ടി-20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച താരങ്ങളെ തെരഞ്ഞെടുത്ത് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ. അന്താരാഷ്ട്ര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ലീഗുകളിലും തിളങ്ങിയ സൂപ്പര്‍ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനെയാണ് ഏറ്റവും മികച്ച ടി-20 ക്രിക്കറ്ററായി തെരഞ്ഞെടുത്തിരിക്കുന്നത്. ഐ.പി.എല്ലും സി.പി.എല്ലും അടക്കമുള്ള വിവിധ ഫ്രാഞ്ചൈസി ലീഗുകളിലെ മിന്നും പ്രകടനമാണ് താരത്തെ ഏറ്റവും മികച്ച ടി-20 ക്രിക്കറ്ററാക്കി മാറ്റിയത്.
ടി-20 ഫോര്‍മാറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് റാഷിദ് ഖാന്‍. 472 ഇന്നിങ്‌സില്‍ നിന്നും 18.57 ശരാശരിയിലും 16.9 സ്‌ട്രൈക്ക് റേറ്റിലും 643 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ടി-20 കരിയറില്‍ നാല് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ റാഷിദ് ഖാന്‍ 16 തവണ നാല് വിക്കറ്റ് നേട്ടവും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ടിം സൗത്തിക്ക് ശേഷം രണ്ടാമനും റാഷിദ് ഖാനാണ്. 161 വിക്കറ്റുകളാണ് അഫ്ഗാന്‍ ജേഴ്‌സിയില്‍ താരം സ്വന്തമാക്കിയത്.
ബാറ്റെടുത്ത 283 ഇന്നിങ്‌സില്‍ നിന്നും അഞ്ച് അര്‍ധ സെഞ്ച്വറി ഉള്‍പ്പടെ 2589 റണ്‍സും റാഷിദ് സ്വന്തമാക്കിയിട്ടുണ്ട്.
സുനില്‍ നരെയ്ന്‍ രണ്ടാമനായും എ.ബി. ഡി വില്ലിയേഴ്‌സ് മൂന്നാമനായും ഇടം നേടിയ ലിസ്റ്റിലെ നാലാമന്‍ ലസിത് മലിംഗയും അഞ്ചാമന്‍ ആന്ദ്രേ റസലുമാണ്.
അഫ്ഗാനിസ്ഥാന്‍ ദേശീയ ടീമിന് പുറമെ അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്‌സ്, അഫ്ഗാനിസ്ഥാന്‍, ബന്ദ്-അമീര്‍ ഡ്രാഗണ്‍സ്, ബാര്‍ബഡോസ് ട്രൈഡന്റ്‌സ്, കോമില്ല വിക്ടോറിയന്‍സ്, ഡര്‍ബന്‍ ഹീറ്റ്, ഗുജറാത്ത് ടൈറ്റന്‍സ്, ഗയാന ആമസോണ്‍ വാറിയേഴ്‌സ്, ഐ.സി.സി വേള്‍ഡ് ഇലവന്‍, കാബൂള്‍ സ്വാനന്‍, ലാഹോര്‍ ഖലന്ദേഴ്‌സ്, എം.ഐ കേപ് ടൗണ്‍, എം.ഐ ന്യൂയോര്‍ക്ക്, സ്പീന്‍ ഘര്‍ ടൈഗേഴ്‌സ്, സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയറ്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, സസക്‌സ്, ട്രെന്റ് റോക്കറ്റ്‌സ് എന്നിവര്‍ക്ക് വേണ്ടിയാണ് റാഷിദ് കളത്തിലിറങ്ങിയത്.
ജസ്പ്രീത് ബുംറയാണ് ഈ ലിസ്റ്റിലെ ആദ്യ ഇന്ത്യന്‍ താരം. ഏഴാമതായാണ് ബുംറ ഇടം നേടിയിരിക്കുന്നത്. എം.എസ്. ധോണി. സൂര്യകുമാര്‍ യാദവ്, സുരേഷ് റെയ്‌ന, വിരാട് കോഹ് ലി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ആദ്യ 25ലുണ്ട്.