ബോളിവുഡില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമാണ് ഇമ്രാന്‍ ഹാഷ്മി. ബോളിവുഡും കടന്ന് ആരാധകരെ സൃഷ്ടിച്ച ഇമ്രാന്‍ ഹാഷ്മിക്ക് കഴിഞ്ഞ കുറച്ചുകാലങ്ങളായി ബോക്‌സ് ഓഫീസില്‍ അത്ര നല്ല സമയമല്ല. ബോക്‌സ് ഓഫീസില്‍ നല്ലൊരു ഹിറ്റ് ഇമ്രാന്‍ ഹാഷ്മിക്ക് സമ്മാനിക്കാന്‍ സാധിച്ചിട്ടില്ല. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഹഖ് എന്ന ചിത്രവും പരാജയത്തിലേക്ക് കുതിക്കുകയാണ്.
2011ല്‍ പുറത്തിറങ്ങിയ ദി ഡേര്‍ട്ടി പിക്ചറാണ് ഇമ്രാന്‍ ഹാഷ്മിയുടെ അവസാന ഹിറ്റ്. ഈ 14 വര്‍ഷത്തിനിടയില്‍ 20 സിനിമകളില്‍ ഇമ്രാന്‍ ഹാഷ്മി നായകനായി. അതില്‍ വെറും രണ്ട് ചിത്രങ്ങള്‍ ശരാശരി വിജയമായത് മാറ്റിനിര്‍ത്തിയാല്‍ ബാക്കി 18ഉം ഫ്‌ളോപ്പായിരുന്നു. 2012ല്‍ പുറത്തിറങ്ങിയ ജാനത് 2 മുതലാണ് ബോക്‌സ് ഓഫീസില്‍ ഇമ്രാന്റെ കഷ്ടകാലം ആരംഭിച്ചത്. ശരാശരി വിജയം മാത്രമാണ് ചിത്രത്തിന് സ്വന്തമാക്കാനായത്.
പിന്നാലെയെത്തിയ ഷന്‍ഘായ് ഫ്‌ളോപ്പായപ്പോള്‍ റാസ് 3 സെമി ഹിറ്റായി മാറി. റഷ്, ഏക് ഥീ ദായാന്‍, ഘന്‍ചാക്കാര്‍, രാജാ നട്‌വര്‍ലാല്‍, ഉംഗ്‌ലി, മിസ്റ്റര്‍ എക്‌സ്, ഹമാരി അധൂരി കഹാനി, അസ്ഹര്‍, റാസ് റീബൂട്ട്, ബാദ്ഷാഹോ, വൈ ചീറ്റ് ഇന്ത്യ, ദി ബോഡി, മുംബൈ സാഗാ, ചെഹ്‌രേ, ഗ്രൗണ്ട് സീറോ എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് തരിപ്പണമായി.
അക്ഷയ് കുമാറിനൊപ്പം ഒന്നിച്ച സെല്‍ഫീ ഇന്‍ഡസ്ട്രിയല്‍ ഡിസാസ്റ്ററായി മാറി. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായിരുന്നു സെല്‍ഫി. 150 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത് വെറും 23 കോടി മാത്രമായിരുന്നു. ഡ്രൈവിങ് ലൈസന്‍സിന്റെ കളക്ഷന്‍ പോലും മറികടക്കാന്‍ സെല്‍ഫിക്ക് സാധിച്ചില്ല.
നായകനായി മാത്രമല്ല, വില്ലനായും രണ്ട് ചിത്രങ്ങളില്‍ ഇമ്രാന്‍ ഹാഷ്മി വേഷമിട്ടു. സല്‍മാന്‍ ഖാന്‍ നായകനായ ടൈഗര്‍ 3യിലാണ് ആദ്യമായി വില്ലന്‍ വേഷം ചെയ്തത്. ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് തരിപ്പണമായി. എന്നാല്‍ പവന്‍ കല്യാണ്‍ നായകനായ ഓ.ജിയിലെ വില്ലന്‍ വേഷം ശ്രദ്ധിക്കപ്പെട്ടു. ഓമി എന്ന കഥാപാത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി.
ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഹഖും മറ്റ് സിനിമകള്‍ പോലെ പരാജയത്തിലേക്ക് കുതിക്കുകയാണ്. ഒരുകാലത്ത് ചോക്ലേറ്റ് ഹീറോയായി ഇന്‍ഡസ്ട്രിയെ ഞെട്ടിച്ച താരമാണ് ഇമ്രാന്‍ ഹാഷ്മി. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയിലും ഇമ്രാന്‍ ഹാഷ്മിയുടെ ഫാന്‍ ബേസിന് ഇളക്കം സംഭവിച്ചില്ലെന്നതിന്റെ തെളിവാണ് ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന സീരീസ്. ‘മൊത്തം ബോളിവുഡ് എടുത്തുതൂക്കിയാലും ഇമ്രാന്‍ ഹാഷ്മിയുടെ തട്ട് താണുതന്നെയിരിക്കും’ എന്ന ഡയലോഗ് സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു.
Content Highlight: Emraan Hashmi’s new movie Haq became flop