വെസ്റ്റിന്‍ഡീസിനെ അടിച്ചുപറത്തി; എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട്
ICC WORLD CUP 2019
വെസ്റ്റിന്‍ഡീസിനെ അടിച്ചുപറത്തി; എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th June 2019, 10:41 pm

സതാംപ്ടണ്‍: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 33 ഓവറില്‍ തന്നെ മറികടക്കുകയായിരുന്നു.

സെഞ്ചുറി നേടിയ ജോ റൂട്ടിന്റെയും ബെയര്‍സ്റ്റോയുടെയും ക്രിസ് വോക്സിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് ഇംഗ്ലീഷ് പടയുടെ ജയം. റൂട്ട് 94 പന്തില്‍ 100 റണ്‍സ് നേടി പുറത്താകാതെ നിന്നു. ജോണി ബെയര്‍സ്റ്റോ 46 പന്തില്‍ 45 റണ്‍സു ക്രിസ് വോക്സ് 53 പന്തില്‍ 40 റണ്‍സും എടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ എറഞ്ഞിടുകയായിരുന്നു ഇംഗ്ലണ്ട്. രണ്ട് റണ്‍ എടുത്ത ഓപ്പണര്‍ എവിന്‍ ലൂയിസിന്റെ വിക്കറ്റാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. ഗെയ്‌ലിനെ പുറത്താക്കാനുള്ള അവസരം ലഭിച്ചെങ്കിലും മാര്‍ക് വുഡ് കൈവിട്ടു. പിന്നാലെ 41 പന്തില്‍ 36 റണ്‍സ് എടുത്ത ഗെയ്‌ലിനെ പ്ലുംകെറ്റ് പുറത്താക്കി. 30 പന്തില്‍ 11 റണ്‍സ് എടുത്ത ഷായ് ഹോപ്പിനെ മാര്‍ക്ക് വുഡ് വിക്കറ്റിന് മുന്നില്‍ കുടുക്കി.

ഇംഗ്ലണ്ടിനായി 6.4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 9 ഓവറില്‍ 30 റണ്‍സ് വഴങ്ങി ജോഫ്ര ആര്‍ച്ചര്‍ 3 വിക്കറ്റ് എടുത്തു. ജോ റൂട്ട് രണ്ട് വിക്കറ്റും ക്രിസ് വോക്‌സ്, പ്ലുംകെറ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.