ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റിന് ലോര്‍ഡ്‌സില്‍ തുടങ്ങിയിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ വിജയിച്ച് എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നേടാനുറച്ചാണ് ഇരു ടീമുകളും കളത്തിലിറങ്ങിയിരിക്കുന്നത്.

ആദ്യ ദിവസം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 251 എന്ന നിലയിലാണ് ഇംഗ്ലണ്ട്. സാക്ക് ക്രോളി (43 പന്തില്‍ 18), ബെന്‍ ഡക്കറ്റ് (40 പന്തില്‍ 23), ഒലി പോപ്പ് (104 പന്തില്‍ 44), ഹാരി ബ്രൂക് (20 പന്തില്‍ 11) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിവസം ഇംഗ്ലണ്ടിന് നഷ്ടമായത്. 191 പന്തില്‍ 99 റണ്‍സുമായി ജോ റൂട്ടും 102 പന്തില്‍ 39 റണ്‍സുമായി ബെന്‍ സ്റ്റോക്‌സുമാണ് നിലവില്‍ ആതിഥേയര്‍ക്കായി ക്രീസില്‍.