കാസര്‍ഗോഡ്: കാന്‍സര്‍ ബാധിച്ച് മരിച്ച മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ അന്ത്യ കര്‍മങ്ങള്‍ ചെയ്ത് ലീഗ് നേതാവായ ജില്ലാ പഞ്ചായത്ത് അംഗം. ഉറ്റവരും ഉടവയരും ഉപേക്ഷിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന നാരയണന്റെ മൃതദേഹമാണ് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിലെ ഇര്‍ഫാന ഇഖ്ബാല്‍ ഏറ്റെടുത്തത്.
ശേഷം ഹൈന്ദവാചാര പ്രകാരം ചിതയൊരുക്കി സംസ്‌കരിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു ചിഗ്‌റുപദവ് സ്വദേശി നാരായണന്‍ മരിച്ചത്.
വായയില്‍ കാന്‍സര്‍ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ ഒരു മാസം മുമ്പാണ് കട വരാന്തയില്‍ പട്ടിണി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പിന്നീട് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും അസുഖം വശളായതോടെ തുടര്‍ ചികിത്സയ്ക്കായി ഇര്‍ഫാനയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറെയും മെഡിക്കല്‍ ഓഫീസറെയും വിവരമറിയിച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളോ ആര്‍.എസ്.എസ് പ്രവര്‍ത്തകരോ എത്തിയിരുന്നില്ല. പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന്, മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കാന്‍ നാരായണന്റെ രണ്ട് ഭാര്യമാരും മക്കളും ഇര്‍ഫാനയ്ക്ക് അനുമതി നല്‍കി.
പിന്നാലെ ഉപ്പളയില്‍ എത്തിച്ച മൃതദേഹം ചെറുഗോളി പൊതു ശ്മാശാനത്തില്‍ ഹൈന്ദവ ആചാര പ്രകാരം ഇര്‍ഫാന ഇഖ്ബാല്‍ ചിതക്ക് തീ കൊളുത്തി അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകരായ റിയാസ് പിലാത്തറ, മഹമൂദ് കൈകമ്പ തുടങ്ങിയവരും കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
നിലവില്‍ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ഇര്‍ഫാന ഇഖ്ബാല്‍, ഉറ്റവര്‍ നഷ്ടപ്പെട്ട് തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന അഗതികള്‍ക്കായി ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്ന ‘ഷെയ്ഖ് സായിദ് വൃദ്ധസദനം’ എന്ന സ്ഥാപനത്തിന്റെ സ്ഥാപക കൂടിയാണ്. അമ്പതോളം അന്തേവാസികളാണ് നിലവില്‍ ഈ സ്ഥാപനത്തില്‍ സംരക്ഷണയില്‍ കഴിയുന്നത്.
Content Highlight: Even close friends and family members did not take over; League woman leader performs last rites of former RSS worker
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.