ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 2025 ഐ.പി.എല്‍ മണിക്കൂറുകള്‍ക്കകം തുടക്കമാവും. നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്സുമായുള്ള മത്സരത്തോടെയാണ് പതിനെട്ടാം സീസണ്‍ ആരംഭിക്കുക. ഇന്ന് (ശനി) രാത്രി 7.30ന് കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാഡന്‍സിലാണ് മത്സരം നടക്കുക.
ഇപ്പോള്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും മുംബൈ ഇന്ത്യന്‍സിനെയും കുറിച്ച് സംസാരിക്കുകയാണ് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറന്‍. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ തവണ വിജയികളായ ടീമുകളാണ് ചെന്നൈയും മുംബൈയും. ഇരു ടീമുകളും ഐ.പി.എല്ലിലെ മികച്ച ടീമുകളായി അറിയപ്പെടുന്നതിന് കാരണം താരങ്ങളും കോച്ചിങ് സ്റ്റാഫുമുള്‍പ്പടെയുള്ള ടീമിലെ എല്ലാവരും പുലര്‍ത്തുന്ന വിശ്വസ്തതയാണ് എന്ന് കറന്‍ പറഞ്ഞു.
സി.എസ്.കെയിലെ തന്റെ ഒരു അനുഭവവും താരം അതിന് തെളിവായി ചൂണ്ടിക്കാണിച്ചു. സ്‌കൈ ക്രിക്കറ്റിന്റെ പോഡ്കാസ്റ്റില്‍ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍മാരായ നാസര്‍ ഹുസൈനും മൈക്കല്‍ ആതര്‍ട്ടണുമായി സംസാരിക്കുകയായിരുന്നു കറന്‍.
‘ചെന്നൈയും മുംബൈയും ഐ.പി.എല്ലില്‍ അഞ്ച് ട്രോഫികള്‍ നേടിയിട്ടുണ്ട്, അത് അവരുടെ വിശ്വസ്തതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. കാരണം, പരിശീലനത്തിനിടെ ഞാന്‍ ഒരു ദിവസം ചെന്നൈ പരിശീലകരുമായി സംസാരിച്ചപ്പോള്‍ അവരില്‍ ചിലര്‍ 2008 മുതല്‍ ടീമിനൊപ്പമുണ്ടെന്ന് പറഞ്ഞു.
അതുപോലെ, 2020ല്‍ എന്നെ ടീമിലെടുത്തപ്പോള്‍, ടീമില്‍ ഉണ്ടായിരുന്ന 12, 14 പേരില്‍ നിന്നും എനിക്ക് വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ലഭിച്ചു. ഇത്തരം ചെറിയ കാര്യങ്ങളാണ് ഈ ടീമിന്റെ ഭാഗമാവുന്നതില്‍ സന്തോഷിക്കുന്നതിന് കാരണമെന്നാണ് ഞാന്‍ കരുതുന്നത്,’ കറന്‍ പറഞ്ഞു.
നിലവില്‍ സാം കറന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ്. കഴിഞ്ഞ വര്‍ഷം പഞ്ചാബ് കിങ്‌സിന്റെ താരമായിരുന്ന കറനെ മെഗാ ലേലത്തിലൂടെ 2.4 കോടി രൂപയ്ക്കാണ് വീണ്ടും ടീമിലെത്തിച്ചത്. ഇംഗ്ലണ്ട് താരം 2020 – 2021 സീസണുകളിലും ചെന്നൈക്കൊപ്പമുണ്ടായിരുന്നു. 2021 കിരീടം നേടിയ ടീമില്‍ ഭാഗമായിരുന്ന കറന്‍ രണ്ട് സീസണുകളില്‍ ചെന്നൈക്കായി 15 മത്സരങ്ങളില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്.