| Monday, 29th October 2018, 8:49 pm

അമിത് ഷായ്ക്ക് തടിക്കൊത്ത ബുദ്ധിയില്ല; രാഹുല്‍ ഈശ്വറിന് ഭ്രാന്ത്; പരിഹാസവുമായി ഇ.പി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും തന്ത്രി കുടുംബാഗം രാഹുല്‍ ഈശ്വറിനെയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ഇ.പി ജയരാജന്‍. ജൈനമതക്കാരനായ അമിത് ഷായ്ക്ക് ഹിന്ദു മതത്തെക്കുറിച്ച് പറയാന്‍ എന്ത് അവകാശമെന്നും രാഹുല്‍ ഈശ്വറിന് ഭ്രാന്താണെന്നും മന്ത്രി പറഞ്ഞു.

എല്‍.ഡി.എഫ് കാഞങ്ങാട്ട് സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയും ആര്‍.എസ്.എസും അരഭ്രാന്തന്മാരുടെയും മുക്കാല്‍ ഭ്രാന്തന്മാരുടെയും സംഘമാണെന്നും അമിത് ഷായ്ക്ക് തടിക്കൊത്ത ബുദ്ധിയില്ലെന്നും മന്ത്രി പരിഹസിച്ചു.

രാഹുല്‍ ഈശ്വറിന് ഭ്രാന്തായതുകൊണ്ടാണ് സന്നിധാനത്ത് മൂത്രമൊഴിക്കാനും രക്തം വീഴ്ത്താനും തയ്യാറായതെന്നും അയ്യപ്പ സന്നിധിയില്‍ മൂത്രമൊഴിക്കാന്‍ പോയവര്‍ ഇതിലും വലിയ ഭീകരത സൃഷ്ടിക്കാനും മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read  മഞ്ചേശ്വരത്ത് ജയിക്കുമെന്നുറപ്പില്ലാത്തതിനാലാണ് കെ.സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിക്കാത്തതെന്ന് കുഞ്ഞാലിക്കുട്ടി

നേരത്തെ അമിത് ഷായ്ക്ക് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. അമിത് ഷാ പലയിടത്തും പലതും നടത്തിയിട്ടുണ്ടെന്ന് മുമ്പ് കേട്ടിട്ടുണ്ടെന്നും എന്നാല്‍ അങ്ങനെയുള്ള മണ്ണല്ല ഇതെന്ന് ഓര്‍ത്തോളണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

“പലയിടത്തും നടപ്പാക്കിയ കലാപ ആഗ്രഹങ്ങളുമായി കേരളത്തിലേക്ക് വരേണ്ട. അമിത് ഷാ മനസ്സിലാക്കേണ്ട കാര്യം ഏതെങ്കിലും ഒരുകൂട്ടര്‍ ഉരുട്ടിപുരട്ടി കൊണ്ടുവന്നതല്ല, ജനലക്ഷങ്ങള്‍ ഒന്നാകെ അധികാരത്തിലേറ്റിയ സര്‍ക്കാരാണ് കേരളത്തിലേത്. ശബരിമലയെ കലാപഭൂമിയാക്കാമെന്ന വ്യാമോഹം വേണ്ട. ഇത് കലാപത്തിന് തയ്യാറെടുക്കുന്നവര്‍ മനസ്സിലാക്കുന്നത് നല്ലതാണ്”. എല്‍.ഡി.എഫ് എറണാകുളത്ത് സംഘടിപ്പിച്ച ജനകീയ റാലി ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

DoolNews Video

We use cookies to give you the best possible experience. Learn more