മദ്രാസ് ഹൈക്കോടതി വിധി പറയാനിരിക്കുന്ന സാഹചര്യത്തില്‍ ചിത്രം റിലീസ് ചെയ്യാന്‍ സാധ്യതയുള്ള പുതിയ തീയ്യതികള്‍ ചര്‍ച്ച ചെയ്യുകയാണ് സമൂഹ മാധ്യമങ്ങളിലെ സിനിമാ പേജുകള്‍. മാര്‍ച്ചോട് കൂടി തമിഴ്‌നാട് നിയമസഭാ തെരഞ്ഞടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ കഴിവതും ചിത്രം നേരത്തേ തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമമായിരിക്കും അണിയറപ്രവര്‍ത്തകര്‍ നടത്തുകയെന്നാണ് പുറത്തുവരുന്ന വിവരം.

കോടതി വിധി അനുകൂലമായാല്‍ ചിത്രത്തിന് ഏറ്റവും അനുയോജ്യമായ ഡേറ്റെന്ന് പറയുന്നത് ജനുവരി 30 ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. ചിത്രത്തിന് നിലവിലുള്ള ഹൈപ്പ് നഷ്ടപ്പെടുന്നതിന് മുമ്പ് തന്നെ റിലീസിനെത്താന്‍ ഈ ഡേറ്റ് തെരഞ്ഞെടുക്കുന്നത് വഴി സാധിക്കും. അടുത്ത മാസത്തിലേക്ക് റിലീസ് നീട്ടി വെച്ചാല്‍ ചിത്രം പ്രേക്ഷക ചര്‍ച്ചയില്‍ നിന്നും ഒഴിവാകുമെന്നും ഇത് വിദേശ മാര്‍ക്കറ്റുകളില്‍ നിന്നടക്കമുള്ള കളക്ഷനെ ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഇനി വിധി ചിത്രത്തിന് അനുകൂലമായില്ലെങ്കിലും അടുത്ത മാസം ഫെബ്രുവരിയിലും രണ്ട് ഡേറ്റുകള്‍ നിര്‍മാതാക്കള്‍ക്ക് മുമ്പിലുണ്ട്. ഫെബ്രുവരി ആറിനോ വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് ഫെബ്രുവരി 13 നോ ചിത്രം റിലീസ് ചെയ്യാമെന്നാണ് പല സിനിമാപേജുകളും നിര്‍ദേശിക്കുന്ന തീയ്യതി. എന്നിരുന്നാലും തൊട്ടടുത്ത മാസം തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചട്ടങ്ങള്‍ നിലവില്‍ വന്നാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം വരെ നിര്‍ത്തിവച്ചേക്കാനും സാധ്യതയുണ്ട്.

Photo: The Hindu

അടുത്ത മാസം പകുതിയിലും ചിത്രത്തിന് അനുകൂലമായി വിധി വന്നില്ലെങ്കില്‍ ഇലക്ഷന് ശേഷം ജൂണ്‍-ജൂലൈ മാസങ്ങളിലായിരിക്കും ചിത്രം റിലീസിനെത്തുക. സെന്‍സര്‍ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റിനായി പരമാവധി 21 ദിവസം വരെ സമയമെടുത്തേക്കാമെന്ന സാഹചര്യത്തിലാണ് ആരാധകര്‍ ഇത്തരത്തിലൊരു അനുമാനത്തിലെത്തിയിരിക്കുന്നത്.

നേരത്തേ പരാശക്തിക്കൊപ്പം ക്ലാഷ് റിലീസ് ചെയ്യാനിരുന്ന ജന നായകന്റെ റിലീസ് മാറ്റിവെച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്ക് ആയിരുന്നിട്ടും ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്ന തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആരാധകരുടെ അഭിപ്രായം.

Content Highlight: Expected release date for Jana nayagan if court verdict goes in favor

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.