45 മത്സരത്തില്‍ 48 ഗോള്‍; വീണ്ടും പറയുന്നു റൊണാള്‍ഡോയുടെ ചരിത്ര റെക്കോഡ് സേഫല്ല
Sports News
45 മത്സരത്തില്‍ 48 ഗോള്‍; വീണ്ടും പറയുന്നു റൊണാള്‍ഡോയുടെ ചരിത്ര റെക്കോഡ് സേഫല്ല
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th September 2025, 9:31 am

2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നോര്‍വേ അപരാജിത കുതിപ്പ് തുടരുകയാണ്. മുന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയും സൂപ്പര്‍ ടീം ഇസ്രഈലും അടങ്ങുന്ന ഗ്രൂപ്പ് ഐ-യില്‍ ഒന്നാം സ്ഥാനത്താണ് നോര്‍വേ തുടരുന്നത്. കളിച്ച അഞ്ച് മത്സരത്തില്‍ അഞ്ചിലും വിജയിച്ചാണ് നോര്‍വീജിയന്‍ കരുത്തരുടെ മുന്നേറ്റം.

മോള്‍ഡോവയ്‌ക്കെതിരായ അവസാന മത്സരത്തില്‍ എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ കൊന്ന് കൊലവിളിച്ചുകൊണ്ടായിരുന്നു നോര്‍വേ വിജയിച്ചത്. ഒന്നിനെതിരെ 11 ഗോളിനായിരുന്നു ടീമിന്റെ വിജയം. സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടും തെലോ ആസ്ഗാര്‍ഡും നോര്‍വേയ്ക്കായി ഹാട്രിക് നേടി.

നോര്‍വേയ്ക്കായി തന്റെ 45ാം അന്താരാഷ്ട്ര മത്സരത്തിനാണ് ഹാലണ്ട് കളത്തിലിറങ്ങിയത്. കരിയറിലെ അഞ്ചാം ഹാട്രിക്കും പൂര്‍ത്തിയാക്കിയ താരം ഇതിനോടകം തന്നെ 48 ഗോളുകളും തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തിട്ടുണ്ട്.

നോര്‍വേയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഹാലണ്ട് തന്നെയാണ് ഒന്നാമന്‍. 45 മത്സരത്തില്‍ നിന്നും 33 ഗോളുകള്‍ നേടിയ നോര്‍വീജിയന്‍ ലെജന്‍ഡ് യോര്‍ഗന്‍ യുവേയെ ബഹുദൂരം പിന്നിലാക്കിയാണ് ഹാലണ്ടിന്റെ കുതിപ്പ്.

ഹാലണ്ട് ഇതേ സ്ഥിതി തന്നെ തുടരുകയാണെങ്കില്‍ അന്താരാഷ്ട്ര ഫുട്‌ബോളിലെ പല റെക്കോഡുകളും സൂപ്പര്‍ സ്‌ട്രൈക്കറുടെ പേരില്‍ കുറിക്കപ്പെടും. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന പുരുഷ താരമെന്ന ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ചരിത്ര റെക്കോഡിനും ഹാലണ്ട് ഭീഷണിയുയര്‍ത്തുന്നുണ്ട്.

2003ല്‍ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ച റോണോ 223 മത്സരങ്ങളില്‍ നിന്നായി 141 ഗോളുകളാണ് ഇതിനോടകം തന്നെ അടിച്ചെടുത്തത്. രണ്ടാം സ്ഥാനത്തുള്ള മെസിയെക്കാള്‍ 27 ഗോളുകള്‍ റൊണാള്‍ഡോയുടെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.

നിലവില്‍ 40കാരനായ റൊണാള്‍ഡോ 2026 ലോകകപ്പോടെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചേക്കും. യൂറോപ്യന്‍ ക്വാളിഫയേഴ്‌സ് അടക്കമുള്ള മത്സരങ്ങിളില്‍ നിന്നായി 150 ഗോളെന്ന നാഴികക്കല്ല് താണ്ടാനും പറങ്കിപ്പടയുടെ പടത്തലവന് സാധിച്ചേക്കും.

അതേസമയം, കരിയറിന്റെ പ്രൈം ടൈമിലാണ് ഹാലണ്ട് പന്ത് തട്ടുന്നത്. 25കാരനായ ഹാലണ്ടിന് മുമ്പില്‍ ഇനിയും ഏറെ ഫുട്‌ബോള്‍ ഉണ്ട് എന്നതിനാല്‍ തന്നെ റോണോയുടെ റെക്കോഡ് സമീപഭാവിയില്‍ തന്നെ ഭീഷണിയുടെ നിഴലിലായേക്കും.

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ഘട്ടത്തില്‍ മോള്‍ഡോവയ്‌ക്കെതിരെയായിരുന്നു നോര്‍വേയുടെ ആദ്യ മത്സരം. നോര്‍വേ എതില്ലാത്ത അഞ്ച് ഗോളിന് വിജയിച്ച മത്സരത്തില്‍ ഹാലണ്ട് ഒരു ഗോള്‍ നേടി. ഇസ്രഈല്‍, ഇറ്റലി, എസ്‌റ്റോണിയ ടീമുകള്‍ക്കെതിരായ മത്സരത്തിലും ഹാലണ്ട് ഓരോ ഗോള്‍ വീതം നേടി.

മോള്‍ഡോവയ്‌ക്കെതിരെ സ്വന്തം തട്ടകമായ ഓസ്‌ലോയിലെ യുല്ലേവാല്‍ സ്‌റ്റേഡിയത്തില്‍ ഒന്നിനെതിരെ 11 ഗോളിനായിരുന്നു നോര്‍വേയുടെ വിജയം. മത്സരത്തില്‍ അഞ്ച് ഗോളടിച്ചാണ് ഹാലണ്ട് തിളങ്ങിയത്.

മത്സരത്തിന്റെ ആദ്യ പകുതിക്ക് മുമ്പ് തന്നെ ഹാലണ്ട് ഹാട്രിക് പൂര്‍ത്തിയാക്കിയിരുന്നു. 11, 36, 43, 52, 83 മിനിട്ടുകളിലായിരുന്നു ഹാലണ്ടിന്റെ നേട്ടം.

ക്വാളിഫയേഴ്‌സിലെ അഞ്ച് മത്സരത്തില്‍ നിന്നും ഒമ്പത് ഗോളും രണ്ട് അസിസ്റ്റുമാണ് ഹാലണ്ടിന്റെ സമ്പാദ്യം.

ഇസ്രഈലിനെതിരെയാണ് നോര്‍വേയുടെ അടുത്ത മത്സരം. ഇരുവരുടെയും ആദ്യ എന്‍കൗണ്ടറില്‍ നോര്‍വേ രണ്ടിനെതിരെ നാല് ഗോളിന് ജയിച്ചിരുന്നു. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാര്‍ നേരിട്ട് ലോകകപ്പിന് യോഗ്യത നേടുമെന്നതിനാല്‍ ഇനിയുള്ള മത്സരങ്ങളിലും വിജയം മാത്രമാണ് ടീം പ്രതീക്ഷിക്കുന്നത്.

 

Content Highlight: Erling Haaland could break Cristiano Ronaldo’s record