ആഷസ് ആഘോഷത്തിനിടെ കണ്ണട ധരിച്ച് സ്റ്റീവ് സ്മിത്ത്; ജാക്ക് ലീച്ചിനെ കളിയാക്കിയതെന്ന് ഇംഗ്ലീഷ് ആരാധകര്‍
ashes 2019
ആഷസ് ആഘോഷത്തിനിടെ കണ്ണട ധരിച്ച് സ്റ്റീവ് സ്മിത്ത്; ജാക്ക് ലീച്ചിനെ കളിയാക്കിയതെന്ന് ഇംഗ്ലീഷ് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th September 2019, 5:40 pm

മാഞ്ചസ്റ്റര്‍: ആഷസ് നാലാം ടെസ്റ്റ് ജയത്തിന് ശേഷം ഗ്രൗണ്ടില്‍ ഓസീസ് താരങ്ങള്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ കണ്ണട ധരിച്ച് സ്റ്റീവ് സ്മിത്ത്. നഥാന്‍ ലിയോണിനൊപ്പം തോളില്‍ കയ്യിട്ട് നില്‍ക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. എന്നാലിത് മൂന്നാം ആഷസിലെ ഇംഗ്ലണ്ടിന്റെ വിജയ ശില്‍പികളിലൊരാളായ ജാക്ക് ലീച്ചിനെ കളിയാക്കാനാണ് സ്റ്റീവ് സ്മിത്ത് ചെയ്തിരിക്കുന്നതെന്നാണ് ഇംഗ്ലീഷ് ആരാധകര്‍ ആരോപിക്കുന്നത്.

കണ്ണട ധരിച്ച് കളിക്കുന്ന ഇംഗ്ലണ്ടിന്റെ പതിനൊന്നാമനായ ജാക്ക് ലീച്ച് ബെന്‍ സ്റ്റോക്ക്‌സിനൊപ്പം ചേര്‍ന്ന് അവസാന വിക്കറ്റില്‍ 76 റണ്‍സ് നേടിയിരുന്നു. മത്സരശേഷം ബെന്‍സ്റ്റോക്ക്‌സിന്റെ നിര്‍ദേശപ്രകാരം ആഷസിന്റെ സ്‌പോണ്‍സര്‍മാരായ കണ്ണട കമ്പനി സ്‌പെക്‌സേവേഴ്‌സ് ജാക്ക് ലീച്ചിന് ആജീവനാന്തം കണ്ണട സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇടങ്കയ്യനായ ലീച്ച് മത്സരത്തിനിടെ ഇടയ്ക്ക് കണ്ണട തുടച്ചതെല്ലാം അന്ന് വലിയ ചര്‍ച്ചയായിരുന്നു.

 

എന്നാല്‍ ഇന്നലെ മാഞ്ചസ്റ്ററിലെ ഓള്‍ഡ്ട്രഫോര്‍ഡില്‍ സ്റ്റീവ് സ്മിത്ത് കണ്ണട തുടച്ചു കാണിച്ചെന്നും ഇടങ്കയ്യനായി അഭിനയിച്ചെന്നും ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ജാക്ക് ലീച്ചിനെ ഉദ്ദേശിച്ച് തന്നെയാണെന്നാണ് ഇംഗ്ലീഷ് ആരാധകര്‍ പറയുന്നത്.

അതേസമയം ഓസീസ് മുന്‍ ഓപണറായിരുന്ന ക്രിസ് റോജേഴ്‌സിനെയാണ് സ്റ്റീവ് സ്മിത്ത് അനുകരിച്ചതെന്നാണ് ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ റ്യാന്‍ പിയേഴ്‌സ് പറഞ്ഞത്.

 

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ 12 മാസത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ സ്റ്റീവ് സ്മിത്തിനെ ആഷസിലുടനീളം ഇംഗ്ലീഷ് ആരാധകര്‍ കൂവുകയും കളിയാക്കുകയും ചെയ്തിരുന്നു.