കഥയും തിരക്കഥയുമൊന്നും നോക്കേണ്ട; അതിഭീകരതയുടെ ദൃശ്യശ്രാവ്യ സൗന്ദര്യത്തില്‍ രണ്ട് മണിക്കൂര്‍ അസ്വസ്ഥപ്പെടാന്‍ തയ്യാറാണെങ്കില്‍ ഈവിള്‍ ഡെഡ് ബേണ്‍ നിങ്ങള്‍ക്കുള്ളതാണ് | കെ.സി ഷെെജല്‍ എഴുതുന്നു
ഭീകരതയുടെ ക്രൂര സൗന്ദര്യം നിറഞ്ഞ സിനിമകള്‍ ആസ്വദിക്കുവാന്‍ തത്പരനായ, കെല്‍പുള്ള, പ്രേക്ഷകനാണ് നിങ്ങളെങ്കില്‍ മികച്ചൊരു തിയേറ്ററില്‍ പോയി കാണേണ്ട മസ്റ്റ് വാച്ച് സിനിമയാണ് ഫ്രഞ്ച് സംവിധായകന്‍ സെബാസ്റ്റീന്‍ വാനീചെക്ക് രചനയും സംവിധാനവും നിര്‍വഹിച്ച സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ഫിലിം ഈവിള്‍ ഡെഡ് ബേണ്‍ (Evil Dead Burn).
‘ഈവിള്‍ ഡെഡ്‘ സിനിമാ ഫ്രാഞ്ചൈസിയിലെ ആറാമത്തെ സിനിമയാണിത്; ഏഴാം ഭാഗം ‘ഈവിള്‍ ഡെഡ് റാത്ത്‘ 2028ല്‍ റിലീസ് ചെയ്യപ്പെടും.
18 വയസ്സ് തികഞ്ഞവര്‍ക്ക് മാത്രം കാണാവുന്ന ‘എ’ സര്‍ട്ടിഫൈഡ് സിനിമയാണെന്നതിനാലും പടത്തിന്റെ ഭീകരസ്വഭാവം നിമിത്തവും ഒരു കാരണവശാലും കുട്ടികള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ കാണാന്‍ അവസരമൊരുക്കരുതെന്ന് മാത്രമല്ല; മുതിര്‍ന്നവരില്‍ തന്നെ അതിഭീകര ദൃശ്യങ്ങള്‍ കണ്ട്‌നില്‍ക്കാന്‍ ത്രാണിയില്ലാത്തവരും ഈ സിനിമയുടെ നേര്‍ക്ക് തിരിയാത്തതാണ് ഉത്തമം.
ചിത്രത്തിന്‍റെ പോസ്റ്റർ. Photo: IMDb
നമ്മുടെ ‘കില്ലും’ ‘ആനിമലും’ ‘മാര്‍ക്കോ’യുമൊക്കെ ഈവിള്‍ ഡെഡ് ഫ്രാഞ്ചൈസ് അടക്കമുള്ള സിനിമകളുടെ ദുര്‍ബലമായ അനുകരണങ്ങള്‍ മാത്രമാണെന്നോര്‍ക്കുക.
മറിച്ച്, അങ്ങേയറ്റം ഗോറിയായ, ഡിസ്ഗസ്റ്റിങ് ആയ ദൃശ്യങ്ങളുടെ മേളനത്തിലൂടെ കൊടും ഭയം സൃഷ്ടിക്കുന്ന ഒരു സോമ്പീ സമാന ലോകം വെള്ളിത്തിരയില്‍ കണ്ടാസ്വദിക്കുവാന്‍ അനുരൂപമാണ് നിങ്ങളുടെ മാനസിക ശേഷിയും കലാബോധവുമെങ്കില്‍ നല്ല തിയേറ്ററില്‍ നിന്ന് കണ്ട് സ്വയം കിടുങ്ങുവാനുള്ള ചിത്രമാണ് ഈവിള്‍ ഡെഡ് ബേണ്‍.
