ആ ഇംഗ്ലണ്ട് സൂപ്പര്‍ താരം റിഷബ് പന്തിനെ പോലെ; വമ്പന്‍ താരതമ്യവുമായി പൂജാര
Sports News
ആ ഇംഗ്ലണ്ട് സൂപ്പര്‍ താരം റിഷബ് പന്തിനെ പോലെ; വമ്പന്‍ താരതമ്യവുമായി പൂജാര
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd June 2025, 3:41 pm

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്ലിയില്‍ തുടരുകയാണ്. ഈ പരമ്പരയില്‍ വിജയിക്കുന്ന ടീം പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫി ജേതാക്കളുമാകും.

മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 96 റണ്‍സിന് മുന്നിട്ട് നില്‍ക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ആറ് റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്.

സ്‌കോര്‍ (മൂന്നാം ദിവസം അവസാനിക്കുമ്പോള്‍)

ഇന്ത്യ: 471 & 90/2 (23.5)

ഇംഗ്ലണ്ട്: 465

ഒലി പോപ്പിന്റെ സെഞ്ച്വറിയും ഹാരി ബ്രൂക്കിന്റെ സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സുമാണ് ഇംഗ്ലണ്ടിന് തുണയായത്. പോപ്പ് 137 പന്തില്‍ 101 റണ്‍സും ഹാരി ബ്രൂക്ക് 112 പന്ത് നേരിട്ട് 99 റണ്‍സുമാണ് സ്വന്തമാക്കിയത്.

11 ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിങ്‌സ്. ഹാരി ബ്രൂക്ക് ക്രീസില്‍ തുടരുന്ന ഓരോ നിമിഷവും ആതിഥേയര്‍ ലീഡ് സ്വന്തമാക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പോലും കരുതിയിരുന്നത്. ടീം സ്‌കോര്‍ 398ല്‍ നില്‍ക്കവെ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ഷര്‍ദുല്‍ താക്കൂറിന്റെ കയ്യിലൊതുങ്ങിയാണ് അര്‍ഹിച്ച സെഞ്ച്വറിക്ക് ഒരു റണ്‍സലകലെ ബ്രൂക്ക് പോരാട്ടം അവസാനിപ്പിച്ചത്.

ഇപ്പോള്‍ ഹാരി ബ്രൂക്കിനെ കുറിച്ചും അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിയെ കുറിച്ചും സംസാരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരവും ഈ പരമ്പരയുടെ കമന്ററി പാനലിലെ അംഗവുമായ ചേതേശ്വര്‍ പൂജാര. ഹാരി ബ്രൂക്കിനെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനുമായ റിഷബ് പന്തിനോട് ഉപമിച്ചാണ് പൂജാര സംസാരിച്ചത്.

‘അവന്‍ റിഷബ് പന്തിനെ പോലെയാണ്. ഇരുവരും ബൗളര്‍മാരെ സമ്മദത്തിലേക്ക് തള്ളിയിടാന്‍ മിടുക്കരാണ്. ഇവര്‍ക്ക് വളരെ പെട്ടെന്ന് തന്നെ മത്സരത്തിന്റെ ഗതി മാറ്റിമറിക്കാന്‍ സാധിക്കും,’ പൂജാര പറഞ്ഞു.

ഇന്ത്യന്‍ ലെജന്‍ഡ് സുനില്‍ ഗവാസ്‌കറും ബ്രൂക്കിന്റെ പ്രകടനത്തെ കുറിച്ച് സംസാരിച്ചിരുന്നു.

‘ഇത്തവണ ബ്രൂക്കിന് സെഞ്ച്വറി നഷ്ടമായെങ്കിലും അവന്‍ തന്റെ കരിയര്‍ അവസാനിപ്പിക്കും മുമ്പ് ഇംഗ്ലണ്ടിനായി നിരവധി സെഞ്ച്വറികള്‍ സ്വന്തമാക്കും,’ ഗവാസ്‌കര്‍ പറഞ്ഞു.

 

അതേസമയം, മത്സരം മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 എന്ന നിലയിലാണ് ഇന്ത്യ. 11 പന്തില്‍ നാല് റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളിന്റെയും 48 പന്തില്‍ 30 റണ്‍സടിച്ച സായ് സുദര്‍ശന്റെയും വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

75 പന്തില്‍ 47 റണ്‍സുമായി കെ.എല്‍. രാഹുലും പത്ത് പന്ത് നേരിട്ട് ആറ് റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.

 

Content Highlight: END vs ENG: Cheteshwar Pujara praises Harry Brook