| Saturday, 22nd March 2025, 10:14 am

ലിയോയെ ട്രിപ്പിള്‍ മാര്‍ജിനില്‍, കല്‍ക്കിയെ ഡബിള്‍ മാര്‍ജിനില്‍... ബുക്ക്‌മൈഷോയില്‍ എമ്പുരാന്റെ സംഹാരതാണ്ഡവം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചപ്പോള്‍ മുതല്‍ ചരിത്രം സൃഷ്ടിക്കുകയാണ് ഇന്‍ഡസ്ട്രിയുടെ അഭിമാനചിത്രമായ എമ്പുരാന്‍. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ഇന്ത്യന്‍ ബുക്കിങ് ആരംഭിച്ചത്. ആദ്യമണിക്കൂറില്‍ തന്നെ 93,000 ടിക്കറ്റുകള്‍ വിറ്റാണ് എമ്പുരാന്‍ ആദ്യ റെക്കോഡ് സൃഷ്ടിച്ചത്. ഒരു ഇന്ത്യന്‍ സിനിമയുടെ ഏറ്റവും മികച്ച ബുക്കിങ് സ്റ്റാറ്റസാണിത്.

ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം മലയാളത്തിലെ ഏറ്റവുമുയര്‍ന്ന ഓപ്പണിങ് കളക്ഷന്‍ സ്വന്തമാക്കാനും എമ്പുരാന് സാധിച്ചു. മോഹന്‍ലാലിന്റെ തന്നെ ഒടിയനെയും മരക്കാറിനെയും തകര്‍ത്താണ് എമ്പുരാന്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇപ്പോഴിതാ 24 മണിക്കൂര്‍ ബുക്കിങ്ങില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റഴിച്ച സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാന്‍.

645.34k (6,45,000) ടിക്കറ്റുകളാണ് വിറ്റുപോയത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവുയര്‍ന്ന ബുക്കിങ് ഫിഗറാണിത്. തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പിലെത്തിയ ലിയോയെ ട്രിപ്പിള്‍ മാര്‍ജിനില്‍ തകര്‍ത്താണ് എമ്പുരാന്‍ ഈ നേട്ടത്തിലെത്തിയത്. 1,26,000 ടിക്കറ്റുകള്‍ മാത്രമായിരുന്നു ലിയോ ആദ്യദിനം ബുക്കിങ്ങിലൂടെ വിറ്റുപോയത്.

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ കല്‍ക്കി 2898 എ.ഡിയാണ് എമ്പുരാന്റെ പിന്നിലുള്ളത്. 3,30,000 ടിക്കറ്റുകള്‍ മാത്രമേ കല്‍ക്കിയുടേതായി ആദ്യദിന ബുക്കിങ്ങില്‍ വിറ്റഴിക്കപ്പെട്ടത്. കല്‍ക്കിയുടെ ഇരട്ടിയോളം ടിക്കറ്റുകള്‍ ഒരു മലയാളസിനിമ വിറ്റുപോയി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ (2,53,000), അല്ലു അര്‍ജുന്റെ പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പ 2 (2,19,000) എന്നിവയാണ് ലിസ്റ്റിലെ മറ്റ് ചിത്രങ്ങള്‍.

വേള്‍ഡ്‌വൈഡ് ബുക്കിങ്ങിലൂടെ ഇതുവരെ 20 കോടിക്കുമുകളില്‍ എമ്പുരാന്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇതേ രീതി തുടരുകയാണെങ്കില്‍ ആദ്യദിനം തന്നെ 50 കോടി കളക്ഷന്‍ സ്വന്തമാക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ഒപ്പം രണ്ട് വര്‍ഷം മുമ്പ് ലിയോ കേരളത്തില്‍ നിന്ന് നേടിയ ആദ്യദിന കളക്ഷനായ 12 കോടിയും എമ്പുരാന്‍ തകര്‍ക്കുമെന്ന് ഉറപ്പാണ്.

ഇന്‍ഡസ്ട്രിയിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിനും വന്‍ വരവേല്പാണ് ലഭിച്ചത്. ആദ്യഭാഗത്തെക്കാള്‍ വലിയ ലോകമാണ് എമ്പുരാന്‍ പ്രേക്ഷകര്‍ക്കായി തുറന്നിടുന്നത്. ആറ് രാജ്യങ്ങളിലായി 150 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു ചിത്രത്തിന്റേത്. ഐമാക്‌സ് ഫോര്‍മാറ്റിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

Content Highlight: Empuraan sold more than six lakh in first day booking beaten Kalki and Leo

We use cookies to give you the best possible experience. Learn more