രണ്ട് മണിക്കൂറില്‍ താഴെയാണ് പടത്തിന്റെ ദൈര്‍ഘ്യം. തുടക്കം മുതല്‍ ഒടുക്കം വരെ കൊടൂര ദൃശ്യങ്ങളാണ്. (ഒടുക്കമെന്നാല്‍ മിഡ് ക്രെഡിറ്റ്‌സ് മാത്രമല്ല ഫുള്‍ എന്‍ഡ് ക്രെഡിറ്റ് സീനും ഉണ്ട്).
പ്രമേയത്തില്‍ പുതുമയും മൗലികതയുമൊന്നും പ്രതീക്ഷിക്കരുത്. ഫ്രാഞ്ചൈസിന്റെ എല്ലാ ഇന്‍സ്റ്റാള്‍മെന്റുകളിലും ഒരേ കഥ തന്നെയാണ് പല മാതിരിയായി പറയുന്നത്.
അവതരണത്തിലെ തീവ്രതയാണ് മുന്‍ ഭാഗങ്ങളുടെയെന്ന പോലെ പുതിയ പടത്തിന്റെയും മുഖമുദ്ര. ഫ്രാഞ്ചൈസിന്റെ സ്റ്റാന്റ് എലോണ്‍ ഇന്‍സ്റ്റാള്‍മെന്റാണ് ഈവിള്‍ ഡെഡ് ബേണ്‍. ഓപ്പണിങ് സീനിലടക്കം മുന്‍ പടങ്ങളുടെ റഫറന്‍സുകള്‍ കാണാമെങ്കിലും മുന്‍ ഭാഗങ്ങള്‍ ഒന്നും തന്നെ കണ്ടിട്ടില്ലാത്തവര്‍ക്കും പൂര്‍ണമായി ആസ്വദിക്കാവുന്ന സ്വതന്ത്ര സിനിമയാണ് ‘ബേണ്‍’.
ചെറിയൊരു വിശദീകരണത്തിന്റെ സഹായത്തോടെ ഈ സിനിമ കൂടുതല്‍ മെച്ചത്തില്‍ ആസ്വദിക്കുവാനാഗ്രഹിക്കുന്ന പ്രേക്ഷകരെ കൂടി ഉള്‍ക്കൊണ്ടുള്ള എക്‌സ്‌പ്ലെയ്‌നര്‍ റിവ്യൂ ആണ് ലേഖനത്തിന്റെ തുടര്‍ന്നങ്ങോട്ടുള്ള ഭാഗം; സ്‌പോയ്‌ലറുകളുണ്ടാകും.
ലോകത്തെ ടോപ്പ് 20 ഫിലിം മേക്കേഴ്‌സില്‍ ഉള്‍പ്പെടുത്താവുന്ന, ഏറ്റവും പ്രഗത്ഭരായ ഹൊറര്‍ ഫിലിം മേക്കേഴ്‌സിലൊരാളായ, അമേരിക്കന്‍ ഫിലിം മേക്കര്‍ സാം റൈമി സൃഷ്ടിച്ചെടുത്ത സൂപ്പര്‍ നാച്വറല്‍ ഹൊറര്‍ സിനിമാ പരമ്പരയാണ് ‘ഈവിള്‍ ഡെഡ്‘ ഫ്രാഞ്ചൈസി.
സാം റൈമി. Photo: IMDb
ഹൊററും ഡാര്‍ക്ക് കോമഡിയും സ്ലാപ്സ്റ്റിക്കും ഇടകലര്‍ന്ന രീതിയിലാണ് ഫ്രാഞ്ചൈസിലെ പടങ്ങളുടെ ഴോണര്‍ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. ‘ഡെഡൈറ്റ്‌സ്’ എന്നറിയപ്പെടുന്ന പൈശാചിക ജീവികളെ അഴിച്ചുവിടുന്ന നെക്രോണോമിക്കോണ്‍ എക്‌സ്-മോര്‍ട്ടിസ് (Necronomicon Ex-Mortis) അഥവാ ‘ബുക്ക് ഓഫ് ദി ഡെഡ്’ എന്ന പുരാതന സുമേറിയന്‍ പുസ്തകത്തെ പിന്തുടര്‍ന്ന് കൊണ്ടാണ് ഈവിള്‍ ഡെഡിലെ എല്ലാ കഥകളും രൂപപ്പെടുത്തിയിട്ടുള്ളത്.
