മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടിയന്ത്രം; ചരിത്രനേട്ടത്തിന്റെ പുതിയ അവകാശി ഹാലണ്ട്
Football
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടിയന്ത്രം; ചരിത്രനേട്ടത്തിന്റെ പുതിയ അവകാശി ഹാലണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th November 2023, 9:07 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ലിവര്‍പൂള്‍-സിറ്റി മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സൂപ്പര്‍ താരം ഏര്‍ലിങ് ഹാലണ്ടാണ് സിറ്റിയുടെ ഗോള്‍ നേടിയത്.

ഈ ഗോളിലൂടെ അവിസ്മരണീയ ചരിത്രനേട്ടമാണ് ഹാലണ്ട് സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ 50 ഗോളുകള്‍ നേടുന്ന തരാമെന്ന നേട്ടത്തിലേക്കാണ് ഹാലണ്ട് കാലെടുത്തുവെച്ചത്. വെറും 48 മത്സരങ്ങളില്‍ നിന്നുമാണ് നോര്‍വീജിയന്‍ സൂപ്പര്‍ താരം ഈ മിന്നും റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ 50 ഗോളുകള്‍ നേടിയ (താരങ്ങള്‍, മത്സരങ്ങള്‍)

ഏര്‍ലിങ് ഹാലണ്ട്-48
ആന്‍ഡി കോള്‍-65
അലന്‍ ഷെരാര്‍-66
റൗഡ് വാന്‍ നിസ്റ്റര്‍ലോയ്-68
ഫെര്‍ണാണ്ടോ ടോറസ്-78

ഈ സീസണില്‍ 20 മത്സരങ്ങളില്‍ നിന്നും 18 ഗോളുകളാണ് ഹാലണ്ട് നേടിയത്. കഴിഞ്ഞ സീസണില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമാണ് ഹാലണ്ട് സിറ്റിയില്‍ എത്തുന്നത്. കഴിഞ്ഞ സീസണില്‍ സിറ്റിക്കൊപ്പം ട്രബിള്‍ കിരീടനേട്ടത്തില്‍ നോര്‍വീജിയന്‍ സൂപ്പര്‍ താരം പങ്കാളിയായി.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 27ാം മിനിട്ടില്‍ ഹാലണ്ട് ആണ് സിറ്റിയെ മുന്നിലെത്തിച്ചത്. ഒടുവില്‍ ആദ്യ പകുതിയില്‍ 1-0ത്തിന് സിറ്റി മുന്നിട്ടുനിന്നു. മറുപടി ഗോളിനായി ലിവര്‍പൂള്‍ മികച്ച മുന്നേറ്റം നടത്തുകയും മത്സരത്തിന്റെ 80ാം മിനിട്ടില്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡിലൂടെ ലിവര്‍പൂള്‍ മറുപടി ഗോള്‍ നേടി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിയുകയായിരുന്നു.

സമനിലയോടെ 13 മത്സരങ്ങളില്‍ നിന്നും 29 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് പെപും കൂട്ടരും. അതേസമയം ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും 28 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍.

യൂറോപ്പ ലീഗില്‍ നവംബര്‍ 29ന് ആര്‍.ബി ലെപ്സിഗിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം.
അതേസമയം യൂറോപ്പ ലീഗില്‍ ഡിസംബര്‍ ഒന്നിന് ലിവര്‍പൂള്‍ ലാസ്‌ക്കിനെ നേരിടും

Content Highlight: Erling haaland create a record the fastest player to score 50 goals in english premier league history.