എരഞ്ഞോളിയിലെ ബൊഹീമിയന്‍ മൂസ
Memoir
എരഞ്ഞോളിയിലെ ബൊഹീമിയന്‍ മൂസ
ശ്രീകണ്ഠന്‍ കരിക്കകം
Tuesday, 7th May 2019, 6:37 pm

”മാണിക്യമലരായ….” എന്ന ഗാനം പുതിയ തലമുറയുടെ ചുണ്ടില്‍ ബര്‍ഗ്ഗറിനും പിസ്തയ്ക്കുമൊപ്പം ചേര്‍ന്ന് ഒരു ഇളനീരുപോലെ തത്തിക്കളിച്ചപ്പോഴാണ് ഏതോ വിസ്മൃതിയിലേക്ക് പതിയെ പതിയെ ഒഴുകിക്കൊണ്ടിരുന്ന എരഞ്ഞോളി മൂസയെന്ന മാപ്പിളപ്പാട്ട് ഗായകനെ സഹൃദയലോകം വീണ്ടും ഓര്‍ത്ത് ചര്‍ച്ച ചെയ്തത്.

വിഷാദമൂകമായ ഈ വേര്‍പിരിയലിന് ഏതാനും വര്‍ഷം മുന്‍പായിരുന്നു അത്. പി.എം.അബ്ദുള്‍ ജബ്ബാര്‍ രചിച്ച് ചാന്ദ്പാഷ ഈണം നല്‍കി എരഞ്ഞോളി മൂസ നാലുപതിറ്റാണ്ടിനുമുന്‍പ് പാടിയ ആ പാട്ട് ഏതോ വിസ്മൃതിയില്‍ നിന്നും ഉയര്‍ന്ന് വന്നെങ്കിലും ആ ഗാനം മലയാളിയുടെ മനസ്സില്‍ പാടി പാടി പ്രതിഷ്ഠിച്ച ഗായകനെ ആദ്യം ആരും വേണ്ടത്ര ഓര്‍ത്ത് പറഞ്ഞില്ല. പറയേണ്ടവര്‍ പോലും! അങ്ങനെ പറഞ്ഞും പറയാതെയും ഈ ഗാനമിങ്ങനെ ആഘോഷിച്ചപ്പോഴൊന്നും മൂസക്ക മിണ്ടിയില്ല. കാരണം അദ്ദേഹം അത്തരം ചെറിയ വലിയ മനസ്സുകള്‍ക്കപ്പുറം ഏറെ ഉയരെയാണ് വിരാചിച്ചിരുന്നത്.

 

കണ്ണൂര്‍ ജില്ലയിലെ എരിഞ്ഞോളിയിലാണ് പ്രിയപ്പെട്ടവര്‍ മൂസക്ക എന്ന് വിളിച്ചിരുന്ന എരഞ്ഞോളി മൂസയുടെ ജനനം. മാപ്പിളപ്പാട്ടിന്റെ തുടുത്ത ഖല്‍ബില്‍ സുല്‍ത്താന്റെ സ്ഥാനമായിരുന്നു എരഞ്ഞോളി മൂസയ്ക്ക്.നൂറുകണക്കിന് മാപ്പിളപാട്ടുകള്‍ രചിക്കുകയും ആയിരക്കണക്കിന് വേദികളില്‍ (രാജ്യത്തിനകത്തും പുറത്തും) പാടിയ മൂസക്കയ്ക്ക് ആരാധകരും ആ കസേര രണ്ടാം വിചാരമൊന്നും കൂടാതെ അനുവദിച്ചുകൊടുത്തു. ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ വേദികളില്‍ മാത്രമല്ല, സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച തീരെ ചെറിയ സദസ്സുകളിലും മൂസാക്ക സ്വയം മറന്ന് പാടി.

നാലഞ്ച് വര്‍ഷം മുന്‍പാണ് മീഡിയ വണ്‍ ചാനലിലെ സീനിയര്‍ പ്രൊഡ്യൂസര്‍ ജ്യോതി വെള്ളല്ലൂര്‍ ഇങ്ങനെയൊരു ആശയം എന്നോട് പറയുന്നത്. എരഞ്ഞോളി മൂസയെക്കുറിച്ച് ഒരു സിനിമ ചെയ്യണം. തെക്കന്‍ തിരുവിതാം കൂറിന്റെ സാംസ്‌കാരിക ഭൂപടത്തിലൊന്നും മാപ്പിളപ്പാട്ടിന് വലിയ പ്രസക്തിയില്ല. സ്‌കൂള്‍ കോളേജ് യുവജനോല്‍സവവേദികളിലെ മറ്റൊരിനം. അതുകൊണ്ടുതന്നെ എരഞ്ഞോളി മൂസ എന്ന മാപ്പിളപ്പാട്ടുകാരനെയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ മാപ്പിളപാട്ടിന്റെ ചരിത്രവും ഭൂതകാലവുമൊക്കെ തിരഞ്ഞ് ഒരു പഠനം നടത്തി.