നെക്രോണോമിക്കോണ്‍ എക്‌സ്-മോര്‍ട്ടിസ്
നെക്രോണോമിക്കോണ്‍ എക്‌സ്-മോര്‍ട്ടിസ് ആദ്യമായി എഴുതപ്പെട്ടത് അതിപ്രാചീന സാങ്കല്‍പിക കാന്‍ഡേറിയന്‍ ഭാഷയിലാണ്. കാലഗതിയില്‍ നഷ്ടമായ സുമേറിയന്‍ രാജ്യമായ കാന്‍ഡേറിയില്‍ നിന്ന് ഉത്ഭവിച്ച പുരാതന കാന്‍ഡേറിയന്‍ ഭൂതങ്ങളാണ് (ഡീമണ്‍) ഡെഡൈറ്റുകള്‍.
അവ പ്രേതങ്ങളോ സോമ്പികളോ അല്ല. എക്‌സ്-മോര്‍ട്ടിസ് പുസ്തകം ആരെങ്കിലും ഉറക്കെ വായിച്ചാല്‍ ഡെഡൈറ്റുകള്‍ വെളിപ്പെടുകയും ജീവജാലങ്ങളില്‍ ആവേശിക്കുകയും ചെയ്യുന്നു. കടിയിലൂടെയും പോറലുകളിലൂടെയും രക്തത്തിലൂടെയുമെല്ലാം ഭൂതാവേശം നടക്കുന്നു. ആതിഥേയരെ വിളറിയ രൂപവും കറുത്ത കണ്ണുകളും വികലമായ ശബ്ദവുമുള്ള, വേദനയറിയാത്ത, അതിശക്തരായ ജീവികളാക്കി ഡെഡൈറ്റുകള്‍ മാറ്റും.
അതേസമയം, മാനസിക ആയുധങ്ങളായി ഉപയോഗിക്കാന്‍ ഹോസ്റ്റിന്റെ ഓര്‍മകള്‍ നിലനിര്‍ത്തുകയും ചെയ്യും. കാന്‍ഡേറിയന്‍ കഠാര, തീ, അവയവഛേദം തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ശരീരം നശിപ്പിച്ചുകൊണ്ട് മാത്രമേ ഡെഡൈറ്റുകളെ പൂര്‍ണമായി കൊല്ലാന്‍ കഴിയൂ.
ഹോസ്റ്റിന്റെ ക്രൂരമായ പ്രതിഫലനങ്ങളായാണ് ഡെഡൈറ്റുകള്‍ പ്രവര്‍ത്തിക്കുക. ഒന്നുമില്ലായ്മയില്‍ നിന്ന് തിന്മ സൃഷ്ടിക്കുന്നതിനുപകരം നിലവിലുള്ള കുറ്റബോധം, ആഘാതം, നീരസം എന്നിവ വര്‍ധിപ്പിക്കുന്ന തത്വശാസ്ത്രമാണ് ഡെഡൈറ്റുകളിലൂടെ ഈവിള്‍ ഡെഡ് അവതരിപ്പിക്കുന്നത്.
ഈവിള്‍ ഡെഡ് പരമ്പരയുടെ ഭൂരിഭാഗം അധ്യായങ്ങളിലും കേന്ദ്ര കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നത് ആഷ്‌ലി ജെ. ആഷ് വില്യംസ് ആണ്. ആഷിനെ അവതരിപ്പിച്ച നടന്‍ ബ്രൂസ് കാംബെല്‍ കാലക്രമത്തില്‍ ഒരു കള്‍ട്ട് ഹൊറര്‍ ഐക്കണായി മാറുകയും ചെയ്തു.
