45 വര്‍ഷത്തെ റെക്കോഡ് തകര്‍ത്ത് ചരിത്രം കുറിച്ച് ഇംഗ്ലണ്ട് !
Cricket
45 വര്‍ഷത്തെ റെക്കോഡ് തകര്‍ത്ത് ചരിത്രം കുറിച്ച് ഇംഗ്ലണ്ട് !
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th July 2022, 8:07 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച വിജയം. അവസാന ഇന്നിങ്‌സില്‍ 378 റണ്‍ ചെയിസ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് അവസാന ദിവസത്തെ ആദ്യ സെഷനില്‍ തന്നെ വിജയിക്കുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ മികച്ച ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 245 റണ്ണാണ് നേടിയത്. റിഷബ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 416 റണ്‍ നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 284 റണ്‍സെടുത്ത് ഓള്‍ ഔട്ടായിരുന്നു.

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 245 റണ്‍ മാത്രം സ്വന്തമാക്കിയ ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ 378 റണ്ണാണ് ചെയ്‌സ് ചെയ്യാന്‍ നല്‍കിയത്. ഒന്നര ദിവസം ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന് ഇത് ചെയ്‌സ് ചെയ്യാന്‍ സാധിക്കുന്നതായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബൗളിങ്ങിനെതിരെ അത് നടക്കുമോ എന്ന് കണ്ടറിയണമായിരുന്നു.

അവസാന ദിനം 119 റണ്‍ വേണ്ടിയിരിക്കെ ഇംഗ്ലണ്ട് ആദ്യ സെഷനില്‍ തന്നെ വിജയിക്കുകയായിരുന്നു. ഇതോടെ പുതിയ റെക്കോഡ് നേടിയിരിക്കുകയാണ് ഇംഗ്ലണ്ട് ടീം. ഇന്ത്യക്കെതിരെ ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ചെയ്‌സ് ചെയ്യുന്ന ടീമായി മാറിയിരിക്കുകയാണ് ഇംഗ്ലണ്ട്.

1977ല്‍ ഓസ്‌ട്രേലിയ പെര്‍ത്തില്‍ പിന്തുടര്‍ന്ന് വിജയിച്ച 339 റണ്ണായിരുന്നു ഇതിന് മുമ്പത്തെ റെക്കോഡ്. ഇംഗ്ലണ്ട് 378 റണ്‍സ് ചെയ്‌സ് ചെയ്തതോടെ 45 വര്‍ഷം നീണ്ടുനിന്ന റെക്കോഡാണ് തകര്‍ക്കപ്പെട്ടത്.

ഇതോടെ മറ്റൊരു റെക്കോഡും കൂടെ ഇംഗ്ലണ്ട് തിരുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന ചെയ്‌സായിരുന്നു ഇന്ത്യക്കെതിരെ നടന്നത്. തുടര്‍ച്ചയായി നാലാം ടെസ്റ്റാണ് ഇതോടെ ഇംഗ്ലണ്ട് വിജയിച്ചത്. ന്യൂസീലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-0 എന്ന നിലയില്‍ ഇംഗ്ലണ്ട് വിജയിച്ചിരുന്നു.

അതേസമയം 2007ന് ശേഷം ഇംഗ്ലണ്ട് മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയം എന്ന സ്വപ്‌നമായിട്ടായിരുന്നു ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ പരമ്പര സമനിലയില്‍ കലാശിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും രണ്ട് മത്സരം വീതം വിജയിച്ചു.

കഴിഞ്ഞ വര്‍ഷമായിരുന്നു പരമ്പര ആരംഭിച്ചത്. അന്ന് നടന്ന് നാല് മത്സരത്തില്‍ ഇന്ത്യ രണ്ട് കളിയില്‍ വിജയിച്ചിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി കാരണം ബാക്കിയുള്ള ഒരു മത്സരം മാറ്റിവെക്കുകയായിരുന്നു.

Content Highlights: England breaks records that lasted 45 years