ബ്രൂണോയുടെ ചിറകിലേറി യുണൈറ്റഡ്; പോയിന്റ് ടേബിളില്‍ മുന്നേറ്റം
Football
ബ്രൂണോയുടെ ചിറകിലേറി യുണൈറ്റഡ്; പോയിന്റ് ടേബിളില്‍ മുന്നേറ്റം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th December 2025, 7:25 am

പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മോളിനക്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വോള്‍വ്സിനെയാണ് ദി റെഡ് ഡെവിള്‍സ് തകര്‍ത്തത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോളിന്റെ മികവിലാണ് ടീം വിജയം സ്വന്തമാക്കിയത്.

ഈ മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളില്‍ മുന്നേറ്റം ഉണ്ടാക്കാനും യുണൈറ്റഡിന് സാധിച്ചു. ഇംഗ്ലീഷ് ക്ലബ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നിലവില്‍ ടീമിന് 25 പോയിന്റാണുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ചെല്‍സിക്കും ഇത്ര പോയിന്റാണെങ്കിലും ഗോള്‍ ഡിഫറന്‍സിന്റെ ബലത്തിലാണ് ബ്ലൂസ് മുന്നില്‍ നില്‍ക്കുന്നത്.

പോയിന്റ് ടേബിളിലെ മുന്നേറ്റം മാത്രമല്ല, യുണൈറ്റഡ് ആരാധകരെ സംബന്ധിച്ച് ആശ്വാസം നല്‍കുന്ന ഒന്നാണ് കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ ടീമിന്റെ പ്രകടനം. ലീഗില്‍ അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു തവണ മാത്രമാണ് ക്ലബ്ബ് തോല്‍വി വഴങ്ങിയത്. എവര്‍ട്ടണോടായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ തോല്‍വി.

ബാക്കിയുള്ള നാല് മത്സരങ്ങളില്‍ രണ്ട് വീതം ജയവും സമനിലയുമായിരുന്നു ഫലം. ഇന്ന് നടന്ന വോള്‍വ്സിനോടുള്ള ജയത്തിന് പുറമെ, ക്രിസ്റ്റല്‍ പാലസിനോടും യുണൈറ്റഡ് ജയിച്ചിരുന്നു. ടോട്ടന്‍ഹാമിനോടും വെസ്റ്റ് ഹാമിനോടും സമനില വഴങ്ങി.

മത്സരത്തിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ Photo: Manchester United/x.com

അതേസമയം, മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങി ഏറെ വൈകാതെ തന്നെ യുണൈറ്റഡ് മുന്നിലെത്തിയിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസാണ് വോള്‍വ്സിന്റെ ഗോള്‍ വല തുളച്ചത്. 25ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍. ഈ ലീഡുമായി മുന്നേറിയ യുണൈറ്റഡിനെ വോള്‍വ്‌സ് ആദ്യ പകുതിയുടെ അവസാനം ഞെട്ടിച്ചു.

ജീന്‍ റിക്‌നര്‍ ബെല്ലെഗാര്‍ഡ് ഒരു പാര്‍ത്ത് വലയിലെത്തിച്ചു വോള്‍വ്സിന്റെ യുണൈറ്റഡിനൊപ്പമെത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിലെ രണ്ടാം മിനിട്ടിലായിരുന്നു സമനില ഗോള്‍.

ഗോൾ നേട്ടം ആഘോഷിക്കുന്ന ബ്രൂണോ ഫെർണാണ്ടസ് Photo: Manchester United/x.com

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ യുണൈറ്റഡ് വീണ്ടും ലീഡ് സ്വന്തമാക്കി. ഇത്തവണ ബ്രൈന്‍ ബ്രയാന്‍ എംബ്യൂമോയാണ് ടീമിനായി പന്ത് വലയിലെത്തിച്ചത്. 51ാം മിനിട്ടിലായിരുന്നു ഈ ഗോള്‍ പിറന്നത്.

പിന്നാലെ യുണൈറ്റഡ് എതിരാളികള്‍ക്ക് ഒരു അവസരവും നല്‍കാതെ ലീഡ് ഉയര്‍ത്തി. 62, 82 മിനിട്ടുകളിലായിരുന്നു യുണൈറ്റഡിന്റെ ബാക്കി രണ്ട് ഗോള്‍. ഇതില്‍ ആദ്യ ഗോള്‍ നേടി മസോണ്‍ മൗണ്ടായിരുന്നു.

ദി റെഡ് ഡെവിള്‍സിന്റെ അവസാന ഗോള്‍ വലയിലെത്തിച്ചത് ഫെര്‍ണാണ്ടസായിരുന്നു. പെനാല്‍റ്റിയിലൂടെയായിരുന്നു താരത്തിന്റെ രണ്ടാം ഗോള്‍. ഏറെ വൈകാതെ ഫൈനല്‍ വിസിലെത്തിയതോടെ മൂന്ന് പോയിന്റും ടീമിന് സ്വന്തമായി.

Content Highlight: EPL: Manchester United moves to 6th in point table with the win against Wolves in English Premier League