ആഷ്‌ലി ജെ. ആഷ് വില്യംസ്. Heroes Wiki
1981-ല്‍ ‘ദി ഈവിള്‍ ഡെഡ്’ എന്ന ആദ്യ സിനിമയോടെ കുറഞ്ഞ ബജറ്റില്‍ ആരംഭിച്ച ഫ്രാഞ്ചൈസി, കഴിഞ്ഞ നാല് ദശകങ്ങള്‍ക്കുള്ളില്‍ സിനിമകളും ടി.വി സീരീസും കോമിക്‌സും വീഡിയോ ഗെയിമുകളുമടങ്ങിയ ഒരു ആഗോള ഹൊറര്‍ ബ്രാന്‍ഡായി വളരുകയായിരുന്നു.
ആദ്യ സിനിമയെ തുടര്‍ന്ന് ഈവിള്‍ ഡെഡ് -2 (1987), ആര്‍മി ഓഫ് ഡാര്‍ക്‌നെസ് (1992) എന്നീ സിനിമകളും കൂടി ചെയ്ത് ട്രിലജി പൂര്‍ത്തിയാക്കിയ സാം റൈമിയ്ക്ക് ശേഷം ഫെഡെ അല്‍വാരെസ് (ഈവിള്‍ ഡെഡ് – 2013), ലീ ക്രോണിന്‍ (ഈവിള്‍ ഡെഡ് റൈസ് – 2023) എന്നിവര്‍ നാലും അഞ്ചും ഭാഗങ്ങളുടെ സഹരചനയും സംവിധാനവും നിര്‍വഹിച്ചു.
ഫ്രാന്‍സിസ് ഗല്ലൂപ്പി ആണ് അടുത്ത അധ്യായത്തിന്റെ സംവിധായകന്‍. മൊത്തം 67 മില്യണ്‍ ഡോളര്‍ ബജറ്റില്‍ (541 കോടി രൂപ) ഇറങ്ങിയ ഈ സിനിമകളെല്ലാം ചേര്‍ന്ന് 341 മില്യണ്‍ ഡോളറാണ് (2915 കോടി രൂപ) ഇതിനകം സമാഹരിച്ചത്. ഒരു സിനിമയ്ക്കും 20 മില്യണ്‍ ഡോളറിലധികം (171 കോടി രൂപ) ബജറ്റ് ഇല്ലാതെയാണ് ഫ്രാഞ്ചൈസ് വാണിജ്യപരമായി ഇത്ര വലിയ വിജയം നേടിയത്.
വലിയ ആരാധകവൃന്ദത്തോടൊപ്പം ഫ്രാഞ്ചൈസിയിലെ ഓരോ ചിത്രവും പൊതുവെ നല്ല നിരൂപക അവലോകനങ്ങളും സ്വന്തമാക്കി.
2026 ജൂലൈ പത്തിന് റിലീസ് ചെയ്യപ്പെട്ട പുതിയ അധ്യായം, ഈവിള്‍ ഡെഡ് ബേണിന്റെ രചന സംവിധായകന്‍ സെബാസ്റ്റീന്‍ വാനീചെക്കും ഫ്‌ളോറന്റ് ബെര്‍ണാഡും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.
ഫ്‌ളോറന്റ് ബെര്‍ണാർഡ് | സെബാസ്റ്റീന്‍ വാനീചെക്
ഫ്രാഞ്ചൈസിലെ കേന്ദ്ര കഥാപാത്രമായ ആഷ് വില്യംസ് ഈ സിനിമയില്‍ ഇല്ല. ഇതൊരു സ്റ്റാന്‍ഡ് എലോണ്‍ കഥയാണെങ്കിലും ഇപ്പോഴും അതേ ശപിക്കപ്പെട്ട പ്രമേയപ്രപഞ്ചത്തിന്റെ ഭാഗമായി പ്രേക്ഷകന് അനുഭവപ്പെടും.
ഫ്രാഞ്ചൈസിയുടെ പതിവ് തമാശകള്‍ക്ക് പകരം മരവിപ്പിക്കുന്ന ശോകവും അവിശ്വാസവുമാണ് ഈവിള്‍ ഡെഡ് ബേണില്‍ നിറയുന്നത്. പരസ്പരം വെറുക്കുന്ന ഒരു കുടുംബം നെക്രോണോമിക്കോണില്‍ കുടുങ്ങിയാല്‍ എന്ത് സംഭവിക്കും എന്നതിന്റെ ഭയാനകമായ വിവരണമാണ് ‘ബേണ്‍’.
