ചാമ്പ്യന്‍സ് ലീഗ് കിരീടം ഇംഗ്ലീഷ് ക്ലബ്ബുകള്‍ പൊക്കും; പ്രവചനവുമായി മുന്‍ ലിവര്‍പൂള്‍ താരം
Sports News
ചാമ്പ്യന്‍സ് ലീഗ് കിരീടം ഇംഗ്ലീഷ് ക്ലബ്ബുകള്‍ പൊക്കും; പ്രവചനവുമായി മുന്‍ ലിവര്‍പൂള്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th December 2023, 10:44 am

ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ ആഴ്‌സണലും മാഞ്ചസ്റ്റര്‍ സിറ്റിയും മികച്ച മുന്നേറ്റം നടത്തുമെന്ന് പ്രവചിച്ചിരിക്കുകയാണ് ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ ഗ്രെയിം സൗനെസ്.ലാ ലിഗ, സീരി എ, ബുണ്ടസ്ലീഗ, ലിഗ് വണ്‍ എന്നീ ലീഗുകളെക്കാള്‍ ശക്തമാണ് പ്രീമിയര്‍ ലീഗ് എന്നും ആഴ്സണലും മാഞ്ചസ്റ്റര്‍ സിറ്റിയും ആണ് ചാമ്പ്യന്‍സ് ലീഗ് കിരീട പോരാട്ടത്തില്‍ ഫേവറൈറ്റുകളെന്നുമാണ് സൗനെസ് പറഞ്ഞത്.

‘ഒരുപക്ഷേ ഇത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായിരിക്കും. എന്നാല്‍ ഞാന്‍ സ്പാനിഷ് ഫുട്ബോളിലേക്കും ഇറ്റാലിയന്‍ ഫുട്ബോളിലേക്കും ജര്‍മന്‍ ഫുട്ബോളിലേക്കും നോക്കുമ്പോള്‍ അവിടെ പി.എസ്.ജി എന്ന ഒരു മികച്ച ടീമുണ്ട്. എന്നാല്‍ എനിക്ക് മറ്റ് ലീഗുകളെക്കുറിച്ച് ചില ചോദ്യങ്ങളുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നോക്കുമ്പോള്‍ മറ്റ് ലീഗൊന്നും അടുത്തെങ്ങുപോലും എത്തില്ല.

പ്രീമിയര്‍ ലീഗിന്റെ അതേ തീവ്രത മറ്റ് ലീഗുകള്‍ക്കില്ല. ആഴ്സണലിനും മാഞ്ചസ്റ്റര്‍ സിറ്റിക്കുമൊപ്പം ഞങ്ങള്‍ക്ക് മികച്ച ടീമുകള്‍ ലഭിച്ചുവെന്ന് ഞാന്‍ കരുതുന്നു. മറ്റ് ടീമുകളെ നോക്കുമ്പോള്‍ മികച്ച ഫേവറൈറ്റുകളാണ് ഈ ടീമുകള്‍. ഇപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വളരെ മികച്ചതാണെന്ന് എനിക്ക് തോന്നുന്നു,’ സൗനസ് ടോക്ക്‌സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളില്‍ ന്യൂകാസില്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയതിരുന്നു. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പ്രൗഢി കാക്കാന്‍ ഇനി സിറ്റിയും ഗണ്ണേഴ്സും മാത്രമാണുള്ളത്.

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്.സി കോപ്പന്‍ഹേഗനെയാണ് നേരിടുക. അതേസമയം ആഴ്സണല്‍ എഫ്.സി പോര്‍ട്ടോയെയും നേരിടും.

content highlights: English clubs will lift the Champions League title; Former Liverpool player with prediction