| Thursday, 24th July 2025, 5:31 pm

'ഫ്രോഡ്' ടാഗിന് പിന്നാലെ അനില്‍ അംബാനിയുമായി ബന്ധപ്പെട്ട 50 സ്ഥാപനങ്ങളില്‍ റെയ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫ്രോഡായി പ്രഖ്യാപിച്ചതിന് പിന്നാലെ അനില്‍ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. യെസ് ബാങ്കില്‍ നിന്ന് ലഭിച്ച 3000 കോടി രൂപയുടെ വായ്പ അനില്‍ അംബാനി വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപിച്ചാണ് നടപടി.

അനിൽ അംബാനിയുമായി ബന്ധമുള്ള 50 സ്ഥാപനങ്ങളും 35ഓളം കമ്പനികളും 25 ആളുകളും റെയ്ഡിന് വിധേയമാണെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

അനില്‍ അംബാനി പ്രൊമോട്ടര്‍ ഡയറക്ടര്‍ ആയിരിക്കുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെയാണ് സ്റ്റേറ്റ് ബാങ്ക് ഫ്രോഡായി പ്രഖ്യാപിച്ചത്. വിഷയത്തില്‍ എസ്.ബി.ഐ നേരിട്ട് ഇടപെട്ടതുകൊണ്ട് തന്നെ അനില്‍ അംബാനി അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Also Read: അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെ ഫ്രോഡായി പ്രഖ്യാപിച്ച് എസ്.ബി.ഐ; അറസ്റ്റിനും സാധ്യത

നിലവില്‍ അനില്‍ അംബാനിയുടെ സ്വകാര്യ വസതിയില്‍ അടക്കം ഇ.ഡി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. എന്നാല്‍ വീട്ടിലെ സന്ദര്‍ശനം റെയ്ഡിന്റെ ഭാഗമല്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാഷണല്‍ ഹൗസിങ് ബാങ്ക്, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് അതോറിറ്റി (എന്‍.എഫ്.ആര്‍.എ), ബാങ്ക് ഓഫ് ബറോഡ അടക്കമുള്ള ഒന്നിലധികം റെഗുലേറ്ററി, ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) ഫയല്‍ ചെയ്ത രണ്ട് എഫ്.ഐ.ആറുകളുടെയും അടിസ്ഥാനത്തിലാണ് ഇ.ഡി റെയ്ഡ് തുടരുന്നത്.

2017 മുതല്‍ 2019 വരെ യെസ് ബാങ്കില്‍ നിന്ന് എടുത്ത 3,000 കോടി രൂപയുടെ വായ്പ
നിയമവിരുദ്ധമായി കൈമാറ്റം ചെയ്തുവെന്നാണ് ഇ.ഡിയുടെ ആരോപണം.

അതേസമയം വിവിധ ബാങ്കുകളില്‍ നിന്ന് ലഭിച്ച വായ്പാ തുക താനുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് വകമാറ്റി തിരിച്ചുവിട്ടുവെന്നാണ് സ്റ്റേറ്റ് ബാങ്ക് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെ സ്റ്റേറ്റ് ബാങ്ക് ഫ്രോഡായി പ്രഖ്യാപിച്ചത്.

2020 നവംബര്‍ പത്തിനും എസ്.ബി.ഐ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെ ഫ്രോഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2021 ജനുവരി അഞ്ചിന് റിലയസന്‍സ് കമ്മ്യൂണിക്കേഷന്‍സിനെതിരെ സ്റ്റേറ്റ് ബാങ്ക് സി.ബി.ഐയില്‍ പരാതിയും നല്‍കിയിരുന്നു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് പുറമെ മൊബൈല്‍ ടവര്‍ സ്ഥാപനമായ റിലയന്‍സ് ഇന്‍ഫ്രാടെല്‍ (ആര്‍.ഐ.ടി.എല്‍), ടെലികോം സേവന കമ്പനിയായ റിലയന്‍സ് ടെലികോം (ആര്‍.ടി.എല്‍), റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (ആര്‍.സി.ഐ.എല്‍), നെറ്റിസണ്‍, റിലയന്‍സ് വെബ്സ്റ്റോര്‍ (ആര്‍.ഡബ്ല്യു.എസ്.എല്‍) എന്നീ കമ്പനികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

Content Highlight: ED Raids on Anil Ambani-related entities

We use cookies to give you the best possible experience. Learn more