തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം അത്യന്തം വേദനയുളവാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പുരോഗമന കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ് നിതിന്‍ രാജിന്റെ മരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്നും മരണത്തിലേക്ക് തള്ളിവിട്ടതാരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്‍പ്പെടെ കടുത്ത ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് നടുവിലാണ് നാമിന്നുള്ളതെന്നും ഒരു സമൂഹമെന്ന നിലയില്‍ കേരളം ആര്‍ജിച്ച മൂല്യങ്ങള്‍ കൈമോശം വന്നോ എന്നു പരിശോധിക്കേണ്ട ഘട്ടമാണിതെന്നും പിണറായി പറഞ്ഞു.
ക്യാമ്പസ്സുകളിലെ ജാതീയ വിവേചനങ്ങള്‍ നിയമംമൂലം അവസാനിപ്പിക്കാന്‍ രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന ദീര്‍ഘകാല ആവശ്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. പകരം കൊണ്ടുവന്ന യു.ജി.സി മാര്‍ഗ നിര്‍ദേശങ്ങള്‍ സുപ്രീം കോടതി മരവിപ്പിച്ചിരിക്കുകയുമാണ്.
ജാതിവിവേചനമുള്‍പ്പെടെയുള്ള വിഭജനവും വിദ്വേഷവും വളര്‍ത്തുന്ന പ്രവണതകള്‍ക്കെതിരെ നാം ഒരുമിച്ച് നിലകൊള്ളേണ്ട സമയം കൂടിയാണിത്. സമത്വത്തിലും സാമൂഹ്യ നീതിയിലുമധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അംബേദ്കറിന്റെ ആശയങ്ങളും ഓര്‍മ്മകളും നമുക്ക് ശക്തി പകരട്ടെ. എല്ലാവര്‍ക്കും അംബേദ്കര്‍ ജയന്തി ആശംസകള്‍,’ അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം സ്വദേശിയും കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ബി.ഡി.എസ് വിദ്യാര്‍ത്ഥിയുമായ നിതിന്‍ രാജ് ആത്മഹത്യ ചെയ്തത്.
വകുപ്പ് മേധാവി ജാതീയമായി അതിക്ഷേപിച്ചിരുന്നുവെന്നും പുഴുത്ത പട്ടിയെന്നും കറുത്തവര്‍ഗകാരനെന്നുമടക്കം വിളിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. പിന്നാലെ നിതിന്റെ സഹാപാഠികളും അധ്യാപകനെതിരെ രംഗത്തെത്തിയിരുന്നു.
Content Highlight: Entire Kerala stands with Nithin Raj’s family: Chief Minister on BDS student’s suicide
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.