സൗത്ത് ആഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഡെഡ് റബ്ബര്‍ മത്സരത്തില്‍ ആതിഥേയര്‍ക്ക് കൂറ്റന്‍ വിജയം. സതാംപ്ടണില്‍ നടന്ന മത്സരത്തില്‍ 342 റണ്‍സിന്റെ വന്‍ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 415 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് വെറും 72 റണ്‍സിന് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് യുവതാരം ജേകബ് ബേഥലിന്റെയും സൂപ്പര്‍ താരം ജോ റൂട്ടിന്റെയും സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. ബേഥല്‍ 82 പന്തില്‍ 110 റണ്‍സും റൂട്ട് 96 പന്തില്‍ നൂറ് റണ്‍സും നേടി.
32 പന്തില്‍ പുറത്താകാതെ 62 റണ്‍സ് നേടിയ ജോസ് ബട്‌ലറും 48 പന്തില്‍ 62 റണ്‍സ് നേടിയ ജെയ്മി സ്മിത്തും കരുത്തായപ്പോള്‍ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 414ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിന് തൊട്ടതെല്ലാം പിഴച്ചു. ഏഴ് റണ്‍സിന് നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടാണ് സൗത്ത് ആഫ്രിക്ക തകര്‍ച്ചയിലേക്ക് വീണത്.
ഏയ്ഡന്‍ മര്‍ക്രവും വിയാന്‍ മുള്‍ഡറും പൂജ്യത്തിന് മടങ്ങിയപ്പോള്‍ അഞ്ച് പന്തില്‍ ഒരു റണ്‍സ് നേടിയാണ് റിയാന്‍ റിക്കല്‍ടണ്‍ പുറത്തായത്. തുടര്‍ച്ചായ ഇന്നിങ്സുകളില്‍ 50+ റണ്‍സടിച്ച് ചരിത്രം തിരുത്തിക്കുറിച്ച മാത്യൂ ബ്രീറ്റ്സ്‌കിക്കും സതാംപ്ടണില്‍ കാലിടറി. 10 പന്തില്‍ നാല് റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.
വെറും മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് പ്രോട്ടിയാസ് നിരയില്‍ ഇരട്ടയക്കം കാണാന്‍ സാധിച്ചത്. 32 പന്തില്‍ 20 റണ്‍സ് നേടിയ കോര്‍ബിന്‍ ബോഷാണ് ടോപ് സ്‌കോറര്‍. കേശവ് മഹാരാജ് (17 പന്തില് 17), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (22 പന്തില്‍ പത്ത്) എന്നിവരാണ് ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
ഇംഗ്ലണ്ടിനായി ജോഫ്രാ ആര്‍ച്ചര്‍ നാല് വിക്കറ്റുമായി തിളങ്ങി. ആദില്‍ റഷീദ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബ്രൈഡന്‍ കാര്‍സ് രണ്ട് വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റന്‍ തെംബ ബാവുമ ആബ്‌സന്റ് ഹര്‍ട്ടായതോടെ മത്സരം ഇംഗ്ലണ്ട് പിടിച്ചെടുത്തു.
പര്യടനത്തിലെ ആദ്യ രണ്ട് ഏകദനത്തിലും പരാജയപ്പെട്ട ഇംഗ്ലണ്ടിന് ഡെഡ് റബ്ബര്‍ മത്സരത്തില്‍ മുഖം രക്ഷിക്കാനെങ്കിലും വിജയം അനിവാര്യമായിരുന്നു. എന്നാല്‍ ഏകദിന ഫോര്‍മാറ്റിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.
ഏകദിനത്തില ഏറ്റവും ഉയര്‍ന്ന വിജയമാര്‍ജിനിന്റെ റെക്കോഡാണ് 342 റണ്‍സിന്റെ വിജയത്തോടെ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 2023ല്‍ തിരുവനന്തപുരത്ത് വെച്ച് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ നേടിയ 317 റണ്‍സിന്റെ വിജയത്തിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വിജയം (റണ്‍സിന്റെ അടിസ്ഥാനത്തില്‍)
(ടീം – എതിരാളികള്‍ – മാര്‍ജിന്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക – 342 റണ്‍സ് – സതാംപ്ടണ്‍ – 2025*
ഇന്ത്യ – ശ്രീലങ്ക – 317 റണ്‍സ് – തിരുവനന്തപുരം – 2023