പ്രീമിയര്‍ ലീഗില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചിരുന്നു. ആന്‍ഫീല്‍ഡില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ടീമിന്റെ വിജയം. തുടര്‍ച്ചയായ നാല് മത്സരങ്ങളിലെ തോല്‍വിക്ക് ശേഷമാണ് ദി റെഡ്‌സ് വിജയ വഴിയില്‍ തിരിച്ചെത്തിയത്.
ഡിഫന്‍ഡിങ് ചാമ്പ്യമാര്‍ക്കായി സൂപ്പര്‍ താരം മുഹമ്മദ് സല ഗോള്‍ നേടിയിരുന്നു. ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു താരം പന്ത് വലയിലെത്തിച്ചത്. മത്സരത്തിലെ ദി റെഡ്സിന്റെ ആദ്യ ഗോള്‍ കണ്ടെത്തിയതോടെ ഒരു സൂപ്പര്‍ നേട്ടമാണ് ഈജിപ്ഷ്യന്‍ താരം സ്വന്തമാക്കിയത്.
ലിവര്‍പൂളിനായി 250 ഗോളുകള്‍ എന്ന നാഴികക്കല്ലാണ് സല തന്റെ അക്കൗണ്ടിലാക്കിയത്. ക്ലബ്ബ് ചരിത്രത്തില്‍ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ മാത്രം താരമാണ് ദി റെഡ്സിന്റെ ഈ മുന്നണി പോരാളി. സൂപ്പര്‍ താരങ്ങളായ ഇയാന്‍ റഷും റോജര്‍ ഹണ്ടുമാണ് സലയ്ക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍. റഷ് ക്ലബ്ബിനായി 346 ഗോളുകള്‍ നേടിയപ്പോള്‍ ഹണ്ട് 285 ഗോളുകള്‍ക്കാണ് നേടിയത്.
പിന്നീട് ലീഡുയര്‍ത്താന്‍ ചാമ്പ്യന്‍ ടീം ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. മറുവശത്ത് വില്ലന്‍സ് ലിവര്‍പൂളിന് ഒപ്പമെത്താന്‍ മുന്നേറ്റങ്ങളുമായി മൈതാനത്ത് കുതിച്ചു. എന്നാല്‍, ഇവയൊന്നും ഫലം കണ്ടില്ല. അതോടെ ലിവര്‍പൂളിന് ജയവും മൂന്ന് പോയിന്റും സ്വന്തമാവുകയായിരുന്നു.
വിജയത്തോടെ ലിവര്‍പൂള്‍ പോയിന്റ് ടേബിള്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ടീമിന് 10 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റാണുള്ളത്. ആറ് മത്സരത്തില്‍ ജയിച്ചപ്പോള്‍ നാലെണ്ണത്തില്‍ ടീം തോറ്റിരുന്നു.
Content Highlight: EPL: Mohammed Salah completes 250 goals for Liverpool as they defeat Aston Villa in English Premier League