ഒരു ശാന്തമായ തടാകത്തില്‍ നിന്നാണ് സിനിമയിലെ ഹൊറര്‍ ആരംഭിക്കുന്നത്. തടാകത്തില്‍ മീന്‍ പിടിക്കുന്ന രണ്ട് യുവാക്കളില്‍ ഒരാള്‍ ഫോണ്‍ ചെയ്യാനായി തടാക തീരത്തെ വനത്തിനകത്തേക്ക് മാറിനില്‍ക്കുന്നു. അപ്പോള്‍ മറ്റേയാള്‍ തന്റെ ചൂണ്ട ഭാരമേറിയ എന്തോ ഒന്നില്‍ കുടുങ്ങിയതായി കണ്ടെത്തുന്നു.
വെള്ളം കെട്ടിക്കിടക്കുന്ന, തുകല്‍ കൊണ്ട് ബന്ധിപ്പിച്ച ഒരു പുസ്തകമാണ് അയാള്‍ക്ക് ലഭിക്കുന്നത്. നെക്രോണോമിക്കോണ്‍ എക്‌സ്-മോര്‍ട്ടിസ് ആണ് അതെന്നറിയാതെ അയാള്‍ കൗതുകപൂര്‍വം അതിലെ മാന്ത്രിക വരി ഉച്ചത്തില്‍ വായിക്കുന്നു. അതോടെ വെള്ളം നിശ്ചലമാകുന്നു, കാറ്റ് നിലയ്ക്കുന്നു, തടാകത്തില്‍ നിന്ന് ഒരു കറുത്ത കൈ പുറത്തേക്ക് ചാടി അയാളെ ആഴത്തിലേക്ക് വലിച്ചിടുന്നു.
ജെസീക്ക (ഗ്രെറ്റ) എന്ന ‘ഡെഡൈറ്റി’ന്റെ ആഗമനമാണ് അവിടെ സംഭവിക്കുന്നത്. വൈകാതെ മറ്റേ യുവാവിനെയും ഡെഡൈറ്റ് സംഹരിക്കുന്നു. ജലത്തിലും കരയിലുമായി നടക്കുന്ന ഈ ഓപ്പണിങ് സീന്‍ തന്നെ ചിത്രത്തിന്റെ ഭീകര സ്വഭാവം വിളിച്ചോതുന്നു.
ഡെഡൈറ്റുകളെ വിളിച്ചുണര്‍ത്തുന്ന പുസ്തകം ആരെങ്കിലും എവിടെ വെച്ചെങ്കിലും ഒന്ന് വായിച്ചാല്‍ മതിയെന്നും ഈ ലോകത്തിലെ തിന്മ ചാക്രികമാണെന്നും നിരന്തരം ആവര്‍ത്തിക്കുന്നുവെന്നും ഇവിടെ ചിത്രം പറഞ്ഞുവെക്കുന്നു.
ഇതിന് സമാന്തരമായി സിനിമയിലെ മുഴുവന്‍ കഥയ്ക്കും ആതിഥേയത്വം വഹിക്കുന്ന കുടുംബവും ഇന്‍ട്രൊഡ്യൂസ് ചെയ്യപ്പെടുന്നു. ഡെഡൈറ്റുകളെ സംഹരിക്കുവാന്‍ പ്രാപ്തിയുള്ള ‘കാന്‍ഡാരിയാന്‍ ഡാഗര്‍’ എന്ന മാന്ത്രിക കഠാര കണ്ടെത്തിയ തന്റെ മുത്തച്ഛന്റെ ഗവേഷണ ശേഖരം പരതുന്ന ജോസഫ് (ഹണ്ടര്‍ ദൂഹന്‍), അയാളുടെ കാമുകി തിയ (ലൂസിയാനെ), സംഹാദരന്‍ വില്യം വില്‍ (ജോര്‍ജ് പുള്ളര്‍), വില്ലിന്റെ ഭാര്യ ആലിസ് (സൗഹില യാഖൂബ്), ജോസഫ്-വില്‍ സഹോദരങ്ങളുടെ പിതാവ് എഡ്ഗര്‍ (എറോള്‍ ഷാന്റ്), മാതാവ് സൂസന്‍ (റ്റാന്‍ഡി റൈറ്റ്), മാനസിക വെല്ലുവിളി നേരിടുന്ന മുത്തശ്ശി പോളി (മൗദെ ഡേവി) എന്നിവരുള്‍പ്പെട്ടതാണ് ആ കുടുംബം.
