| Monday, 3rd February 2025, 5:06 pm

അഭിഷേകിന്റെ സെഞ്ച്വറിയേക്കാളേറെ മുറിവേല്‍പ്പിച്ചത്; ഈ തോല്‍വി ഇംഗ്ലണ്ട് ഒരിക്കലും മറക്കില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര അവസാനിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1നാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ 150 റണ്‍സിനാണ് ഇംഗ്ലണ്ട് തോല്‍വിയേറ്റുവാങ്ങിയത്.

സൂപ്പര്‍ താരം അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് വെറും 97 റണ്‍സിന് പുറത്തായി. വെറും രണ്ട് താരങ്ങള്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഇരട്ടയക്കം കണ്ടത്.

23 പന്തില്‍ 55 റണ്‍സ് നോേടിയ ഫില്‍ സാള്‍ട്ടാണ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഏഴ് പന്തില്‍ പത്ത് റണ്‍സ് നേടിയ ജേകബ് ബേഥലാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

10.3 ഓവറില്‍ ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകളും ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടിരുന്നു. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അഭിഷേക് ശര്‍മ, ശിവം ദുബെ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ രവി ബിഷ്‌ണോയ് ശേഷിച്ച വിക്കറ്റും സ്വന്തമാക്കി.

ഈ പരാജയത്തേക്കാളേറെ ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തുന്ന മറ്റൊരു സംഭവം കൂടി കഴിഞ്ഞ മത്സരത്തിലുണ്ടായി. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കുറവ് പന്ത് നേരിട്ട് ഓള്‍ ഔട്ടായ ടീം എന്ന മോശം റെക്കോഡാണ് ഇംഗ്ലണ്ടിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

2023ല്‍ ന്യൂസിലാന്‍ഡിന്റെ പേരില്‍ കുറിക്കപ്പെട്ട അനാവശ്യ നേട്ടമാണ് ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ പേരിലേക്ക് മാറ്റിയെഴുതപ്പെട്ടത്.

അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യക്കെതിരെ ഏറ്റവും കുറവ് പന്തുകള്‍ക്ക് ഓള്‍ ഔട്ടാകുന്ന ടീമുകള്‍

(ടീം – നേരിട്ട പന്തുകള്‍/ ഓവര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഇംഗ്ലണ്ട് – 63/10.3 – 2025*

ന്യൂസിലാന്‍ഡ് – 73/12.1 – 2023

അയര്‍ലന്‍ഡ് – 75/12.3 – 2018

സൗത്ത് ആഫ്രിക്ക – 83/13.5 – 2024

അതേസമയം, ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയാണ് ഇനി ഇംഗ്ലണ്ടിന് മുമ്പിലുള്ളത്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് നടക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക.

ഫെബ്രുവരി ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം. വി.സി.എ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.

മത്സരങ്ങള്‍

ആദ്യ മത്സരം: ഫെബ്രുവരി 6 – വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

രണ്ടാം മത്സരം: ഫെബ്രുവരി 9- ബരാബതി സ്റ്റേഡിയം, ഒഡീഷ

അവസാന മത്സരം: ഫെബ്രുവരി 12 – നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്

Content Highlight: England tops the list of quickest all out against India in T20I

We use cookies to give you the best possible experience. Learn more