എല്ലാവരും നിര്‍ബന്ധിച്ചത് കൊണ്ട് ആ സിനിമ ചെയ്തു; ദൃശ്യം പോലൊരു വിജയം എപ്പോഴും കിട്ടില്ല: എസ്തര്‍ അനില്‍
Malayalam Cinema
എല്ലാവരും നിര്‍ബന്ധിച്ചത് കൊണ്ട് ആ സിനിമ ചെയ്തു; ദൃശ്യം പോലൊരു വിജയം എപ്പോഴും കിട്ടില്ല: എസ്തര്‍ അനില്‍
ഐറിന്‍ മരിയ ആന്റണി
Thursday, 9th April 2026, 7:58 am

ബാലതാരമായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തര്‍ അനില്‍. അജി ജോണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച എസ്തര്‍, ദൃശ്യത്തിലൂടെയാണ് ഇന്ത്യയൊട്ടാകെ പോപ്പുലറായത്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച താരം ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ കമല്‍ഹാസന്റെ മകളായും അഭിനയിച്ചു. ജീത്തു ജോസഫിന്റെ സിനിമയില്‍ ഭാഗമായ എസ്തര്‍ ഷാജി എന്‍. കരുണ്‍, ടി.വി. ചന്ദ്രന്‍ തുടങ്ങിയ മികച്ച സംവിധായകരുടെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മനോരമ ആഴ്ച്ചപതിപ്പുമായുള്ള അഭിമുഖത്തില്‍ പ്രമുഖ സംവിധായകരുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ടെന്നും ദൃശ്യം പോലൊരു സിനിമ എപ്പോഴും സംഭവിക്കണമില്ലെന്നും നടി പറയുന്നു.

‘വലിയ ഡയറക്ടേഴ്സിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന സമയത്ത് അതിന്റെ പ്രാധാന്യം മനസിലാക്കാനുള്ള പ്രായം എനിക്കുണ്ടായിരുന്നില്ല. ചന്ദ്രന്‍ സാറിന്റെ സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് ഏഴ് വയസായിരുന്നു. ഷാജി സാറിന്റെ ‘ഓള്’ ചെയ്യുമ്പോള്‍ ഒരു 15-16 വയസുണ്ടാകും. സംവിധായകര്‍ പറയുന്നത് പോലെ ചെയ്യുക എന്നതായിരുന്നു എന്റെ രീതി.

Photo: എസ്തര്‍ അനില്‍ Screengrab/ The hindu

കഥ അത്ര മനസിലാകാത്തത് കൊണ്ടും ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്ന പേടിയും കാരണം ‘ഓള്‍’ എന്ന സിനിമ ചെയ്യണോ എന്നു പോലും ആദ്യം സംശയിച്ചിരുന്നു. ഒടുവില്‍ എല്ലാവരും നിര്‍ബന്ധിച്ചത് കൊണ്ടാണ് ചെയ്തത്. ഷാജി സാര്‍ എന്നെ നന്നായി ഗൈഡ് ചെയ്തിരുന്നു. ഇപ്പോഴാണ് അതിന്റെ മൂല്യം മനസിലാകുന്നത്. ഈ രണ്ട് പേരുടെ സിനിമയിലും അഭിനയിക്കാന്‍ പറ്റിയത് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരു ഭാഗ്യവും അനുഗ്രഹവുമായി കരുതുന്നു,’ എസ്തര്‍ പറയുന്നു.

ജയവും പരാജയവും സിനിമാമേഖലയുടെ ഒരു ഭാഗമാണെന്നാണ് താന്‍ മനസിലാക്കിയതെന്നും ദൃശ്യം പോലെ ഒരു വലിയ വിജയം എപ്പോഴും കിട്ടില്ലെന്നും എസ്തര്‍ പറയുന്നു. ഓരോ സിനിമയും ദൃശ്യവുമായി താരതമ്യം ചെയ്യപ്പെടുമെന്നും സക്സസ് എപ്പോഴും നമ്മുടെ കൂടെ ഉണ്ടായെന്ന് വരില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. നമ്മള്‍ നമ്മുടെ ജോലി നന്നായി ചെയ്യുക എന്നത് മാത്രമാണ് പ്രധാനമെന്നും എസ്തര്‍ പറഞ്ഞു.

നല്ല പ്രൊഡക്ഷന്‍ ഹൗസുകളുടെയും വലിയ അഭിനേതാക്കളുടെയും കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയെന്നത് വലിയൊരു പ്രിവിലേജ് ആണെന്നും ഇന്നും ആളുകള്‍ തന്നെ തിരിച്ചറിയുന്നത് ദൃശ്യത്തിലെയും പാപനാശത്തിലെയും അനുമോള്‍ ആയിട്ടാണെന്നും നടി പറഞ്ഞു.

ദൃശ്യം 3യാണ് താരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. സിനിമാപ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം മെയ് 21നാണ് തിയേറ്ററുകളിലെത്തുന്നത്. ഏപ്രില്‍ 2ന് എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് പിന്നീട് മാറ്റുകയായിരുന്നു.

പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ മാര്‍ക്കറ്റ് ഇടിയാന്‍ സാധ്യതയുള്ളതിനാലാണ് സിനിമയുടെ റിലീസ് നീട്ടിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Esther Anil talks about the films Oolu and Drishyam

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.