ചിത്രത്തില്‍ നിന്നും
ജോസഫ് സ്വയമറിയാതെ മാന്ത്രിക കഠാര പുറത്തെത്തിച്ചതോടെ വിവരമറിഞ്ഞ ഡെഡൈറ്റുകള്‍ ആ കുടുംബത്തെ വേട്ടയാടി കഠാര പിടിച്ചെടുക്കുവാന്‍ ഒരുമ്പെട്ടിറങ്ങുന്നു. ജോസഫിന്റെ പിറന്നാളാഘോഷ വേളയില്‍ ആലീസുമായി പിണങ്ങി അമിതമായി മദ്യപിച്ച് കാറോടിച്ചു പോകുന്ന വില്ലിന്റെ കാര്‍ ചെന്നിടിക്കുന്നത് ജെസീക്കയിലാണ്.
ഭയാനകമായ ദൃശ്യങ്ങളോടെ വില്‍ കൊല്ലപ്പെടുകയും പ്രേതാവിഷ്ടനായ ഡെഡൈറ്റായി അയാള്‍ മാറുകയും ചെയ്യുന്നു. വില്ലിന്റെ മൃതദേഹ സംസ്‌കാര വേളയില്‍ ക്രിമിറ്റോറിയം ജീവനക്കാരനെ ആ ഡെഡൈറ്റ് വധിക്കുകയും തുടര്‍ന്ന് എഡ്ഗറില്‍ ആവേശിക്കുകയും ചെയ്യുന്നു.
കാട്ടിനുള്ളിലെ ഫാമിലി എസ്റ്റേറ്റില്‍ കുടുംബം ഒത്തുകൂടുന്നു. ഇടുങ്ങിയ ഇടനാഴികളുള്ള, മതപരമായ അലങ്കാരങ്ങള്‍ കാണപ്പെടുന്ന, മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമല്ലാത്ത, ഒരു പ്രേതാലയമാണ് പുറമെ മനോഹരമായ ഗോഥിക് ശൈലിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആ വീട്.
അത്താഴ മേശപ്പുറത്ത് വെച്ച് എല്ലാവരും പരസ്പരം കുറ്റപ്പെടുത്തുന്നതിനിടെ എഡ്ഗര്‍ വീട്ടിലെ പട്ടി മാക്‌സിനെ മൃഗീയമായി കൊലപ്പെടുത്തുന്നു. ഈ പട്ടിയും പിന്നീട് ഡെഡൈറ്റായി മാറുന്നുണ്ട്. എഡ്ഗറിന്റെ അസ്വസ്ഥത കണ്ട് ജോസഫും തിയയും അയാളെയും കൊണ്ട് പട്ടണത്തിലെ ആശുപത്രിയിലേക്ക് പോകുന്നു. ആ കാറില്‍ വെച്ചുള്ള രൂക്ഷഭീകരമായൊരു സംഘട്ടനത്തിനൊടുവില്‍ എഡ്ഗര്‍ തിയയെ വധിക്കുന്നു; തിയയും അതോടെ ഡെഡൈറ്റായി മാറുന്നു.
വൈകാതെ തിയയും എഡ്ഗറും കുടുംബ വീട്ടിലെത്തി മറ്റുള്ളവരെ വേട്ടയാടുകയാണ്. സൂസനെയും പോളിയെയും പൈശാചിക ശക്തിയില്‍ വശപ്പെടുത്തി, അവരുടെ കൂടെ പിന്തുണയോടെയാണ് ജോസഫിനെയും ആലിസിനെയും ആക്രമിക്കുന്നത്.
