| Monday, 28th July 2025, 7:39 am

സ്‌പെയ്‌നിനെ ഷൂട്ട്ഔട്ടില്‍ വീഴ്ത്തി; യൂറോപ്പിന്റെ രാജ്ഞികളായി ഇംഗ്ലണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ വനിതാ യൂറോ കപ്പ് കിരീടം നിലനിര്‍ത്തി ഇംഗ്ലണ്ട്. സെന്റ് ജേകബ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ട്ഔട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. നിശ്ചിത സമയത്തും എക്‌സ്ട്രാ സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ട്ഔട്ടിലേക്ക് കടന്നത്. ഷൂട്ട്ഔട്ടില്‍ 3-1നായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനാണ് ഇംഗ്ലണ്ട് അവംലബിച്ചത്. മറുവശത്ത് 4-3-3 എന്ന ക്ലാസിക് ഫോര്‍മേഷനില്‍ സ്‌പെയ്‌നും കളത്തിലിറങ്ങി. തുല്യശക്തികളുടെ പോരാട്ടത്തിനാണ് ഫൈനല്‍ സാക്ഷ്യം വഹിച്ചത്. 25ാം മിനിട്ടില്‍ മനിയാന കാല്‍ഡെന്റിയിലൂടെ സ്‌പെയ്ന്‍ മുമ്പിലെത്തി. പ്രതിരോധ താരം ഒന ബാറ്റിലിന്റെ അസിസ്റ്റിലാണ് താരം ഗോള്‍ കണ്ടെത്തിയത്.

ആദ്യ ഗോള്‍ വഴങ്ങിയതോടെ കിരീടം നിലനിര്‍ത്താനുറച്ചെത്തിയ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരും പോരാട്ടം കടുപ്പിച്ചു. പക്ഷേ ആദ്യ പകുതിയില്‍ ലക്ഷ്യം കാണാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല. ഇതോടെ ആദ്യ പകുതി 1-0ന് സ്‌പെയ്ന്‍ മുമ്പിലെത്തി.

57ാം മിനിട്ടില്‍ ഇംഗ്ലണ്ട് ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. പകരക്കാരിയായി കളത്തിലറങ്ങിയ ക്ലോ കെല്ലിയുടെ അസിസ്റ്റില്‍ അലസിയ റൂസോ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു.

തുടര്‍ന്ന് ഇരുവരും ലീഡിനായി പൊരുതിയെങ്കിലും നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും തുല്യത പാലിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ട്ഔട്ടിലേക്ക് നീങ്ങി.

മത്സരത്തില്‍ ആദ്യം കിക്കെടുത്ത ഇംഗ്ലണ്ടിന് പിഴച്ചു. എന്നാല്‍ അവസരം മുതലെടുത്ത സ്പാനിഷ് താരം പന്ത് വലയിലെത്തിച്ചു. തുടര്‍ന്നുള്ള നാലില്‍ മൂന്ന് അവസരവും ഇംഗ്ലണ്ട് ഗോളാക്കി മാറ്റിയപ്പോള്‍ ബാലണ്‍ ഡി ഓര്‍ ജേതാവ് ഐറ്റാന ബോണ്‍മാറ്റിയടക്കമുള്ളവര്‍ക്ക് ലക്ഷ്യം കാണാനാകാതെ പോയി. അവസാന കിക്കെടുക്കാനുള്ള അവസരം സ്‌പെയ്‌നിന് നഷ്ടപ്പെടുകയും ചെയ്തതോടെ ഇംഗ്ലണ്ട് ഷൂട്ട്ഔട്ടില്‍ 3-1 എന്ന സ്‌കോറില്‍ കിരീടമുയര്‍ത്തി.

പെനാല്‍ട്ടി ഷൂട്ട്ഔട്ട്

ഇംഗ്ലണ്ട് – സ്‌പെയ്ന്‍

ബെത് മീഡ്  ❌ ✔️ പെട്രീഷ്യ ഗിജാരോ

അലക്‌സ് ഗ്രീന്‍വുഡ് മരിയാന ✔️ ❌കാല്‍ഡെന്റി

നിയാം ചാള്‍സ് ✔️ ❌ഐറ്റാന ബോണ്‍മാറ്റി

ലെയ വില്യംസണ്‍ സല്‍മ ❌ ❌ പാരലുവാലോ

ക്ലോ കെല്ലി ✔️

Content Highlight: England win Women’s Euro Cup

We use cookies to give you the best possible experience. Learn more