Cinema
Personal Opinion| ഈ പുണ്യാളന്‍ കുറച്ച് പ്രെഡിക്റ്റബിളാണ്
വി. ജസ്‌ന
Saturday, 11th January 2025, 10:22 am
ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിലെ പള്ളിയിലേക്ക് എത്തുന്ന വൈദികന്‍, അവിടെയുള്ള പൊന്‍കുരിശ്, വൈദികന്റെ മുന്നിലേക്ക് വരുന്ന ഒരു പെണ്‍കുട്ടി, പ്രതീക്ഷിക്കാതെ കടന്ന് വരുന്ന ഒരു കള്ളന്‍. കേള്‍ക്കുമ്പോള്‍ ഒരുപാട് പടങ്ങളില്‍ മുമ്പ് കണ്ടിട്ടുള്ള ഒരു കോമ്പിനേഷനായി തോന്നാം.
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവര്‍ ആദ്യമായി ഒന്നിച്ച ചിത്രമാണ് എന്ന് സ്വന്തം പുണ്യാളന്‍. കുറച്ച് ട്വിസ്റ്റും കുറച്ച് കോമഡിയുമുള്ള ഒരു സിനിമ കൂടെയായിരുന്നു ഇത്.
കഥ തുടങ്ങിയത് മെസപ്പൊട്ടോമിയയിലെ രാജാവും അദ്ദേഹത്തിന്റെ ഉടവാളുമൊക്കെയായി മനോഹരമായ ഒരു ഇന്‍ട്രോയിലൂടെയാണ്. സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ആ ഇന്‍ട്രോ ആയിരുന്നു. മികച്ച ആനിമേഷനിലൂടെയായിരുന്നു ജിസ് ജോയ്‌യുടെ ശബ്ദത്തില്‍ ആ ഉടവാളിനെ കുറിച്ച് പറഞ്ഞത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ആ കഥയും എ.ഐ ഉപയോഗിച്ച് അത് ചിത്രീകരിച്ച രീതിയും വളരെ നന്നായി തന്നെ തോന്നി.
അവിടെ നിന്ന് പെട്ടെന്ന് തന്നെ കഥ വര്‍ത്തമാന കാലത്തിലേക്ക് വരികയാണ്. വലിയ താത്പര്യമില്ലാതെ വൈദികനായി മാറേണ്ടി വരുന്ന നായകനാണ് തോമസ് അച്ചന്‍. പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ എന്നോണം അയാള്‍ പുതിയ ഒരു സ്ഥലത്തേക്ക് എത്തുകയും അവിടെ അയാള്‍ക്ക് നേരിടേണ്ടി വരുന്ന കുറേ ആളുകളെയുമാണ് സിനിമ കാണിക്കുന്നത്. സിനിമയുടെ ഭൂരിഭാഗവും രണ്ട് മുറികളിലായി നടക്കുന്ന കാര്യങ്ങളാണ് കാണിക്കുന്നത്.
സിനിമയുടെ ആദ്യ ഭാഗം അത്ര മികച്ചതായി തോന്നിയില്ലെങ്കിലും ഇന്റര്‍വെല്ലിന് ശേഷം അര്‍ജുന്‍ അശോകന്റെ കഥാപാത്രം കടന്നുവരുന്നതോടെ കുറച്ച് ആകാംക്ഷ നിറക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. കയ്യില്‍ നിന്ന് പോയാല്‍ കുറച്ച് ഓവറായി തോന്നിക്കാവുന്ന കഥാപാത്രമായിരുന്നു അര്‍ജുന് ലഭിച്ചത്. എന്നാല്‍ ആ വേഷം അത്ര മോശമാക്കാതെ ചെയ്യാന്‍ നടന് സാധിച്ചു.
തോമസ് എന്ന വൈദികനായി നടന്‍ ബാലു വര്‍ഗീസാണ് എത്തുന്നത്. വലിയ പുതുമയൊന്നും തോന്നാത്ത ഒരു കഥാപാത്രമായിരുന്നു ബാലുവിന്റേത്. അനശ്വര രാജന്റെ കഥാപാത്രമായിരുന്നു ഈ സിനിമയില്‍ ഏറെ പ്രധാനപ്പെട്ടത്. കഥയുടെ അവസാനം എത്തുമ്പോള്‍ ആ കഥാപാത്രത്തിന് വരുന്ന മാറ്റം ശരിക്കും സര്‍പ്രൈസായിരുന്നു. അനശ്വരയില്‍ നിന്ന് പ്രതീക്ഷിക്കാത്ത ചില കാര്യങ്ങള്‍ സിനിമയുടെ അവസാനം ഉണ്ടായിരുന്നു.
ഇവര്‍ക്ക് പുറമെ രണ്‍ജി പണിക്കര്‍, അല്‍ത്താഫ് സലിം, ബൈജു സന്തോഷ്, അഷ്‌റഫ് എം, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത്ത് ഗോപിനാഥ് തുടങ്ങിയവരാണ് എന്ന് സ്വന്തം പുണ്യാളന്റെ ഭാഗമായത്. ഇതില്‍ അഷ്‌റഫ് എം അവതരിപ്പിച്ച ഫാദര്‍ ബെഞ്ചമിന്‍ വളരെയേറെ മികച്ചതായി തോന്നി.
ആര്‍ട്ട് ഏന്‍ഡ് വി.എഫ്.എക്‌സിന് ഈ സിനിമയില്‍ ഏറെ പ്രാധാന്യമുണ്ടായിരുന്നു. സിനിമയിലെ ബാക്ഗ്രൗണ്ട് മ്യൂസിക്കും ക്യാമറയും എഡിറ്റിങ്ങുമെല്ലാം ഏറെ മികച്ചതായിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി നിരവധി പരസ്യങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും കഴിവ് തെളിയിച്ച മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു എന്ന് സ്വന്തം പുണ്യാളന്‍.
വൈദികനും പൊന്‍കുരിശും കള്ളനുമൊക്കെയായി കുറച്ചൊക്കെ പ്രെഡിക്റ്റബിള്‍ ആയ കാര്യങ്ങള്‍ ഈ സിനിമയില്‍ ഉണ്ടായിരുന്നു. അയാള്‍ പുണ്യാളനാണോ കള്ളനാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം എനിക്ക് ഇഷ്ടമായി. പുണ്യാളനാണോ അതോ കള്ളനാണോ എന്ന ചോദ്യം നമ്മളുടെ മനസില്‍ ഉയര്‍ന്ന സമയത്ത് തന്നെയാണ് അയാള്‍ അതിനുള്ള മറുപടി തരുന്നതും സിനിമ അവസാനിക്കുന്നതും. ഒരു വണ്‍ ടൈം വാച്ചബിള്‍ ആണെന്ന് പറയാവുന്ന സിനിമയാണ് എന്ന് സ്വന്തം പുണ്യാളന്‍.
Content Highlight: Ennu Swantham Punyalan Movie Review
വി. ജസ്‌ന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