അതുതുടരവെയാണ് മൂസാക്കയെ കാണുവാനും വര്‍ത്തമാനം പറയുവാനുമായി ജ്യോതി എന്നെ കോഴിക്കോട്ടേക്ക് വിളിക്കുന്നത്. ആ കൂടിക്കാഴ്ചയിലാണ് മനസ്സിലാകുന്നത്, എരഞ്ഞോളി മൂസ എന്ന ഗായനെക്കുറിച്ച് മനസ്സിലാക്കാന്‍, അറിയാന്‍ മാപ്പിളപാട്ടിന്റെ ചരിത്രമൊന്നും പഠിയ്ക്കണ്ട എന്ന് അതിനേക്കാള്‍ അതിനുവേണ്ടി പഠിക്കേണ്ടത് മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതകളെ ക്കുറിച്ചാണ്.
മിഅ്‌റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
കരളില്‍ കടക്കുന്ന
കടലായി തുടിക്കുന്ന
കുളിരില്‍ കുളിക്കുന്ന കാറ്റേ….പി.ടി.അബ്ദുറഹ്മാന്‍ എഴുതിയ ആ വരികള്‍ മൂസക്ക നഗരത്തിലെ ഒരു ഇടത്തരം ഹോട്ടല്‍ മുറിയിലിരുന്ന് ഞങ്ങള്‍ക്കുവേണ്ടി പാടി. പതിനായിരങ്ങള്‍ക്ക് മുന്നില്‍ നിന്ന് എന്നും പാടുന്ന അതേ ആവേശത്തോടെ. പിന്നെ തന്റെ ജീവിതാനുഭവങ്ങളിലൂടെ തട്ടും തടവുമില്ലാതെ ഏറെ നേരം സഞ്ചരിച്ചു.

തന്നെക്കുറിച്ചുള്ള സിനിമയില്‍ താന്‍ തന്നെ പാടി അഭിനയിക്കുമെന്ന് ജ്യോതിയോട് അദ്ദേഹം പറയുമ്പോള്‍ ഞാന്‍ ആ കണ്ണുകളില്‍ തന്നെ ആദരവോടെ നോക്കിയിരുന്നു. ഈ ചിത്രം കേരളത്തിലെ മാപ്പിളപ്പാട്ടിനെ സ്‌നേഹിക്കുന്നവര്‍ മാത്രമല്ല, എല്ലാ സഹൃദയരും ഒരൊറ്റ മനസ്സോടെ ഏറ്റെടുത്ത് വിജയിപ്പിക്കുമെന്നെല്ലാം മൂസക്ക ആവേശം കൊണ്ടു.അത്രത്തോളം നിഷ്‌കളങ്കനായിരുന്നു അദ്ദേഹം,കുറഞ്ഞ പക്ഷം വാണിജ്യ സിനിമയെക്കുറിച്ചെങ്കിലും.

കോഴിക്കോട് നഗരത്തില്‍ മമ്മൂട്ടി ഈ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുമെന്ന് മൂസക്ക അവിടെയിരുന്ന് സ്വപ്നത്തിലെന്നോണം പറഞ്ഞു. ഞാന്‍ വിളിച്ചാല്‍ മമ്മൂട്ടി വരും എന്നും ആത്മവിശ്വാസപ്പെട്ടു. മുംബൈയിലും കല്‍ക്കട്ടയിലുമൊക്കെയായി അലഞ്ഞുനടന്ന മൂസക്കയുടെ ജീവിതം ഒരു മഴപ്പാട്ടിലൂടെ പറയണമെന്നും അന്ന് ഞങ്ങള്‍ തീരുമാനിച്ചു. തോണി ഇന്നും ഒരു കടവിലും എത്തിയിട്ടില്ല. അഞ്ചുമാസം കൊണ്ട് തിരക്കഥ പൂര്‍ത്തിയാക്കിയതല്ലാതെ

പാട്ടിന്റെ മാലയില്‍ മൂസക്ക കോര്‍ത്തിട്ട ഒരു പിടി ആസ്വാദകര്‍ മരണം വരെ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പലേ തലമുറക്കാര്‍. അവര്‍ തലശ്ശരിയിലും കൊഴിക്കോടും മലപ്പുറത്തും പട്ടാമ്പിയുമെല്ലാം മൂസക്കയെ കൊണ്ടുനടന്ന് ആഘോഷിച്ചു. ഈന്തപ്പഴവും അത്തറുമണവും നിറയുന്ന അറേബ്യന്‍മണ്ണിലേക്ക് ജീവിതം പറിച്ചുനട്ടവരും മൂസാക്കയെ അവിടേക്ക് നിരന്തരം കൊണ്ടുപോയി. മാപ്പിളപ്പാട്ടിന്റെ വൈവിധ്യങ്ങളില്‍ ആനന്ദിച്ചു.

