വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയോടെയാണ് ഇന്ത്യ 2025-27 സൈക്കിളിന് തുടക്കമിടുന്നത്. വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും വിരമിക്കലിന് ശേഷമുള്ള ആദ്യ പരമ്പര എന്ന പ്രത്യേകതയും ഈ പര്യടനത്തിനുണ്ട്.
ക്യാപ്റ്റനായി ചുമതലയേറ്റ ശുഭ്മന്‍ ഗില്ലിനെ സംബന്ധിച്ച് ഈ പര്യടനം ഏറെ നിര്‍ണായകവുമാണ്. ഇംഗ്ലണ്ടില്‍ മികച്ച ട്രാക്ക് റെക്കോഡില്ലാത്ത ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം മാത്രമാകും ഗില്ലിന് മുമ്പിലുണ്ടാവുക.
സൂപ്പര്‍ താരം ജസ്പ്രീത് ബുംറയുടെ കരുത്തിനെ തന്നെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. കഴിഞ്ഞ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബുംറ തന്നെയായിരിക്കും ഇന്ത്യയുടെ ബൗളിങ് യൂണിറ്റിനെ നയിക്കുന്നത്.
എന്നാല്‍ ജസ്പ്രീത് ബുംറയെ തെല്ലും ഭയക്കുന്നില്ല എന്ന് വ്യക്തമാക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്. ജസ്പ്രീത് ബുംറയ്ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും ഒരു താരത്തിന് മത്സരഫലം മാറ്റാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും സ്‌റ്റോക്‌സ് പറഞ്ഞു.
‘ഞങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച താരങ്ങള്‍ക്കെതിരെ കളിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ബുംറയുടെ നിലവാരമെന്താണെന്ന് അറിയാം. അതുപോലെ അവന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നും ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് ഞങ്ങള്‍ അവനെ പേടിക്കുന്നില്ല.
ഒരു ബൗളറെക്കൊണ്ട് മാത്രം ഒരു ടീമിനേയും പരമ്പര ജയിപ്പിക്കാനാവില്ല. അതിന് ടീമിലെ എല്ലാവരും ഒരുപോലെ സംഭാവന ചെയ്യേണ്ടതുണ്ട്. പരമ്പരയുടെ ഫലം തീരുമാനിക്കാന്‍ കഴിയുന്ന ഒരു താരം ഇന്ത്യന്‍ ടീമിലോ ഇംഗ്ലണ്ട് ടീമിലോ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല,’ സ്റ്റോക്‌സ് പറഞ്ഞു.
ടെസ്റ്റില്‍ ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച ട്രാക്ക് റെക്കോഡുകളല്ല ഇന്ത്യയ്ക്കുള്ളത്. 1932 മുതല്‍ 19 തവണയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. ഇതില്‍ മൂന്ന് പരമ്പര മാത്രമാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ പരമ്പര വിജയിക്കാന്‍ സാധിച്ചത്.
വിരാടിന്റെ ക്യാപ്റ്റന്‍സിയില്‍ 2021ല്‍ നടന്ന പരമ്പരയില്‍ നാല് മത്സരങ്ങള്‍ അവസാനിക്കവെ 2-1ന്റെ ലീഡുമായി ഇന്ത്യ വിജയം നേടുമെന്ന് ഉറപ്പിച്ചിരിക്കവെയാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്.
ഒരു വര്‍ഷത്തിനിപ്പുറം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പരമ്പരയിലെ അവസാന മത്സരം വീണ്ടും ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ബുംറയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ മത്സരം പരാജയപ്പെടുകയും പരമ്പര സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.