422 ദിവസങ്ങൾക്ക് ശേഷം ദി റെഡ്സിന്റെ കുതിപ്പിന് അന്ത്യം കുറിച്ച് സിറ്റി
Football
422 ദിവസങ്ങൾക്ക് ശേഷം ദി റെഡ്സിന്റെ കുതിപ്പിന് അന്ത്യം കുറിച്ച് സിറ്റി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th November 2025, 8:45 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലിവര്‍പൂളിനെ മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയിരുന്നു. റെഡ്സിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. സ്വന്തം തട്ടകമായ ഇത്തിഹാദില്‍ നടന്ന മത്സരത്തില്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ 1000ാമത്തെ മത്സരം അവിസ്മരണീയമാക്കിയായിരുന്നു ടീം വിജയിച്ച് കയറിയത്.

മറ്റൊരു എവേ മത്സരത്തില്‍ കൂടി തോറ്റതോടെ ലിവര്‍പൂളിന്റെ ഒരു സ്ട്രീക്കാണ് അവസാനിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിലേറെ കളിച്ച എല്ലാ പ്രീമിയര്‍ ലീഗ് മത്സരത്തിലും ഗോളടിച്ച സ്ട്രീക്കിനാണ് സിറ്റി കഴിഞ്ഞ ദിവസം വിരാമമിട്ടത്. കൃത്യമായി പറഞ്ഞാല്‍ അര്‍നെ സ്ലോട്ടിന്റെ കുട്ടികള്‍ ഒരു മത്സരത്തില്‍ ഒരു ഗോളെങ്കിലും അടിക്കാതിരിക്കുന്നത് 422 ദിവസങ്ങള്‍ക്ക് ശേഷമാണ്. 2024 സെപ്റ്റംബര്‍ ശേഷം ഇത് ആദ്യമായാണ് ലിവര്‍പൂളിന് ഗോളടിക്കാതെ കളം വിടേണ്ടി വന്നത്.

ആ വര്‍ഷം സെപ്റ്റംബര്‍ 14ന് നോട്ടിങ്ഹാം ഫോറസ്റ്റുമായി നടന്ന മത്സരത്തിലാണ് ദി റെഡ്‌സ് ഇതിന് മുമ്പ് അവസാനമായി ഗോള്‍ അടിക്കാതിരുന്നത്. ഈ മത്സരത്തിന് ശേഷം ഇരു സീസണുകളിലായി ടീം പ്രീമിയര്‍ ലീഗില്‍ 45 മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്.

അതില്‍ കഴിഞ്ഞ ദിവസം മാത്രമാണ് എതിരാളികളുടെ വല കുലുക്കാന്‍ സാധിക്കാതിരുന്നത്. 2024 – 25 സീസണില്‍ അവസാനം കളിച്ച 34 മത്സരങ്ങളിലും ഈ സീസണില്‍ 10 പത്ത് മത്സരങ്ങളും സലയും സംഘവും ഒരു ഗോള്‍ വീതമെങ്കിലും അടിച്ചിരുന്നു.

ഈ സീസണില്‍ പലപ്പോഴും എതിര്‍ ടീമുകളുടെ മുന്നില്‍ കാലിടറിയിരുന്നെങ്കിലും പന്ത് ഒരു തവണയെങ്കിലും എതിരാളികളുടെ വലയില്‍ എത്തിച്ചാണ് ദി റെഡ്‌സ് തിരിച്ച് കയറിയത്.

അതേസമയം, മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ തന്നെ ലിവര്‍പൂളിന് മേല്‍ സിറ്റിക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നു. ദി റെഡ്സിന് വലിയ അവസരങ്ങള്‍ നല്‍കാതെ ഇരു പകുതിയിലുമായി പെപ്പിന്റെ സംഘം ആക്രമണം അഴിച്ച് വിട്ടതോടെയാണ് സിറ്റി വിജയം സ്വന്തമാക്കിയത്.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആധികാരിമായി വിജയിച്ച് അവസാനം ഏറ്റുമുട്ടിയപ്പോള്‍ ലിവര്‍പൂള്‍ തോല്‍പ്പിച്ചതിന്റെ മറുപടി നല്‍കാന്‍ ടീമിന് സാധിച്ചു.

സിറ്റിക്കായി ഏര്‍ലിങ് ഹാലണ്ട്, നിക്കോ ഗോണ്‍സാലസ്, ജെറമി ഡോകു എന്നിവര്‍ ഗോളടിച്ചു. ടീമിനായി ആദ്യം ഹാലണ്ടായിരുന്നു ആദ്യം വല കുലുക്കിയത്. താരം 29ാം മിനിട്ടിലായിരുന്നു ദി റെയ്ഡിനെ ഞെട്ടിച്ചത്. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ ഗോണ്‍സാലസും ഡോകു 63ാം മിനിട്ടിലും സ്‌കോര്‍ ചെയ്തു.

Content Highlight: EPL: Liverpool FC’s Premier League scoring streak comes to an end with their first goalless match since September 2024