ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര അവസാനിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1നാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ 150 റണ്‍സിനാണ് ഇംഗ്ലണ്ട് തോല്‍വിയേറ്റുവാങ്ങിയത്.
സൂപ്പര്‍ താരം അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് വെറും 97 റണ്‍സിന് പുറത്തായി. വെറും രണ്ട് താരങ്ങള്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഇരട്ടയക്കം കണ്ടത്.
An impressive way to wrap up the series 🤩#TeamIndia win the 5th and final T20I by 150 runs and win the series by 4-1 👌
23 പന്തില്‍ 55 റണ്‍സ് നോേടിയ ഫില്‍ സാള്‍ട്ടാണ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഏഴ് പന്തില്‍ പത്ത് റണ്‍സ് നേടിയ ജേകബ് ബേഥലാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
10.3 ഓവറില്‍ ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകളും ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടിരുന്നു. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അഭിഷേക് ശര്‍മ, ശിവം ദുബെ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ രവി ബിഷ്‌ണോയ് ശേഷിച്ച വിക്കറ്റും സ്വന്തമാക്കി.
ഈ പരാജയത്തേക്കാളേറെ ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തുന്ന മറ്റൊരു സംഭവം കൂടി കഴിഞ്ഞ മത്സരത്തിലുണ്ടായി. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കുറവ് പന്ത് നേരിട്ട് ഓള്‍ ഔട്ടായ ടീം എന്ന മോശം റെക്കോഡാണ് ഇംഗ്ലണ്ടിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യക്കെതിരെ ഏറ്റവും കുറവ് പന്തുകള്‍ക്ക് ഓള്‍ ഔട്ടാകുന്ന ടീമുകള്‍
(ടീം – നേരിട്ട പന്തുകള്‍/ ഓവര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഇംഗ്ലണ്ട് – 63/10.3 – 2025*
ന്യൂസിലാന്‍ഡ് – 73/12.1 – 2023
അയര്‍ലന്‍ഡ് – 75/12.3 – 2018
സൗത്ത് ആഫ്രിക്ക – 83/13.5 – 2024
അതേസമയം, ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയാണ് ഇനി ഇംഗ്ലണ്ടിന് മുമ്പിലുള്ളത്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് നടക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക.
ഫെബ്രുവരി ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം. വി.സി.എ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.