രാജുവേട്ടനും, വിപിന്‍ ദാസും, ഹാഷിറും ഗ്യാങ്ങും; മലയാള സിനിമയിലെ പ്രതീക്ഷകളുടെ ലിസ്റ്റിലേക്ക് സന്തോഷ് ട്രോഫിയും
Malayalam Cinema
രാജുവേട്ടനും, വിപിന്‍ ദാസും, ഹാഷിറും ഗ്യാങ്ങും; മലയാള സിനിമയിലെ പ്രതീക്ഷകളുടെ ലിസ്റ്റിലേക്ക് സന്തോഷ് ട്രോഫിയും
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 4th April 2026, 2:21 pm

കുറഞ്ഞ കാലം കൊണ്ട് മലയാളികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ പാകത്തില്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനുമാണ് വിപിന്‍ ദാസ്. ഗോകുല്‍ സുരേഷ് നായകനായ മുത്തുഗൗ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വിപിന്‍ ദാസിന്റെ കരിയര്‍, തിരക്കഥാകൃത്തെന്ന നിലയില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുന്ന വാഴ 2വില്‍ എത്തി നില്‍ക്കുകയാണ്.

സന്തോഷ് ട്രോഫി. Photo: Vipindas/ Facebook.com

റീലുകളിലൂടെ ശ്രദ്ധേയരായ ഹാഷിറിനെയും ഗ്യാങ്ങിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മികച്ച പ്രതികരണങ്ങള്‍ സ്വന്തമാക്കിയ വിപിന്‍ ദാസിന്റതായി പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ മുന്‍നിര താരം പൃഥ്വിരാജിനൊപ്പമാണ് വിപിന്‍ ദാസിന്റെ അടുത്ത ചിത്രം.

സന്തോഷ് ട്രോഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വാഴ 2വിലൂടെ തിളങ്ങി നില്‍ക്കുന്ന ഹാഷിറും ഗ്യാങ്ങും പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നതും പ്രേക്ഷകര്‍ക്ക് പ്രതീക്ഷയേകുന്നുണ്ട്. ഖലീഫ, വാരണാസി, സലാര്‍ പാര്‍ട്ട്-2 തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ പൃഥ്വിരാജിന്റതായി വരാനിരിക്കുമ്പോള്‍ വിപിന്‍ ദാസിനൊപ്പമുള്ള ചിത്രത്തിനും മലയാളി പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്.

വിപിന്‍ ദാസ് ഇതിനോടകം ഭാഗമായ ചിതങ്ങളാണ് പ്രേക്ഷകര്‍ക്ക് ഇത്തരത്തിലൊരു പ്രതീക്ഷക്ക് വക നല്‍കുന്നത്. മുത്തുഗൗവിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സൈജു കുറുപ്പ് പ്രധാനവേഷത്തിലെത്തിയ അന്താക്ഷരി. ത്രില്ലര്‍ ഴോണറിലൊരുങ്ങിയ ചിത്രത്തിന് ശേഷം വിപിന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ ഹിറ്റടിച്ച ചിത്രമായിരുന്നു ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാനവേഷത്തിലെത്തിയ ജയ ജയ ജയ ജയഹേ.

വിപിന്‍ ദാസിനെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാനും ചിത്രം കാരണമായിരുന്നു. ഇതിന് ശേഷം 2024 ല്‍ പുറത്തിറങ്ങിയ ഗുരുവായൂരമ്പല നടയിലാണ് വിപിന്റെ കരിയറിലെ മറ്റൊരു മൈല്‍ സ്റ്റോണ്‍. ഏറെ ജനപ്രീതി നേടിയ പൃഥ്വിരാജ് ചിത്രം കോമഡി-എന്റര്‍ടെയിനര്‍ ഴോണറിലായിരുന്നു വിപിന്‍ ഒരുക്കിയത്. അതേസമയം തിരക്കഥാകൃത്തായും പ്രൊഡ്യൂസറുമായിട്ടായിരുന്നു വാഴ ഫ്രാഞ്ചൈസില്‍ വിപിന്‍ പ്രത്യക്ഷപ്പെട്ടത്.

വിപിന്‍ ദാസ് പൃഥ്വിരാജിനൊപ്പം. Photo: OTT Play

സ്വന്തം അധ്വാനത്തില്‍, റീലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ചെറുപ്പക്കാരെ നായകരാക്കി 2024 ല്‍ പുറത്തിറങ്ങിയ വാഴ വലിയ വിജയം സ്വന്തമാക്കുകയായിരുന്നു. ചിത്രത്തെ ഇരുകൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചതോടെയാണ് ഹാഷിര്‍, അലന്‍, അജിന്‍, വിനായക്, ദേവരാജ് തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വാഴ 2 ഒരുക്കുന്നതും. ചിത്രത്തിന്റെ സംവിധായകനായ സവിന്‍ സയും പുതുമുഖമാണെന്ന കാര്യം വിപിന്‍ യുവാക്കള്‍ക്ക് നല്‍കുന്ന പരിഗണനയെ സൂചിപ്പിക്കുന്നു.

Content Highlight: Expectation for Vipin das- Prithviraj Movie goes high as Vaazha 2 gets good response

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.