| Thursday, 6th March 2025, 3:22 pm

മരക്കാറിന് ശേഷം മൂന്ന് മണിക്കൂര്‍ ചിത്രവുമായി മോഹന്‍ലാല്‍, സെന്‍സറിങ് പൂര്‍ത്തിയാക്കി എമ്പുരാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ച്ചയായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ഖുറേഷി അബ്രാം ശരിക്കും ആരാണെന്നും അയാളുടെ ലോകം എത്രമാത്രം വലുതാണെന്നും അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യഭാഗത്തെക്കാള്‍ വലിയ ക്യാന്‍വാസിലും ലോകത്തിലുമാണ് എമ്പുരാന്‍ കഥ പറയുന്നത്.

ചിത്രത്തിന്റേതായി പുറത്തുവന്ന ഓരോ അപ്‌ഡേറ്റും ക്വാളിറ്റിയുള്ളതും പ്രതീക്ഷ ഉയര്‍ത്തുന്നതുമായിരുന്നു. എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് പുറത്തുവന്ന ക്യാരക്ടര്‍ റിവീലിങ് വീഡിയോക്കും വന്‍ വരവേല്പാണ് ലഭിച്ചത്. ഗെയിം ഓഫ് ത്രോണ്‍സ് സീരീസിലെ ജെറോം ഫ്‌ളിന്‍ അടക്കം വന്‍ താരനിര എമ്പുരാനില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായിരിക്കുകയാണ്. യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് എമ്പുരാന് നല്‍കിയിരിക്കുന്നത്. മൂന്ന് മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കോമ്പോയില്‍ പുറത്തിറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ദൈര്‍ഘ്യവും മൂന്ന് മണിക്കൂറിന് മുകളിലുണ്ടായിരുന്നു.

എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫറിനും മൂന്ന് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുണ്ടായിരുന്നു. ഖുറേഷി എബ്രാമിന്റെ ലോകവും സയേദ് മസൂദിന്റെ പൂര്‍വകാല ചരിത്രവും കേരളത്തിലേക്കുള്ള സ്റ്റീഫന്റെ മടങ്ങിവരവും കൂടിച്ചേര്‍ന്ന് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാം എമ്പുരാനിലുണ്ടാകുമെന്നാണ് കരുതുന്നത്. കേരളത്തിലെ കിങ് സൈസ് തിയേറ്ററുകളില്‍ പലതും എമ്പുരാനെ വരവേല്ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

അടുത്തയാഴ്ചയോടെ എമ്പുരാന്റെ ഓണ്‍ലൈന്‍ പ്രൊമോഷനും അടുത്ത ദിവസങ്ങളില്‍ തന്നെ ട്രെയ്‌ലര്‍ ലോഞ്ചും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജമൗലി- മഹേഷ് ബാബു കോമ്പോയുടെ എസ്.എസ്.എം.ബി 29ന്റെ സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് പൃഥ്വിരാജ്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഷെഡ്യൂളിന് ശേഷമാകും പൃഥ്വി എമ്പുരാന്റെ പ്രൊമോഷന് വേണ്ടി ഇറങ്ങുക.

ആറ് രാജ്യങ്ങളിലായി 150 ദിവസത്തിലധികം നീണ്ടുനിന്ന ഷൂട്ടായിരുന്നു എമ്പുരാന്റേത്. ആദ്യഭാഗത്തിലെ പല കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ ചില കഥാപാത്രങ്ങളും എമ്പുരാനിലുണ്ട്. മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ക്ക് പുറമെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, അഭിമന്യു സിങ്, കിഷോര്‍ കുമാര്‍, മണിക്കുട്ടന്‍ തുടങ്ങിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Content Highlight: Empuraan movie completes its censoring with three hour duration

We use cookies to give you the best possible experience. Learn more