ന്യൂദല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ നേതാവും രാജ്യസഭാ എം.പിയുമായ എ.എ. റഹീം. ജര്‍മനിയിലെ ബി.എം.ഡബ്ല്യൂ ഫാക്ടറി സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് വിമര്‍ശനം.
‘രാജ്യം അപകടത്തില്‍ ആകുമ്പോള്‍, സഞ്ചരിക്കാനുള്ള പ്രത്യേക തരംബൈക്ക്,’ എന്ന കുറിപ്പോടുകൂടിയാണ് എ.എ. റഹീമിന്റെ പോസ്റ്റ്. രാഹുല്‍ ജി… നിങ്ങള്‍ നിങ്ങളുടെ യാത്ര ആസ്വദിച്ചോളൂവെന്നും റഹീം പറയുന്നുണ്ട്.
ബി.എം.ഡബ്ല്യൂ ബൈക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ് ഇടത് എം.പി പങ്കുവെച്ചിരിക്കുന്നത്.
ബി.എം.ഡബ്ല്യൂയുമായി ചേര്‍ന്ന് ഇന്ത്യന്‍ ബ്രാന്‍ഡായ ടി.വി.എസ് വികസിപ്പിച്ചെടുത്ത 450 സിസി മോട്ടോര്‍സൈക്കിളിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എക്സില്‍ പങ്കുവെച്ചിരുന്നു. ഇന്ത്യയുടെ എഞ്ചിനീയറിയിങ് മികവിനെ പുകഴ്ത്തിയും നിലവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയുമായിരുന്നു കോണ്‍ഗ്രസിന്റെ പോസ്റ്റ്.
‘ശക്തമായ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലെന്ന് പറഞ്ഞാല്‍ അത് ഉത്പന്ന നിര്‍മാണമാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഈ ഉത്പാദനം വളരെ കുറവാണ്. സാമ്പത്തിക വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് രാജ്യത്ത് കൂടുതല്‍ ഉത്പാദനങ്ങള്‍ നടക്കേണ്ടതുണ്ട്. അതിന് കൂടുതല്‍ ഉത്പാദന ആവാസവ്യവസ്ഥകള്‍ നിര്‍മിക്കുകയും ഉയര്‍ന്ന നിലവാരത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വേണം,’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
കൂടുതല്‍ ഉത്പന്ന നിര്‍മാണങ്ങള്‍ ആരംഭിക്കുന്നതിന് പകരം ഇന്ത്യയിലെ ഉത്പാദനം കുറയുകയാണ് ചെയ്യുന്നതെന്നും അത് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഈ സംഭവത്തെ മുന്‍നിര്‍ത്തിയാണ് എ.എ. റഹീമിന്റെ വിമര്‍ശനം.
Content Highlight: Enjoy the journey; AA Rahim slams Rahul Gandhi for visiting BMW factory in Germany