ശരത്ചന്ദ്ര മറാഠേ

ശരത്ചന്ദ്ര മറാഠേയുടെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതവും തിരുവങ്ങാട് കുഞ്ഞിക്കണ്ണന്‍ ഭാഗവതരുടെ കീഴില്‍ കര്‍ണ്ണാടകസംഗീതവും പഠിച്ച എരഞ്ഞോളിമൂസ പഴയജീവിതം ഒരിക്കലും മറക്കാതെ എന്നും ഒപ്പം കൊണ്ടുനടന്നു.

‘മക്കളെ ഉണ്ടാക്കാന്‍ ഒരു നിമിഷം മതി. ജീവിക്കാന്‍ ഏറെക്കാലം വേണമെന്ന്’ സ്വന്തം പിതാവിന്റെ മുഖത്തുനോക്കി പറയുവാന്‍ എരഞ്ഞോളി മൂസക്ക് കഴിഞ്ഞത് പതിനൊന്ന് മക്കള്‍ക്കിടയില്‍ കഴിയേണ്ടിവന്ന ഇരുണ്ട ബാല്യമാണ്. ജീവിതത്തിലെ ഒരു അദ്ധ്യായത്തിനും മൂസക്കയ്ക്ക് മുഖാവരണങ്ങളില്ലായിരുന്നു.

പണം,മദ്യം,രതി എന്നിങ്ങനെ സര്‍വ്വ അരാചകത്വവും നിറഞ്ഞ ഒരു ബോഹീമിയന്‍ ജീവിതത്തിന്റെ ഗ്രാമീണഭാവം എഴുതുകയായിരുന്നു മൂസക്ക.എല്ലാം നശിപ്പിച്ച് താറുമാറാക്കിയിട്ട് വീണ്ടും വീട്ടിലേക്ക് കയറിവരുന്ന മൂസക്കയെ വീണ്ടും പഴയ മനുഷ്യനാക്കിമാറ്റുന്ന ഭാര്യ.അത്തരംം അനുഭവങ്ങളുടെ ലാവയെല്ലാം ആ തിരക്കഥക്കുള്ളില്‍ ഇപ്പോഴും ചൂടുതട്ടി വിരിയാന്‍ കാത്തിരിപ്പുണ്ട്.(അതിനുള്ള സാധ്യതകള്‍ വിരളമാണെങ്കിലും….) അങ്ങനെ സ്വയം ഉരുകിതീര്‍ന്ന പാട്ടുകാരനായിരുന്നു, ഇരഞ്ഞോളി മൂസ.

മാപ്പിളപ്പാട്ട് പാടുന്ന ആയിരങ്ങള്‍ ഉണ്ടാകാം.പക്ഷേ, മൂസക്കയെപ്പോലെ മറ്റൊരാള്‍ ഉണ്ടാകില്ല. നിവര്‍ന്ന് നിന്ന് പാടുന്ന ആ ശരീരഭാഷപോലെ തന്നെ തണ്ടെല്ല് ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അവസരങ്ങള്‍ക്കുവേണ്ടി ആരുടെ മുന്നിലും തല കുമ്പിട്ട് മൂസക്ക നിന്നിട്ടില്ല. ആരെയും അനുകരിക്കാത്ത മൂസക്കയ്ക്ക് അനുകര്‍ത്തക്കാള്‍ ധാരാളം ഉണ്ടായിരുന്നു. ശബ്ദത്തിന്റേയും ആലാപനത്തിന്റേയും ഭിന്ന വഴികളിലൂടെ മൂസക്ക പകരക്കാരനില്ലാതെ ഇത്രയും കാലം സഞ്ചരിച്ചു.തന്നെക്കുറിച്ചുള്ള ആ ചിത്രം എന്ന ഒരു മോഹം മാത്രം ശേഷിപ്പിച്ചുകോണ്ട് ആ ശബ്ദം നിലയ്ക്കുന്നു.