| Saturday, 15th March 2025, 3:26 pm

ഒരു ഏരിയ പോലും വിടാന്‍ ഉദ്ദേശമില്ല, കേരളം ലോക്ക് ചെയ്ത് എമ്പുരാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം ഇന്‍ഡസ്ട്രി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. റിലീസിന് രണ്ട് മാസം മുമ്പേ ആരംഭിച്ച ഓണ്‍ലൈന്‍ പ്രൊമോഷന്‍ എമ്പുരാന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരുന്നു. എന്നാല്‍ റിലീസ് തിയതിക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ആശീര്‍വാദും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ലെക്കക്ക് പകരം ഗോകുലം മൂവീസും ചിത്രത്തില്‍ നിര്‍മാണ പങ്കാളിയായെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കേരളക്കരയിലെ ഏറ്റവും വലിയ റിലീസിനാണ് ഇനി എമ്പുരാന്‍ ലക്ഷ്യം വെക്കുന്നതെന്നാണ് റൂമറുകള്‍. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തും. പല തിയേറ്ററുകളുമായും എഗ്രിമെന്റ് ഒപ്പിട്ടു കഴിഞ്ഞെന്നാണ് വിവരം.

ഈദ് റിലീസിന് തൊട്ടുപിന്നാലെ വിഷു റിലീസായും പല ചിത്രങ്ങളും എത്തുന്നതിനാല്‍ തിയേറ്ററുകളുമായി വ്യക്തമായ കരാര്‍ ആശീര്‍വാദ് തിയേറ്ററുകള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്യുന്ന എല്ലാ സെന്ററുകളിലും ഒരാഴ്ച നിര്‍ബന്ധമായും എമ്പുരാന്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് കാരറിലെ പ്രധാന ആവശ്യം.

പിന്നീടുള്ള ഒരാഴ്ച പ്രൈം ടൈം ഷോയായും എമ്പുരാന്‍ പ്രദര്‍ശിപ്പിക്കണമെന്നും കരാറില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പോസിറ്റീവ് റിപ്പോര്‍ട്ടാണ് ലഭിക്കുന്നതെങ്കില്‍ കേരളത്തില്‍ നിന്ന് ഒരു മലയാളസിനിമക്ക് ലഭിക്കാവുന്ന എറ്റവുമുയര്‍ന്ന കളക്ഷന്‍ ഇതിലൂടെ എമ്പുരാന്‍ സ്വന്തമാക്കിയേക്കും. 2023ല്‍ വിജയ് ചിത്രം ലിയോ നേടിയ ഫസ്റ്റ് ഡേ കളക്ഷന്‍ റെക്കോഡ് എമ്പുരാന് തകര്‍ക്കാന്‍ സാധിക്കുമോ എന്നും ചിലര്‍ ചിന്തിക്കുന്നുണ്ട്.

കേരളത്തില്‍ ചിത്രത്തിന്റെ ആദ്യ ഷോ എപ്പോള്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. പുലര്‍ച്ചെ നാല് മണി മുതല്‍ ഷോ ആരംഭിക്കുമെന്ന് ആദ്യം കേട്ടിരുന്നെങ്കിലും ഇതേക്കുറിച്ച് വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല. രാവിലെ ഒമ്പത് മണിക്ക് മാത്രമേ ആദ്യ ഷോ ഉണ്ടാകുള്ളൂ എന്നും കേള്‍ക്കുന്നുണ്ട്. ആദ്യദിനം എല്ലാ സെന്ററുകളിലും അഞ്ച് പ്രദര്‍ശനമുണ്ടെങ്കില്‍ മാത്രമേ ലിയോയുടെ ഫസ്റ്റ് ഡേ കളക്ഷന്‍ എമ്പുരാന് തകര്‍ക്കാന്‍ സാധിക്കുള്ളൂ.

കേരളത്തില്‍ എമ്പുരാനുമായി ഒരു ചിത്രവും ക്ലാഷ് റിലീസില്ലെങ്കിലും കേരളത്തിന് പുറത്ത് കാര്യങ്ങള്‍ എളുപ്പമാകില്ല. വിക്രം നായകനായ വീര ധീര സൂരന്‍ തമിഴ്‌നാട്ടിലും സല്‍മാന്‍ ഖാന്റെ ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം സിക്കന്ദര്‍ ഹിന്ദി ബെല്‍റ്റിലും മാഡ് സ്‌ക്വയര്‍ തെലുങ്കിലും വന്‍ റിലീസിന് തയാറെടുക്കുന്നുണ്ട്. എന്നിരുന്നാലും പാന്‍ ഇന്ത്യനായി അണിയിച്ചൊരുക്കിയ എമ്പുരാന്‍ മികച്ച പ്രകടനം ബോക്‌സ് ഓഫീസില്‍ കാഴ്ച വെക്കുമെന്നാണ് കരുതുന്നത്.

Content Highlight: Empuraan going to release in 90 percent of screens in Kerala

We use cookies to give you the best possible experience. Learn more