യൂറോപ്യന്‍ യൂണിയന്‍ ട്രംപിന് മുന്നില്‍ വഴങ്ങരുത്: സ്പാനിഷ് സാംസ്‌കാരിക മന്ത്രി
World
യൂറോപ്യന്‍ യൂണിയന്‍ ട്രംപിന് മുന്നില്‍ വഴങ്ങരുത്: സ്പാനിഷ് സാംസ്‌കാരിക മന്ത്രി
നിഷാന. വി.വി
Friday, 6th March 2026, 2:54 pm

ഇസ്താംബൂള്‍: ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അഭ്യര്‍ത്ഥന നടത്തുന്നത് ഉപയോഗ ശൂന്യമാണെന്ന് സ്പാനിഷ് സാംസ്‌കാരിക മന്ത്രി ഏണസ്റ്റ് ഉര്‍താസുന്‍.

ട്രംപിന്റെ വ്യക്തിപരമായ താത്പര്യങ്ങളോ പൊങ്ങച്ചമോ പ്രോത്സാഹിപ്പിക്കുന്നത് പൂര്‍ണമായും ഉപയോഗ ശൂന്യമാണെന്ന വികാരം യൂറോപ്യന്‍ യൂണിയനില്‍ ഉയര്‍ന്നുവരുന്നുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് മുന്നോട്ട് പോവുന്നത് യൂറോപ്യന്‍ യൂണിയന്‍ അവസാനിപ്പിക്കണമെന്നും സ്പാനിഷ് മന്ത്രി വ്യക്തമാക്കി.

ട്രംപിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി യൂറോപ്പിന്റെ നിയമങ്ങളും ജനാധിപത്യ മൂല്യങ്ങളും അടിയറവ് വെയ്ക്കരുത്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ യൂറോപ്പ് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെതിരായ സൈനിക നീക്കത്തിന് പിന്നാലെ സ്‌പെയിനിലെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ സ്‌പെയിനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാംസ്‌കാരിക മന്ത്രിയുടെ പരാമര്‍ശം.

എന്നാല്‍ സ്‌പെയിന്‍ തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും ഉര്‍താസുന്‍ പറഞ്ഞു.

‘സ്പാനിഷ് ഗവണ്‍മെന്റ് എന്ന നിലയില്‍ ഞങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്, നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വ്യത്യസ്ത സൈനിക നടപടികള്‍ അവസാനിപ്പിക്കാനും ചര്‍ച്ചകളും സംഭാഷണങ്ങളും പുനരാരംഭിക്കാനും ശ്രമിക്കുന്നതിന്, സംഘര്‍ഷം ലഘൂകരിക്കുക എന്നതാണ്. ഇതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,’ ഉര്‍താസുന്‍ പറഞ്ഞു.

ഇറാനെതിരെ ഇസ്രഈല്‍-യു.എസ് സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യു.എസ് ബേസുള്ള ഗര്‍ഫ് രാജ്യങ്ങളിലേക്ക ഇറാന്‍ പ്രത്യാക്രമണം നടത്തുകയും ചെയ്തു. മേഖലയില്‍ വലിയ ആക്രമ ഭീഷണിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

Content Highlight: European Union should not bow to Trump: Spanish Culture Minister

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.