| Saturday, 21st March 2026, 9:53 am

മൊബൈല്‍ ഫോണ്‍ കൈവശമുള്ള ഓരോ വ്യക്തിയും മാധ്യമ പ്രവര്‍ത്തകരായി മാറുന്നു; സ്വതന്ത്രമായ വിചാരണ വെല്ലുവിളി നേരിടുന്നുവെന്ന് സുപ്രീം കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: മൊബൈല്‍ ഫോണ്‍ കൈവശമുളള ഓരോ വ്യക്തിയും മാധ്യമ പ്രവര്‍ത്തകരായി മാറുന്ന ഈ കാലത്ത് സ്വതന്ത്രമായ വിചാരണ വലിയ വെല്ലുവിളി നേരിടുന്നുവെന്ന് സുപ്രീം കോടതി.

അറസ്റ്റിലായ പ്രതികളുടെ വീഡിയോകളും ഫോട്ടോകളും പൊലീസ് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് വഴി ആളുകളുടെ മനസില്‍ പക്ഷപാതം സൃഷ്ടിക്കപ്പെടുന്നുവെന്നും തെളിവുകളുടെ അഭാവത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയാല്‍ ജുഡീഷ്യറിയെ കുറ്റപ്പെടുത്തുന്നുവെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഹരജി പരിഗണിച്ചത്.

‘മൊബൈല്‍ ഫോണുള്ള എല്ലാവരും മാധ്യമങ്ങളായി മാറിയിരിക്കുന്നു’ എന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്റെ വാദത്തോട് ബെഞ്ച് യോജിച്ചു.

റോഡില്‍ ഒരാള്‍ രക്തം വാര്‍ന്നു കിടക്കുമ്പോഴും ആളുകള്‍ മൊബൈല്‍ ഫോണുകള്‍ പുറത്തെടുത്ത് കണ്ടന്റ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

മൊബൈല്‍ ഫോണിലൂടെ ആര്‍ക്കും എന്തും പ്രചരിപ്പിക്കാമെന്നത് വ്യാജ വാര്‍ത്തകള്‍ പടരാനും അന്വേഷണം വഴി തിരിച്ചുവിടാനും കാരണമാവുന്നുവെന്നും കോടതി പറഞ്ഞു.

നിയമം അനുശാസിക്കുന്ന രീതിയിലുള്ള നിഷ്പക്ഷമായ വിചാരണയ്ക്ക് ഇത്തരം അനിയന്ത്രിതമായ ഡിജിറ്റല്‍ ഇടപെടലുകള്‍ തടസ്സമാവുന്നുവെന്നും കോടതി പറഞ്ഞു.

കുറ്റകൃത്യങ്ങള്‍ നടന്നാലുടന്‍ പൊലീസ് മാധ്യമങ്ങളോട് സംസാരിക്കുന്നത് പ്രതിയുടെ സ്വഭാവത്തെകുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ മുന്‍വിധിയുണ്ടാക്കാന്‍ കാരണമാവുന്നു എന്നും കോടതി നിരീക്ഷിച്ചു.

ഇത് നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ മൂന്ന് മാസത്തിനുള്ളില്‍ പ്രത്യേക പൊലീസ് മാനുവല്‍ തയ്യാറാക്കണമെന്ന് സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കുന്ന ഏപ്രിലിന് ശേഷം ഹരജി പിന്‍വലിച്ച് വിപുലമായ സാധ്യതകളോടെ വീണ്ടും ഫയല്‍ ചെയ്യുന്നതാണ് നല്ലതെന്ന് ബെഞ്ച് ഹരജിക്കാരനോട് പറഞ്ഞു.

മാധ്യമങ്ങള്‍ എന്ന വ്യാജേന ആളുകള്‍ സ്വയം പ്രഖ്യാപിത മാധ്യമങ്ങളായി നടക്കുന്ന പ്രവണതയും നിലവിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

Content Highlight: Every person with a mobile phone becomes a journalist; Supreme Court says independent trial faces challenge

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more