ടെല് അവീവ്: ഒലിവ് വിളവെടുപ്പ് കാണാന് വെസ്റ്റ് ബാങ്കിലെ ക്രിസ്ത്യന് ഫലസ്തീനി ഗ്രാമമായ തായ്ബെയിലെത്തിയ യൂറോപ്യന് നയതന്ത്ര പ്രതിനിധികളെ അക്രമിച്ച് ഇസ്രഈലി അധിനിവേശക്കാര്. ഫ്രാന്സ് , പോളണ്ട്, ബെല്ജിയം എന്നിവിടങ്ങളില് നിന്നുള്ളവരെയാണ് മുഖംമൂടി ധാരികളായ ഒരു സംഘം അക്രമിച്ച് പിടിച്ച് വെച്ചത്. ഇവരില് ഒരു ഫ്രഞ്ച് മേയറും ഉള്പ്പെടുന്നു.
വെള്ളിയാഴ്ച റമല്ലയ്ക്ക് സമീപമുള്ള അബു ഫലാഹ് ഗ്രാമത്തില് ഒലിവ് വിളവെടുപ്പ് റിപ്പോര്ട്ട് ചെയ്യാനെത്തിയ വാഷിങ്ടണ് പോസ്റ്റ് ഫോട്ടോഗ്രാഫര് ഹെയ്ഡി ലെവിനെ കുടിയേറ്റക്കാര് ആക്രമിച്ചിരുന്നു.
ഞായറാഴ്ച ആക്രമിക്കപ്പെട്ട സംഘത്തില് ബെല്ജിയം കോണ്സുലേറ്റ് ജനറല്, ഫ്രഞ്ച്, പോളിഷ് നയതന്ത്ര പ്രതിനിധികള്, കാത്തലിക് പ്രതിനിധികള് തുടങ്ങിയവരായിരുന്നു ഉണ്ടായിരുന്നതെന്ന് ബെല്ജിയന് വിദേശകാര്യമന്ത്രി മാക്സിം പ്രിവട്ട് പറഞ്ഞു.
ആക്രമണത്തെ ഇസ്രഈലിന്റെ അനധികൃത കുടിയേറ്റ നയവുമായി ബന്ധപ്പെടുത്തിയ പ്രിവട്ട് കൂടുതല് യൂറോപ്യന് യൂണിയന് ഉപരോധങ്ങള് ഏര്പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വടക്കന് ഫ്രാന്സിലെ ഓള്ന്വാ-എമ്രി നഗരത്തിന്റെ മേയറായ ബെര്ണാര്ഡ് ബാഡൂ ആക്രമിക്കപ്പെടുമ്പോള് ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന ചുവപ്പ്, വെള്ള, നീല നിറത്തിലുള്ള സാഷ് ധരിച്ചിരുന്നു വാഹനത്തില് കയറുന്നതിനിടെ ബാഡൂവിനെ അക്രമിസംഘം തള്ളിത്താഴെയിടുകയായിരുന്നു. ഫ്രഞ്ച് പട്ടണവും തായ്ബെയുമായുള്ള ഇരട്ടനഗര കരാര് ആരംഭിക്കുന്ന ചടങ്ങില് പങ്കെടുക്കാനെത്തിയതായിരുന്നും ബാഡൂ.
ഇസ്രഈലി ആക്രമികളുടെ ആക്രമണങ്ങള് വര്ഷങ്ങളായി വര്ധിച്ചുവരുന്നതിന്റെ ദുരിതം തായ്ബെയിലെ ഫലസ്തീന് നിവാസികള് അനുഭവിക്കുന്നുണ്ടെങ്കിലും, വിദേശ നയതന്ത്രജ്ഞരെ അവിടെ കുടിയേറ്റക്കാര് ലക്ഷ്യമിട്ടിരുന്നില്ലെന്ന് പട്ടണത്തിലെ ഇടവക വികാരി ഫാദര് ബഷാര് ഫവാദ്ലെ പറഞ്ഞു.
‘ഇന്ന് സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമല്ല. കുടിയേറ്റക്കാരുടെ അക്രമം ആശങ്കാജനകമായ രീതിയില് വര്ധിച്ചുവരുന്നതിന്റെ സൂചനയാണിത്,’ ഫവാദ്ലെ പറഞ്ഞു.
സെപ്തംബര് അവസാനത്തോടെ ആരംഭിച്ച ഈ വര്ഷത്തെ ഒലിവ് വിളവെടുപ്പ് ആരംഭിച്ചതുമുതല് ഇസ്രഈലി അനധികൃത കുടിയേറ്റക്കാരുടെ ആക്രമണം വര്ധിച്ചുവരികയാണ്. വിളവെടുപ്പിന് പാകമായ ഒലിവ് മരങ്ങള് ആക്രമിക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നിരുന്നു.
വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗം കാര്ഷിക ഭൂമിയും ഉള്പ്പെടുന്ന, ഇസ്രായേല് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഏരിയ സിയിലെ മരങ്ങളില്നിന്ന് ഫലസ്തീനികള്ക്ക് ഒലിവ് വിളവെടുക്കുന്നത് വിലക്കുന്ന പുതിയ ചട്ടങ്ങള് ഏര്പ്പെടുത്തി ഇസ്രഈല് ഈ വര്ഷത്തെ വിളവെടുപ്പിന് നേരത്തേതന്നെ കടുത്ത നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിരുന്നു.
ആക്രമണങ്ങളെ ഇസ്രായേല് വിദേശകാര്യ മന്ത്രി ഗിഡിയന് സാര് അപലപിക്കുകയും പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയും ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കിലേക്ക് സൈന്യവുമായി ഏകോപനം നടത്താതെ യാത്ര ചെയ്യുന്ന വിദേശ നയതന്ത്രജ്ഞര്ക്ക് ഇസ്രായേലി പൗരന്മാരില്നിന്ന് ആക്രമണം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന് നയതന്ത്രജ്ഞരെ ആക്രമിച്ചെന്ന റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തില് നിഗമനത്തിലെത്തുന്നതിന് മുമ്പ് ജാഗ്രത പാലിക്കണമെന്ന് ഇസ്രഈല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിന്റെ ഓഫീസ് ഇറക്കിയ പ്രസ്താവനയില് പറഞ്ഞു. ആരോപണം ഗുരുതരമാണെങ്കില് തെളിവുകള് ശക്തമാണെന്നും പ്രസ്താവനയില് പറയുന്നു.
‘വരും ദിവസങ്ങളില് കൂടുതല് ആരോപണങ്ങള് ഉയര്ന്നേക്കാം. എന്നാല് തെളിവുകളുടെ പൂര്ണമായും പരിശോധിക്കുമ്പോഴേക്കും തിടുക്കത്തിലുള്ള നിഗമനങ്ങള് മൂലമുണ്ടാകുന്ന പ്രതിച്ഛായ നഷ്ടം സംഭവിച്ചുകഴിഞ്ഞിരിക്കും’, പ്രസ്താവനയില് പറയുന്നു.
Content Highlight: European diplomats got attacked by Israeli settlers while visiting Olive farms in west bank.