പോസ്റ്റ് ക്രെഡിറ്റില്‍ കഴിഞ്ഞ അധ്യായത്തിലെ (ഈവിള്‍ ഡെഡ് റൈസ്) അമ്മ പ്രത്യക്ഷപ്പെടുന്നുണ്ട്. മൃഗീയമായ മറ്റൊരു കൊലയോടെ ‘മമ്മി ഈസ് ബാക്ക്’ എന്ന വാചകത്തില്‍ അടുത്ത അധ്യായത്തിന് അരങ്ങൊരുക്കിക്കൊണ്ട് പടം അവസാനിക്കുന്നു.
മനുഷ്യത്വം മരവിപ്പിക്കുന്ന ഗോറി സീക്വന്‍സുകളുടെ ആധിക്യമാണ് ഈവിള്‍ ഡെഡ് ബേണിന്റെ ഹൈലൈറ്റ്. ഒരേ ആക്ഷന്‍ തന്നെയാണ് ആവര്‍ത്തിക്കുന്നതെങ്കിലും ഓരോ രംഗങ്ങള്‍ക്കും അതാതിന്റെ അനുപമമായ ഇംപാക്റ്റ് സ്വന്തമാണ്.
കൈവിരലുകള്‍ അറുത്തിടുന്നതടക്കമുള്ള ഭീകരതയ്‌ക്കൊപ്പം ക്രാഫ്റ്റിന്റെ ഘനം കൊണ്ടുകൂടി ശ്രദ്ധേയമാണ് കാര്‍ ഫൈറ്റ് സീന്‍. ഒരു കാറിനുള്ളിലെ സകലതും – സെയ്ഫ്റ്റി ബാഗ് മുതല്‍ ഹെഡ് റെസ്റ്റ് വരെ – മനുഷ്യനെ നിഷ്ഠൂരമായി ആക്രമിച്ച് കൊല്ലാനുള്ള ആയുധങ്ങളായി അവിടെ ഉപയോഗിക്കപ്പെടുന്നുണ്ട്.
തിയയുടെ ഡെഡൈറ്റിനെ ജോസഫും ജോസഫിനെ എഡ്ഗറും വധിക്കുന്ന രംഗങ്ങളിലെ സംഹാരരുദ്രത അതിഭീകരമാണ്. വിറകുകൊള്ളികള്‍ വെട്ടിക്കീറുന്നത്ര ലാഘവത്തില്‍ മനുഷ്യ മാംസം ചിതറിത്തെറിക്കുകയും കട്ടച്ചോര കൊണ്ട് മൃതിയുടെ ചിത്ര കമ്പളം തീര്‍ക്കുകയും ചെയ്യുന്ന ഭയാനകമായ ദീര്‍ഘദൃശ്യങ്ങള്‍!
മനുഷ്യനും പിശാചും ഹിംസയുടെ ഒരേ നരകഭാഷ സംസാരിക്കുന്നതിന്റെ വിഹ്വലമായ ധാര്‍മിക വൈരുധ്യം ആ സന്ദര്‍ഭങ്ങളില്‍ വായിച്ചെടുക്കാം. സമാനമായി, തീന്‍മേശപ്പുറം മുതല്‍ ഫ്രഞ്ചുചുംബനവും വെപ്പുപല്ലും വരെ ജുഗുപ്‌സയുടെ അസഹനീയമായ സൗന്ദര്യം ഉത്പാദിപ്പിക്കുവാനായി വാനീചെക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്.
അഭിനേതാക്കളില്‍ മികച്ചുനില്‍ക്കുന്നത് സൗഹില യാഖൂബും റ്റാന്‍ഡി റൈറ്റുമാണ്. താനനുഭവിക്കുന്ന ടോക്‌സിക് ആയ ദാമ്പത്യത്തിന്റെയും തള്ളിപ്പറയലുകളുടെയും ഒറ്റപ്പെടലിന്റെയും മാനസിക വ്യഥകളും, ഡെഡൈറ്റുകളുമായുള്ള സംഘട്ടനങ്ങളില്‍ ശ്വാസഗതി പോലും പൂട്ടിക്കെട്ടി.
