ബൈ ബൈ കപില്‍ പാജി... ഇതിഹാസത്തെ വെട്ടി രണ്ടാം സ്ഥാനത്ത്, ഒന്നാമതാര്?
Sports News
ബൈ ബൈ കപില്‍ പാജി... ഇതിഹാസത്തെ വെട്ടി രണ്ടാം സ്ഥാനത്ത്, ഒന്നാമതാര്?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th July 2025, 8:51 am
ലോര്‍ഡ്‌സ് ടെസ്റ്റിന് മുമ്പ് ഈ റെക്കോഡ് പട്ടികയില്‍ മുഹമ്മദ് ഷമിക്കൊപ്പം മൂന്നാം സ്ഥാനത്തായിരുന്നു ബുംറ. എന്നാല്‍ ആദ്യ ഇന്നിങ്‌സിന് പിന്നാലെ ഷമിയെ നാലാം സ്ഥാനത്തേക്കും കപില്‍ ദേവിനെ മൂന്നാം സ്ഥാനത്തേക്കും പടിയിറക്കിയാണ് ഇന്ത്യയുടെ മോഡേണ്‍ ഡേ ലെജന്‍ഡ് മുന്നേറിയത്.

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ മൂന്നാം മത്സരം ലോര്‍ഡ്സില്‍ തുടരുകയാണ്. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്.

സ്‌കോര്‍ (രണ്ടാം ദിവസം അവസാനിക്കുമ്പോള്‍)

ഇംഗ്ലണ്ട്: 387

ഇന്ത്യ: 145/3 (43)

സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ കരുത്തിലാണ് ഇന്ത്യ ആതിഥേയരെ പിടിച്ചുകെട്ടിയത്. മോഡേണ്‍ ഡേ ലെജന്‍ഡ് ജോ റൂട്ടിന്റേതടക്കം അഞ്ച് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.

251ന് നാല് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ എറിഞ്ഞിടുകയായിരുന്നു. 74 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്. കരിയറില്‍ ഇത് 15ാം തവണയാണ് ബുംറ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

മത്സരത്തിന്റെ ആദ്യ ദിവസം ഹാരി ബ്രൂക്കിനെ മടക്കിയ സൂപ്പര്‍ പേസര്‍ രണ്ടാം ദിവസം ജോ റൂട്ട്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരെയും പുറത്താക്കി.

ഇതോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ബുംറയ്ക്ക് സാധിച്ചു. ഇതിഹാസ താരം കപില്‍ ദേവിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടാണ് ബുംറ റെക്കോഡ് നേട്ടവുമായി തിളങ്ങിയത്.

അഞ്ച് ഫൈഫടക്കം ഇംഗ്ലണ്ടിനെതിരെ 47 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. 51 വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മ മാത്രമാണ് റെക്കോഡ് നേട്ടത്തില്‍ ബുംറയ്ക്ക് മുമ്പിലുള്ളത്.

ലോര്‍ഡ്‌സ് ടെസ്റ്റിന് മുമ്പ് ഈ റെക്കോഡ് പട്ടികയില്‍ മുഹമ്മദ് ഷമിക്കൊപ്പം മൂന്നാം സ്ഥാനത്തായിരുന്നു ബുംറ. എന്നാല്‍ ആദ്യ ഇന്നിങ്‌സിന് പിന്നാലെ ഷമിയെ നാലാം സ്ഥാനത്തേക്കും കപില്‍ ദേവിനെ മൂന്നാം സ്ഥാനത്തേക്കും പടിയിറക്കിയാണ് ഇന്ത്യയുടെ മോഡേണ്‍ ഡേ ലെജന്‍ഡ് മുന്നേറിയത്.

ഈ ടെസ്റ്റ് അവസാനിക്കും മുമ്പ് തന്നെ ഇഷാന്ത് ശര്‍മയുടെ റെക്കോഡും പഴങ്കഥയാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – വിക്കറ്റ് എന്നീ ക്രമത്തില്‍)

ഇഷാന്ത് ശര്‍മ – 51

ജസ്പ്രീത് ബുംറ – 47*

കപില്‍ ദേവ് – 43

മുഹമ്മദ് ഷമി – 42

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് ആദ്യ ഇന്നിങ്സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 199 പന്ത് നേരിട്ട താരം 104 റണ്‍സ് നേടി. ടെസ്റ്റ് ഫോര്‍മാറ്റില്‍ റൂട്ടിന്റെ 67ാം 50+ സ്‌കോറും 37ാം സെഞ്ച്വറിയുമാണിത്.

അര്‍ധ സെഞ്ച്വറി നേടിയ ബ്രൈഡന്‍ കാര്‍സിന്റെയും ജെയ്മി സ്മിത്തിന്റെയും ഇന്നിങ്സുകളും ആതിഥേയര്‍ക്ക് തുണയായി. കാര്‍സ് 83 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ സ്മിത് 56 പന്തില്‍ 51 റണ്‍സും നേടി. 44 റണ്‍സ് വീതം നേടിയ ബെന്‍ സ്റ്റോക്സിന്റെയും ഒലി പോപ്പിന്റെയും പ്രകടനവും ഒന്നാം ഇന്നിങ്സ് ടോട്ടലില്‍ നിര്‍ണായകമായി.

ഇന്ത്യയ്ക്കായി ബുംറയ്ക്ക് പുറമെ മുഹമ്മദ് സിറാജും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജയാണ് ശേഷിച്ച വിക്കറ്റെടുത്തത്.

ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ യശസ്വി ജെയ്സ്വാളിനെ നഷ്ടമായിരുന്നു. എട്ട് പന്തില്‍ 13 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. നാല് വര്‍ഷത്തിന് ശേഷം ടെസ്റ്റിലേക്ക് മടങ്ങിയെത്തിയ ജോഫ്രാ ആര്‍ച്ചറാണ് ഇന്ത്യയുടെ ആദ്യ രക്തം ചിന്തിയത്.

വണ്‍ ഡൗണായെത്തിയ കരുണ്‍ നായര്‍ 62 പന്ത് നേരിട്ട് 40 റണ്‍സും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 44 പന്തില്‍ 16 റണ്‍സുമായി പുറത്തായി. 113 പന്ത് നേരിട്ട് 53 റണ്‍സുമായി കെ.എല്‍. രാഹുലും 33 പന്തില്‍ 19 റണ്‍സുമായി റിഷബ് പന്തുമാണ് ക്രീസില്‍.

 

 

Content Highlight: ENG vs IND: 3rd Test: Jasprit Bumrah surpassed Kapil Dev in an elite list