ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട് അതികായകരായ മാഞ്ചസ്റ്റര്‍ സിറ്റി. ഒമ്പത് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഫുള്‍ഹാമിനെയാണ് ടീം പരാജയപ്പെടുത്തിയത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. വിജയത്തോടെ മൂന്നാം സ്ഥാനത്തുള്ള ചെല്‍സിയുമായി പോയിന്റ് നാലായി ഉയര്‍ത്താന്‍ ടീമിന് സാധിച്ചു.
ഈ മത്സരത്തില്‍ സിറ്റിക്കായി ആദ്യ ഗോള്‍ നേടിയത് സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടാണ്. 17ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍. ജെറമി ഡോകു നല്‍കിയ പാസ് സ്വീകരിച്ചാണ് ഹാലണ്ട് സിറ്റിയെ മുന്നിലെത്തിച്ച ഗോള്‍ വലയില്‍ എത്തിച്ചത്.
ഗോൾ നേട്ടം ആഘോഷിക്കുന്ന എർലിങ് ഹാലണ്ട് Photo: Manchester city/X.com
ഈ ഗോള്‍ നേട്ടത്തോടെ ഹാലണ്ടിന് പ്രീമിയര്‍ ലീഗില്‍ 100 ഗോളുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഒപ്പം ഈ നേട്ടത്തില്‍ ഏറ്റവും വേഗത്തില്‍ എത്തുന്ന താരമെന്ന റെക്കോഡും നോര്‍വേ സ്ട്രൈക്കര്‍ സ്വന്തം അക്കൗണ്ടിലെത്തിച്ചു. 30 വര്‍ഷത്തെ റെക്കോഡ് തകര്‍ത്താണ് താരത്തിന്റെ ഈ നേട്ടം.
1995ല്‍ അലന്‍ ഷിയറര്‍ കുറിച്ച റെക്കോഡാണ് ഇതോടെ തകര്‍ക്കപ്പെട്ടത്. ഇംഗ്ലണ്ട് താരം 124 മത്സരങ്ങളില്‍ കളിച്ചാണ് ഈ മാര്‍ക്ക് പിന്നിട്ടത്. എന്നാല്‍ ഹാലണ്ടിന് ഈ സ്‌പെഷ്യല്‍ സെഞ്ച്വറിയിലെത്താന്‍ വേണ്ടി വന്നത് വെറും 111 മത്സരങ്ങളാണ്.
പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ 100 ഗോളുകള്‍ നേടിയ താരങ്ങള്‍, മത്സരങ്ങള്‍
അതേസമയം, മത്സരത്തില്‍ ഹാലണ്ടിന് പുറമെ സിറ്റിക്കായി ഫില്‍ ഫോഡന്‍ രണ്ട് ഗോളും ടൈജ്ജാനി റെയ്ണ്ടേഴ്‌സ് ഒരു ഗോളും നേടി. 44ാം മിനിട്ടിലും 48ാം മിനിട്ടിലുമാണ് ഫോഡന്‍ ടീമിനായി പന്ത് വലയിലെത്തിച്ചത്. 37ാം മിനിറ്റിലായിരുന്നു റെയ്ണ്ടേഴ്‌സിന്റെ ഗോള്‍ നേട്ടം.
മത്സരത്തിനിടെ ഫിൽ ഫോഡൻ Photo: Manchester city/X.com
സിറ്റിയിലൂടെ വിജയത്തില്‍ നിര്‍ണായകമായ അഞ്ചാം ഗോള്‍ ഫുള്‍ഹാം താരം സാന്‍ഡര്‍ ബെര്‍ജിന്റെ ഓണ്‍ ഗോളിലൂടെയായിരുന്നു.
മറുവശത്ത് സാമുവല്‍ ചുക്വൂസ് ഇരട്ട ഗോളും അലക്‌സ് അവോബിയും എമില്‍ സ്മിത്ത് റോവും ഓരോ ഗോളും നേടി.
Content Highlight: Erling Haland became fastest player to score 100 goals in English Premier League