ഫുട്‌ബോൾ ചർച്ചകളിൽ ഒരിക്കലും കളം വിടാത്ത രണ്ട് പേരുകളാണ് ഇതിഹാസങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇരുവരിലും ആരാണ് മികച്ചതെന്ന ചോദ്യവും ഇവരുടെ പേര് പോലെ തന്നെ സജീവമാണ്. ഈ ചോദ്യമെന്നും ഫുടബോൾ ആരാധകരെ ഇരു ചേരികളിൽ ആക്കാറുണ്ട്.
മെസിയും റോണയും യൂറോപ്പ് വിട്ട് മറ്റ് ലീഗുകളിലേക്ക് ചേക്കേറിയിട്ടും ഇവരെ പരാമർശിക്കാതെ ദിവസങ്ങൾ വളരെ കുറവാണ്. ആരാധകർ ഇവരെ എന്നും നെഞ്ചോട് ചേർക്കുമ്പോൾ തന്നെ മറുവശത്ത് യുവതാരങ്ങൾ സ്പോട്ട് ലൈറ്റിലേക്ക് എത്തിയിട്ടുണ്ട്. ഇവരൊക്കെ മികച്ച പ്രകടനങ്ങളുമായി കളിക്കളം വാഴുമ്പോൾ മെസി – റൊണാൾഡോ എന്നിവരിൽ ആരാണ് മികച്ചതെന്ന് ചോദ്യം നേരിടാറുണ്ട്.
ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നോർവീജിയൻ താരം ഏർലിങ് ഹാലണ്ടും ഈ ചോദ്യത്തിൽ പ്രതികരിക്കുകയാണ്. മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഓരോ ഫുട്‍ബോളർക്കും പ്രചോദനമാണെന്ന് താരം പറഞ്ഞു. ക്രിസ്റ്റ്യാനോ തന്റെ ശരീരം പരിപാലിക്കുന്നത് അതിശയകരമാണെന്നും താരം കൂട്ടിച്ചേർത്തു. ടി.എൻ.ടി ബ്രസീലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹാലണ്ട്.
‘ലോകത്തിലെ ഏതൊരു ഫുട്ബോൾ കളിക്കാരനും, ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും റോൾ മോഡലുകളാണ്. വർഷങ്ങളോളം മികച്ച ലീഗുകളിൽ ഉയർന്ന നിലവാരമുള്ള പ്രകടനം കാഴ്ചവെക്കാൻ എങ്ങനെ പരിശീലിക്കണമെന്ന് അവർ കാണിച്ച് തരുന്നു.
രണ്ടുപേരും ഓരോ ഫുട്ബോളർക്കും പ്രചോദനമാണ്. പക്ഷേ റൊണാൾഡോ തന്റെ രീതികളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ നമുക്ക് മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തന്റെ ശരീരം എങ്ങനെ പരിപാലിക്കുന്നു എന്നത് വളരെ അതിശയകരമാണ്.
40 വയസായിട്ടും അദ്ദേഹത്തിന് ഇപ്പോഴും കളിക്കാൻ കഴിയുന്നു എന്നത് തന്നെ അവിശ്വസനീയമാണ്. ഈ വയസിലും കളിക്കുക എന്നത് എളുപ്പമല്ല. അതിനാൽ അദ്ദേഹത്തോട് ബഹുമാനമുണ്ട്,’ ഹാലണ്ട് പറഞ്ഞു.
Content Highlight: Erling Haaland on Lionel Messi and Cristiano Ronaldo