യൂറോപ്പിൽ ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങൾ ഒരു ഇടവേളക്ക് ശേഷം വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. ലോകകപ്പിനോട് അനുബന്ധിച്ച് നിർത്തി വെച്ചിരുന്ന ലീഗുകളാണ് ഡിസംബർ 26 മുതൽ വീണ്ടും തുടങ്ങിയത്. ഡിസംബർ, ജനുവരി മാസങ്ങളിലായി മറ്റു പ്രമുഖ യൂറോപ്യൻ ലീഗുകളും പുനരാരംഭിക്കും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി അവരുടെ തിരിച്ച് വരവ് ഗംഭീരമാക്കിയിട്ടുണ്ട്.
മത്സരത്തിൽ ഹാലണ്ട് നേടിയ ഇരട്ട ഗോളുകൾക്കാണ് കളി സിറ്റി കയ്യിലൊതുക്കിയത്. കളിയുടെ ആദ്യ പകുതിയുടെ അധിക സമയത്ത് റോഡ്രി നേടിയ ഗോളിന് സിറ്റി മത്സരത്തിൽ ലീഡ് എടുത്തിരുന്നു.
പിന്നീട് മത്സരത്തിന്റെ 51,64 മിനിട്ടുകളിൽ ഹാലണ്ട് നേടിയ ഇരട്ട ഗോളുകൾക്ക് സിറ്റി മുന്നിൽ എത്തുകയായിരുന്നു.കളിയിലെ ലീഡ്‌സിന്റെ ആശ്വാസഗോൾ പാസ്ക്കൽ സ്‌ട്രുജിക്ക് സ്വന്തമാക്കി.

ലീഡ്സിനെതിരെ ഇരട്ട ഗോളുകൾ സ്വന്തമാക്കിയതോടെ ഹാലണ്ട് പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ ഇരുപത് ഗോളുകൾ സ്വന്തമാക്കിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കി.14 മത്സരങ്ങളിൽ നിന്നുമാണ് താരം 20 ഗോളുകൾ അടിച്ചുകൂട്ടിയത്.

കൂടാതെ ചെൽസി,ക്രിസ്റ്റൽ പാലസ്, ആസ്റ്റൺ വില്ല, ബേർൺ മൗത്ത്, വെസ്റ്റ് ഹാം, എവർട്ടൺ, വൂൾവ്സ്, നോട്ടിങ്ഹാം ഫോറസ്റ്റ്, സതാംപ്ടൻ മുതലായ ടീമുകൾക്ക് ഇത് വരെ മൊത്തം ഗോൾ നേട്ടം ഇരുപതിൽ എത്തിക്കാൻ സാധിക്കാതിരിക്കുമ്പോഴാണ് സിറ്റിക്കായി ഹാലണ്ട് തന്റെ ഗോളടി തുടരുന്നത്.
പ്രീമിയർ ലീഗിൽ മാൻ സിറ്റി ഇത് വരെ 43 ഗോളുകളാണ് സ്വന്തമാക്കിയത്. അതിൽ പകുതിക്കടുത്തും സ്വന്തമാക്കിയത് ഹാലണ്ടാണ്.
മത്സര ശേഷം മാധ്യമ പ്രവർത്തകർക്ക് നൽകിയ ആഭിമുഖത്തിൽ തന്റെ ഗോളടിച്ചുകൂട്ടൽ തുടരും എന്ന സൂചന തന്നെയാണ് ഹാലണ്ട് നൽകിയത്.
“ലോകകപ്പിൽ മറ്റു കളിക്കാർ ഗോളുകൾ നേടുന്നത് കണ്ടത് എന്നെ പ്രകോപിപ്പിച്ചു.അത് എനിക്ക് ആത്മവിശ്വാസം നൽകി. ഒരു തരത്തിൽ അത് എന്നെ ശല്യപ്പെടുത്തിയെന്നും പറയാം,’ ഹാലണ്ട് പറഞ്ഞു.

ഹാലണ്ടിന്റെ രാജ്യമായ നോർവെക്ക് ലോകകപ്പ് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല.
ലോകകപ്പിൽ കളിക്കാൻ പറ്റാത്തത് കൊണ്ട് തനിക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥ വന്നെന്നും. വീട്ടിൽ ആരും കേൾക്കാനില്ലെങ്കിലും താൻ ലോകകപ്പിന് കമന്ററി പറയുകയായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.
ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നുമാണ് താരത്തെ മാഞ്ചസ്റ്റർ സിറ്റി ടീമിലെടുത്തത്. ബോക്സിലേക്ക് എത്തുന്ന പന്തിലേക്ക് കുതിച്ച് ചാടി അത് ഗോളാക്കാനുള്ള താരത്തിന്റെ മികവും, വേഗതയും, ഉയരകൂടുതലുമാണ് താരത്തെ മറ്റു കളിക്കാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

അതേസമയം ലീഡ്‌സിനെതിരായ മത്സരത്തിൽ വിജയിക്കാൻ സാധിച്ചതോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ രണ്ടാമതെത്തിയിട്ടുണ്ട്. ന്യൂ കാസിൽ യുണൈറ്റഡിനെ പിന്തള്ളിയാണ് സിറ്റിയുടെ മുന്നേറ്റം.
Content Highlights:Erling Haaland makes the English Premier League is very easy to score



