ന്യൂദൽഹി: പശ്ചിമ ബംഗാളിലെ നദിയ ജില്ലാ ഭരണകൂടത്തിനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര നൽകിയ ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.
കൃഷ്ണനഗറിലെ സർക്കാർ സർക്യൂട്ട് ഹൗസിൽ മുറി അനുവദിച്ചിരുന്നിട്ടും തന്നെ അവിടെനിന്ന് അനധികൃതമായി പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് മഹുവ സുപ്രീം കോടതിയെ സമീപിച്ചത്.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് ഹരജി എത്തിയത്.
വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും ഹൈക്കോടതി സംരക്ഷണ ഉത്തരവുണ്ടായിട്ടും ലംഘിക്കപ്പെട്ടതിനാൽ ഭരണഘടനാപരമായ പ്രാധാന്യം കണക്കിലെടുത്ത് വിഷയം ഉടൻ പരിഗണിക്കണമെന്നും മഹുവയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും ബെഞ്ച് അടിയന്തര വാദം കേൾക്കാൻ തയ്യാറായില്ല.
പാർലമെന്റ് സമ്മേളനത്തിന് ശേഷം ഓഗസ്റ്റ് 14-ന് രാത്രി കൃഷ്ണനഗറിലെ സർക്യൂട്ട് ഹൗസിൽ താമസിക്കാനെത്തിയപ്പോൾ തന്നെ നിർബന്ധപൂർവ്വം ഒഴിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് മൊയ്ത്രയുടെ പരാതി. താൻ ഒഴിയാൻ വിസമ്മതിച്ചതോടെ സർക്യൂട്ട് ഹൗസിന് പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടി ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും അവർ പറഞ്ഞു.
ജില്ലാ പൊലീസ് മേധാവിയുടെയും കളക്ടറുടെയും ഔദ്യോഗിക വസതികൾ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലാണ് ഈ സംഭവം നടന്നതെന്നും എം.പി എന്ന നിലയിൽ അവിടെ താമസിക്കാൻ തനിക്ക് പൂർണ്ണ അവകാശമുണ്ടെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മഹുവ മൊയ്ത്ര ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കും കത്തയച്ചിട്ടുണ്ട്.
Content Highlight:Eviction from circuit house: Supreme Court refuses to urgently hear Mahua Moitra’s plea.