വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങള്‍ മോഷ്ടിക്കാനുള്ള നടപടി നിയമവിരുദ്ധം; ഇസ്രഈല്‍ പിന്മാറണമെന്ന് യൂറോപ്യന്‍ യൂണിയന്‍
west bank
വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങള്‍ മോഷ്ടിക്കാനുള്ള നടപടി നിയമവിരുദ്ധം; ഇസ്രഈല്‍ പിന്മാറണമെന്ന് യൂറോപ്യന്‍ യൂണിയന്‍
രാഗേന്ദു. പി.ആര്‍
Monday, 16th February 2026, 10:43 pm

ബ്രസല്‍സ്: വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രദേശങ്ങള്‍ ദേശീയ സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് ഇസ്രഈല്‍ പിന്മാറണമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഇസ്രഈലിന്റെ നടപടി നിയമവിരുദ്ധമായിരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വക്താവ് അനൗര്‍ എല്‍ അനൗനി പറഞ്ഞു.

ഇസ്രഈലിന്റെ ഈ തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തെ ദുര്‍ബലപ്പെടുത്തുമെന്നും അനൗനി പറഞ്ഞു. ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് ശേഷം യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസും ഫലസ്തീന്‍ അതോറിറ്റിയും ഇസ്രഈല്‍ നടപടിയില്‍ അതൃപ്തി അറിയിച്ചിരുന്നു. നിയമവിരുദ്ധമായ അധിനിവേശ ശക്തിയുടെ അസാധുവായ തീരുമാനമെന്നായിരുന്നു ഹമാസിന്റെ പ്രതികരണം.

ഞായറാഴ്ചയാണ് വെസ്റ്റ് ബാങ്കിലെ വലിയ പ്രദേശങ്ങള്‍ ദേശീയ സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിന് ഇസ്രഈല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇസ്രഈല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്, നീതിന്യായ മന്ത്രി യാരിവ് ലെവിന്‍, പ്രതിരോധമന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് എന്നിവര്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.

1967ന് ശേഷം ആദ്യമായാണ് ഇസ്രഈല്‍ ഫലസ്തീന്‍ പ്രദേശങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അനധികൃതമായി ഭൂമി പിടിച്ചെടുക്കുന്ന ഈ നടപടിയിലൂടെ വെസ്റ്റ് ബാങ്കിലെ ഭൂമിയില്‍ സ്ഥിരമായ ഉടമസ്ഥാവകാശം സ്ഥാപിക്കാനാണ് ഇസ്രഈലിന്റെ ശ്രമം.

എന്നാല്‍ അന്താരാഷ്ട്ര നിയമം അനുസരിച്ച് അധിനിവേശ ശക്തികള്‍ക്ക് അധിനിവേശ പ്രദേശങ്ങളിലെ ഭൂമി സ്വന്തമാക്കാന്‍ സാധിക്കില്ല. 1967ന് ശേഷം നിയമപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇസ്രഈല്‍ ഫലസ്തീനിലെ പല പ്രദേശങ്ങളും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

2024 ജൂലൈയില്‍, ഇസ്രഈല്‍ ഫലസ്തീന്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജെറുസലേമിലെയും എല്ലാ ഇസ്രഈല്‍ സെറ്റില്‍മെന്റുകളും ഒഴിപ്പിക്കാനും ഐ.സി.സി ഉത്തരവിട്ടിരുന്നു.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തെ തുടര്‍ന്നാണ് ഇസ്രഈല്‍ ഗസയില്‍ യുദ്ധമാരംഭിച്ചത്. പിന്നാലെ വെസ്റ്റ് ബാങ്കിലും ഫലസ്തീനികള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇസ്രഈല്‍ സൈന്യവും ഇസ്രഈലി കുടിയേറ്റക്കാരുമാണ് ഫലസ്തീനികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നത്.

ഫലസ്തീനികളെ പരസ്യമായി മര്‍ദിച്ചും കൃഷിയിടങ്ങള്‍ നശിപ്പിച്ചും വാഹനങ്ങളും വിളകളും കത്തിച്ചുമാണ് ഇസ്രഈലികളുടെ ക്രൂരത. ഈ അതിക്രമങ്ങള്‍ക്ക് മന്ത്രി സ്‌മോട്രിച്ചിന്റെ കണ്ണടച്ചുകൊണ്ടുള്ള പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Content Highlight: EU calls on Israel to reverse move to register occupied West Bank territories as national property

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.