ഇവന്‍മാരിത് സ്ഥിരമാണോ! ത്രില്ലര്‍ വിജയങ്ങളുടെ തമ്പുരാക്കന്‍മാര്‍
Sports News
ഇവന്‍മാരിത് സ്ഥിരമാണോ! ത്രില്ലര്‍ വിജയങ്ങളുടെ തമ്പുരാക്കന്‍മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 15th July 2025, 7:43 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ 22 റണ്‍സിന്റെ പരാജയമാണ് സന്ദര്‍ശകര്‍ക്ക് നേരിടേണ്ടി വന്നത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ റണ്‍സിന് 170 പുറത്തായി. അഞ്ചാം ദിവസം അനായാസം വിജയിക്കാന്‍ സാധിക്കുമെന്ന ഇന്ത്യയുടെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചായിരുന്നു ആതിഥേയരുടെ വിജയം. അവസാന നിമിഷം വരെ പോരാടിയ രവീന്ദ്ര ജഡേജയുടെ അപരാജിത അര്‍ധ സെഞ്ച്വറിക്കും ഇന്ത്യയുടെ തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല.

സ്‌കോര്‍

ഇംഗ്ലണ്ട്: 387 & 192

ഇന്ത്യ: 387 & 170 (T: 193)

താരതമ്യേന ദുര്‍ബലമായ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുമെന്നാണ് ആരാധകര്‍ വിശ്വസിച്ചത്. റെഡ് ഹോട്ട് ഫോമിലുള്ള ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ അഞ്ചാം ദിവസത്തിന്റെ ആദ്യ സെഷനില്‍ തന്നെ വിജയം സ്വന്തമാക്കുമെന്ന് താരങ്ങള്‍ പോലും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് മുമ്പില്‍ നിന്നും നയിച്ച ത്രീ ലയണ്‍സിന്റെ ബൗളിങ് യൂണിറ്റ് ഇന്ത്യന്‍ സ്വപ്‌നങ്ങളെ തകര്‍ത്തെറിഞ്ഞു. അബ്‌സല്യൂട്ട് സിനിമ എന്ന് വിശേഷിപ്പിക്കാന്‍ പോന്നതായിരുന്നു ലോര്‍ഡ്‌സിലെ മത്സരവും ഇംഗ്ലണ്ടിന്റെ വിജയവും.

ഇതാദ്യമായല്ല ഇംഗ്ലണ്ട് ഇത്തരത്തില്‍ പരാജയം മുമ്പില്‍ കണ്ട ശേഷം വിജയം സ്വന്തമാക്കുന്നത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തിരിച്ചുവരവുകളുടെ ആശാന്‍മാരാണ് ഇംഗ്ലണ്ട്.

ടെസ്റ്റില്‍ ഇതുവരെ 13 തവണ ഇംഗ്ലണ്ട് 25ഓ അതില്‍ താഴെയോ മാര്‍ജിനില്‍ വിജയിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയാണ്. ആറ് തവണയാണ് ഓസീസ് ഇത്തരത്തില്‍ വിജയം സ്വന്തമാക്കിയത്.

ടെസ്റ്റില്‍ 25 റണ്‍സിനോ അതില്‍ താഴെയോ ഏറ്റവുമധികം മത്സരം വിജയിച്ച ടീമുകള്‍

(ടീം – എത്ര തവണ എന്നീ ക്രമത്തില്‍)

ഇംഗ്ലണ്ട് – 13 തവണ

ഓസ്‌ട്രേലിയ – 6 തവണ

സൗത്ത് ആഫ്രിക്ക – 4 തവണ

ന്യൂസിലാന്‍ഡ് – 4 തവണ

പാകിസ്ഥാന്‍ – 4 തവണ

വെസ്റ്റ് ഇന്‍ഡീസ് – 3 തവണ

ഇന്ത്യ – ഒരു തവണ

സിംബാബ്‌വേ – ഒരു തവണ

ബംഗ്ലാദേശ് – ഒരു തവണ

ശ്രീലങ്ക – ഒരു തവണ

മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. നാലാം ദിവസത്തെ മത്സരം പൂര്‍ത്തിയാകും മുമ്പേ ഇന്ത്യയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു.

ഓപ്പണര്‍ യശസ്വി ജെയ്സ്വാളും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ് ദീപുമടക്കമുള്ള നാല് വിക്കറ്റുകളാണ് നാലാം ദിവസം അവസാനിക്കും മുമ്പ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.

അഞ്ചാം ദിവസം തുടക്കത്തിലേ റിഷബ് പന്തിനെയും കെ.എല്‍. രാഹുലിനെയും നഷ്ടപ്പെട്ട ഇന്ത്യ പരാജയം മുമ്പില്‍ കണ്ടു. 41/1 എന്ന നിലയില്‍ നിന്നും 82/7 എന്ന നിലയിലേക്ക് ഇന്ത്യ നിലംപൊത്തി. എന്നാല്‍ ഒരു വശത്ത് നിന്ന് രവീന്ദ്ര ജഡേജ പൊരുതിയതോടെ ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷയും കൈവന്നു.

അവസാന വിക്കറ്റില്‍ മുഹമ്മദ് സിറാജിനൊപ്പം ചേര്‍ന്ന് ചെറുത്തുനിന്നെങ്കിലും വിജയലക്ഷ്യത്തിന് 22 റണ്‍സകലെ ഇന്ത്യയ്ക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.

ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സും ജോഫ്രാ ആര്‍ച്ചറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബ്രൈഡന്‍ കാര്‍സ് രണ്ട് ഇന്ത്യന്‍ താരങ്ങളെ മടക്കിയപ്പോള്‍ ഷോയ്ബ് ബഷീറും ക്രിസ് വോക്സും ഓരോ വിക്കറ്റ് വീതവും നേടി ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു.

ജൂലൈ 23നാണ് പരമ്പരയിലെ നാലാം മത്സരം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡാണ് വേദി.

 

Content Highlight: ENG vs IND: England tops the list of most Test wins by a margin of 25 runs or less