സൗഹില യാഖൂബ്
അതിജീവനത്തിനായി നടത്തുന്ന പോരാട്ടത്തിന്റെ വിവശവേഗങ്ങളും സൗഹില ഭംഗിയായി പ്രതിഫലിപ്പിക്കുന്നു. മറ്റൊരു പ്രമേയപരിസരമായിരുന്നെങ്കില്‍ വളരെയേറെ വിപുലന സാധ്യതയുള്ള കഥാപാത്രമായിരുന്നു റ്റാന്‍ഡിയുടെ സൂസന്‍.
റ്റാന്‍ഡി റൈറ്റ്
ഭാര്യയുടെയും മകളുടെയും അമ്മയുടെയും വിഭിന്ന ധാരകളില്‍ വിവിധ സംത്രാസങ്ങളുമായി ഇടപഴകുന്ന സൂസന് പാത്ര വികസനത്തിന്റെ പരിമിതിയ്ക്കപ്പുറം ഉയിര് നല്‍കുവാന്‍ റ്റാന്‍ഡി പരിശ്രമിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ യഥാര്‍ത്ഥമായ ആ ബ്ലഡി കിസ്സിന്റെയും (”ഇതുപോലൊന്ന് ഇതിനു മുമ്പുണ്ടായിട്ടില്ല!”) പേളി ഭൂതാവിഷ്ടയായി സൂസന്‍ എന്ന് വിളിക്കുന്നതിനെത്തുടര്‍ന്നുള്ള വാത്സല്യപ്രേരിത രംഗത്തിലും പ്രമേയത്തിന്റെ മൊത്തം ഒഴുക്കിനെതിരെ അവര്‍ മധുരമായി നീന്തുന്നത് കാണാം.
തന്റെ ആദ്യചിത്രമായ ‘ഇന്‍ഫെസ്റ്റെഡി’ല്‍ ഹൊററും സോഷ്യോ പൊളിറ്റിക്കല്‍ ക്രിട്ടിക്കും സുന്ദരമായി ഉള്‍ച്ചേര്‍ത്ത വാനിചെക്ക്, പ്രമേയ ഭൂമിക ആകമാനം മാറിയതിന്റെ വ്യത്യാസങ്ങളുള്ളപ്പോഴും സംവിധായകന്റെ ക്രാഫ്റ്റില്‍ തനിക്കുള്ള മികച്ച പാടവം ഈ രണ്ടാം ചിത്രത്തിലും ആവര്‍ത്തിക്കുന്നുണ്ട്. ഏറെക്കുറെ ശൂന്യമായ തിരക്കഥയുടെ അകത്തളങ്ങളില്‍ രുദ്രസൗന്ദര്യം മുറ്റിനില്‍ക്കുന്ന സെറ്റ്പീസുകള്‍ കൊണ്ട് പ്രേക്ഷകനെ ശ്വാസംമുട്ടിക്കുകയാണാ ഫ്രഞ്ചുകാരന്‍.
ഫിലിപ്പ് ലൊസാനോയുടെ ഛായാഗ്രാഹണവും മികച്ചത്. സൗണ്ട് ഡിപ്പാര്‍ട്‌മെന്റ് നല്ല പ്രകടനം നടത്തിയപ്പോള്‍ പ്രതീക്ഷിച്ച മികവ് കാണാതെ പോയത് പശ്ചാത്തല സംഗീതത്തില്‍ മാത്രമാണ്.
ലാസ്റ്റ് വേഡ്: കഥയും തിരക്കഥയുമൊന്നും നോക്കേണ്ട; അതിഭീകരതയുടെ ദൃശ്യശ്രാവ്യ സൗന്ദര്യത്തില്‍ രണ്ട് മണിക്കൂര്‍ അസ്വസ്ഥപ്പെടാന്‍ തയ്യാറാണെങ്കില്‍ ഈവിള്‍ ഡെഡ് ബേണ്‍ നിങ്ങള്‍ക്കുള്ളതാണ്.