പെട്രോളിന് രണ്ട് രൂപയല്ലേ കൂട്ടിയത് എന്ന് പറഞ്ഞിട്ട് കാര്യമില്ല, അത് നമ്മളറിയാതെ നമ്മളെ ബാധിക്കുന്നുണ്ട്: എസ്തര്‍ അനില്‍
Malayalam Cinema
പെട്രോളിന് രണ്ട് രൂപയല്ലേ കൂട്ടിയത് എന്ന് പറഞ്ഞിട്ട് കാര്യമില്ല, അത് നമ്മളറിയാതെ നമ്മളെ ബാധിക്കുന്നുണ്ട്: എസ്തര്‍ അനില്‍
അശ്വിന്‍ രാജേന്ദ്രന്‍
Friday, 5th June 2026, 7:10 am

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് എസ്തര്‍ അനില്‍. ബാലതാരമായി സിനിമയിലെത്തി പിന്നീട് യുവ നടിയായി വളര്‍ന്ന താരം, ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയെടുത്തത്. അജി ജോണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നല്ലവന്‍ ആണ് താരത്തിന്റെ ആദ്യ ചിത്രം. ദൃശ്യത്തിന്റെ റീമേക്കായി തമിഴില്‍ പുറത്തിറങ്ങിയ പാപാനാശത്തിലും താരം തന്നെയായിരുന്നു അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ മെയ് 21ന് പുറത്തിറങ്ങിയ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിലും ശ്രദ്ധേയമായ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കൈയടി നേടുകയാണ് എസ്തര്‍. റിലീസ് ചെയ്ത് രണ്ടാഴ്ച്ച മാത്രം പിന്നിടുമ്പോള്‍ 225 കോടിയോളമാണ് ചിത്രം ആഗോളതലത്തില്‍ ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ദി ഷോ സ്‌കേപ്പ് ജേണല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിദേശത്ത് ജോലി ചെയ്യാനായി പോകുന്നവര്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ച് എസ്തര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ദൃശ്യo 3. Photo: X.com

‘കൊവിഡിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍വൈവ് ചെയ്യാന്‍ ആളുകള്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ഏകദേശം കഴിഞ്ഞ നാല് വര്‍ഷങ്ങളായി ജോലി കിട്ടാനും സര്‍വൈവ് ചെയ്യാനും വളരെയധികം ബുദ്ധിമുട്ടാണ്. ഗവണ്‍മെന്റിന്റെ സാലറി സ്ലാബ് അടക്കം അവിടെ വലിയ രീതിയില്‍ വര്‍ദ്ധിപ്പിച്ച് കുട്ടികള്‍ക്ക് ഫേവറിബിള്‍ അല്ലാത്ത സിറ്റുവേഷന്‍ അവിടെ ഉണ്ടായിട്ടുണ്ട്.

ഇന്ത്യയില്‍ താമസിക്കുന്നത് കൊണ്ട് തന്നെ പല കാര്യങ്ങളും നമ്മള്‍ തിരിച്ചറിയുന്നില്ല. ഈയിടെയാണ് ഞാന്‍ വായിച്ചത് പെട്രോളിന് രണ്ട് രൂപ കൂടി എന്നുള്ള വാര്‍ത്ത. ഓ രണ്ട് രൂപയല്ലേ എന്ന് നമ്മള്‍ വളരെ കൂളായിട്ട് ഇങ്ങനെ പറയുകയാണ്. പക്ഷേ അത് നമ്മളെ ഭയങ്കരമായിട്ട് ബാധിക്കുന്നുണ്ട്. നമ്മളത് തിരിച്ചറിയുന്നില്ല എന്ന് മാത്രമേയുള്ളൂ. ഇവിടെ നമ്മുടെ സ്വന്തം നാടായത് കൊണ്ട് കുഴപ്പമില്ല. പുറത്ത് പോകുമ്പോള്‍ നമ്മള്‍ സിറ്റിസണ്‍സുമല്ല, താത്കാലികമായി ഒരു ബേസ് ഉണ്ടാക്കണം എന്ന് കരുതി പോകുന്നതാണ്.

ലിവിങ് കോസ്റ്റ്, താമസ സൗകര്യം, ജോലി കിട്ടാനുള്ള പ്രയാസം തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നുവെച്ച് നാട്ടില്‍ നില്‍ക്കാമെന്ന് വിചാരിച്ചാല്‍ ഇവിടെ ജോലിയുമില്ല. അതുകൊണ്ട് തന്നെ ഇതെല്ലാം ഒരുപാട് കാര്യങ്ങളുടെ മിക്‌സാണ്. എനിക്കും കൃത്യമായി ഒരാളുടെ അടുത്ത് പറഞ്ഞുകൊടുക്കാന്‍ പറ്റുന്നില്ല. പുറത്ത് പോകണോ ഇവിടെ നില്‍ക്കണോ എന്ന്. നാട്ടിലുള്ളപ്പോള്‍ നമുക്കുള്ള സമാധാനം നമുക്ക് പരിചയമുള്ള ആളുകളുടെ കൂടെ നില്‍ക്കാം എന്നതാണ്. പുറത്താണെങ്കില്‍ അതുമില്ല, ഇത് നമ്മളെ മാനസികമായും തളര്‍ത്തും. എല്ലാം ഓരോരുത്തരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് നടക്കുന്നത്,’ എസ്തര്‍ അനില്‍ പറഞ്ഞു.

Content Highlight: Esther anil talks about the challenges faced by students in Foreign countries

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.