എതിരാളികളാണ്, പക്ഷേ ഈ നേട്ടത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പം!
Football
എതിരാളികളാണ്, പക്ഷേ ഈ നേട്ടത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പം!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th December 2025, 5:20 pm

പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റി വിജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു സിറ്റി ക്രിസ്റ്റല്‍ പാലസിനെ തളച്ചത്. ഏര്‍ലിങ് ഹാലണ്ടിന്റെ കരുത്തിലാണ് ടീമിന്റെ തകര്‍പ്പന്‍ വിജയം.

മത്സരത്തില്‍ ഹാലണ്ട് ഇരട്ട ഗോളുമായാണ് തിളങ്ങിയത്. ടീമിന്റെ ആദ്യ ഗോളും മൂന്നാം ഗോള്‍ ഹാലണ്ടിന്റെ ബൂട്ടില്‍ നിന്നായിരുന്നു. 41ാം മിനിറ്റിലായിരുന്നു താരത്തിന്റെ ആദ്യ ഗോള്‍. രണ്ടാം ഗോളാവട്ടെ പിറന്നത് 89ാം മിനിട്ടിലായിരുന്നു. ഇതോടെ നോര്‍വീജിയന്‍ താരത്തിന് സിറ്റിക്കായുള്ള ഗോള്‍ നേട്ടം 147 ആയി ഉയര്‍ത്താന്‍ സാധിച്ചു.

Photo: Manchester City/x.com

ഇതോടെ ഹാലണ്ട് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്നു. ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 145 ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. ഈ സ്റ്റാറ്റസിനെക്കാള്‍ രണ്ട് ഗോളുകള്‍ കൂടുതല്‍ ഹാലണ്ടിന് നേടാന്‍ സാധിച്ചു.

ഒപ്പം, ഈ സീസണിലെ യൂറോപ്യന്‍ ടോപ് സ്‌കോറര്‍മാരില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും റയല്‍ മാഡ്രിഡിന്റെ കിലിയന്‍ എംബാപ്പെയ്ക്ക് ഒപ്പമെത്താനും ഹാലണ്ടിന് സാധിച്ചു. ഇരുവരും ഈ സീസണില്‍ 17 ഗോളുകള്‍ വീതമാണ് കളിച്ചത്. ബയേണ്‍ മ്യൂണിക്കിന്റെ ഹാരി കെയ്‌നാണ് ഈ ലിസ്റ്റില്‍ മുന്നിലുള്ളത്.

കിലിയന്‍ എംബാപ്പെ. Photo: Kim88vn/x.com

യൂറോപ്യന്‍ ടോപ് സ്‌കോറര്‍മാര്‍ 2025

(താരം – ടീം – മത്സരങ്ങള്‍ – ഗോളുകള്‍ എന്നീ ക്രമത്തില്‍)

ഹരി കെയ്ന്‍ – ബയേണ്‍ മ്യൂണിക്ക് – 14 – 18

അയാസെ യുഡ – ഫെയ്നൂര്‍ദ് – 16 – 18

ഏര്‍ലിങ് ഹാലണ്ട് – മാഞ്ചസ്റ്റര്‍ സിറ്റി – 16 – 17

കിലിയന്‍ എംബാപ്പെ – റയല്‍ മാഡ്രിഡ് – 17 – 17

വാന്‍ഗെലിസ് പാവ്ലിഡിസ് – ബെന്‍ഫിക്ക – 14 – 13

അയൂബ് എല്‍ കാബി – ഒളിമ്പിക്കോസ് – 14 -12

ലൂയിസ് സുവാരസ് – സ്‌പോര്‍ട്ടിങ് സി.പി – 14 – 11

മേസണ്‍ ഗ്രീന്‍വുഡ് – ഒളിമ്പിക് ഡി മാര്‍സെയില്‍ – 15 – 11

പോള്‍ ഒനുവാച്ചു – ട്രാബ്‌സോണ്‍സ്‌പോര്‍ – 15 -11

ഫെറാന്‍ ടോറസ് – എഫ്.സി ബാഴ്സലോണ – 16 – 11

അതേസമയം, മത്സരത്തില്‍ ഹാലണ്ടിന് പുറമെ ഫില്‍ ഫോഡനും സിറ്റിക്കായി ഗോള്‍ സ്‌കോര്‍ ചെയ്തു. 69ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍.

Content Highlight: Erling Haaland equalled with Kylian Mbappe in European Top scorers of this season